Cricket

രോഹിതും കോഹ്‌ലിയുമൊന്നും അവന്റെ മുമ്പില്‍ നില്‍ക്കാന്‍ പോലും യോഗ്യരല്ല!! അവനാണ് ഏറ്റവും മികച്ചവനെന്ന് ഹര്‍ഭജന്‍ സിംഗ്

ഐപിഎല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ഏഴു വിക്കറ്റിന് തോല്‍പ്പിച്ചിരുന്നു. സീസണില്‍ മുംബൈയുടെ നാലാമത്തെ മാത്രം വിജയമായിരുന്നു ഇത്.

മുംബൈയുടെ തട്ടകമായ വാങ്കഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ മുംബൈ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ മുംബൈ 17.2 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു.

സൂര്യകുമാര്‍ യാദവിന്റെ തകര്‍പ്പന്‍ സെഞ്ചുറിയാണ് ചേസിംഗില്‍ മുംബൈയ്ക്ക് കരുത്തായത്. 51 പന്തില്‍ പുറത്താവാതെ 102 റണ്‍സാണ് സൂര്യ നേടിയത്.

12 ഫോറുകളും ആറ് സിക്‌സുകളും ആ ഇന്നിംഗ്‌സിന് ചാരുത പകര്‍ന്നു. ഈ തകര്‍പ്പന്‍ പ്രകടനത്തിനു പിന്നാലെ സൂര്യകുമാര്‍ യാദവിനെ പ്രശംസിച്ചുകൊണ്ട് മുന്നോട്ട് വന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗ്.

‘രാത്രിയില്‍ പ്രകാശിച്ചുനില്‍ക്കുന്ന സൂര്യനാണ് അവന്‍. കളിക്കളത്തില്‍ അവന്‍ എല്ലായിടത്തും ഷോട്ടുകള്‍ പായിക്കും അതുകൊണ്ട് അവനെതിരെ പന്തെറിയാന്‍ ബൗളര്‍മാര്‍ ബുദ്ധിമുട്ടും.

വിരാട് കോഹ്ലിയും രോഹിത് ശര്‍മയും ഒന്നും സൂര്യയുടെ മുന്നില്‍ ഒന്നുമല്ല. ട്വന്റി20യില്‍ ഏറ്റവും മികച്ച താരമാണ് അവന്‍. ഞാന്‍ സൂര്യകുമാറിനെതിരെ ബൗള്‍ ചെയ്യാന്‍ പോവുകയാണെകില്‍ എറിയുന്നതിന് മുമ്പ് മൂന്ന് തവണ ഞാന്‍ ആലോചിക്കും. ഹര്‍ഭജന്‍ പറഞ്ഞു.

നിലവില്‍ 12 മല്‍സരങ്ങളില്‍ നിന്നും നാല് ജയവും എട്ട് തോല്‍വിയും അടക്കം എട്ട് പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ് മുംബൈ. മെയ് 11ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയായാണ് മുംബൈയുടെ അടുത്ത മത്സരം. കൊല്‍ക്കത്തയുടെ തട്ടകമായ ഈഡന്‍ ഗാര്‍ഡനിലാണ് മത്സരം നടക്കുക. ടൂര്‍ണമെന്റില്‍ മുംബൈയുടെ പ്രതീക്ഷകള്‍ ഇതിനോടകം അവസാനിച്ചു കഴിഞ്ഞു.

Related Articles

Back to top button