Cricket

ഹാര്‍ദിക്കിനെ ടീമിലെടുക്കാതിരിക്കാന്‍ രോഹിതും അഗാര്‍ക്കറും പരമാവധി ശ്രമിച്ചു!! ഒടുവില്‍ സമ്മര്‍ദത്തിനു വഴങ്ങേണ്ടി വന്നു

ഹാര്‍ദിക് പാണ്ഡ്യയെ ഇന്ത്യയുടെ ട്വന്റി20 ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തുന്നതിനെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കറും എതിര്‍ത്തിരുന്നതായി റിപ്പോര്‍ട്ട്.

ഒരു ഹിന്ദി ദേശീയ മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഒടുവില്‍ ബാഹ്യസമ്മര്‍ദത്തെ തുടര്‍ന്നാണ് ഹാര്‍ദിക് ലോകകപ്പ് ടീമിലെത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റനായി അവരോധിക്കപ്പെട്ട ഹാര്‍ദിക് പാണ്ഡ്യ തികച്ചും മോശം പ്രകടനമാണ് പുറത്തെടുത്തത്.

അഞ്ചു തവണ ചാമ്പ്യന്‍മാരായ മുംബൈ ഇത്തവണ പ്ലേ ഓഫ് കാണാതെ പുറത്താകുന്ന ആദ്യ ടീമാകുകയും ചെയ്തു. എന്നിട്ടും ഹാര്‍ദിക്കിനെ ലോകകപ്പ് ടീമിലെടുക്കുകയും വൈസ് ക്യാപ്റ്റന്‍ സ്ഥാനം നല്‍കുകയും ചെയ്യുകയായിരുന്നു.

എന്നാല്‍ താരത്തെ ടീമിലെടുക്കുന്നതില്‍ രോഹിത്തിനും അഗാര്‍ക്കറിനും താത്പര്യമില്ലായിരുന്നുവെന്ന കാര്യമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ഇതോടൊപ്പം ട്വന്റി20 ലോകകപ്പിനു ശേഷം രോഹിത് ശര്‍മ വിരമിച്ചേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തന്റെ ശക്തമായ എതിര്‍പ്പ് മറികടന്ന് ഹാര്‍ദിക്കിനെ ടീമിലെടുത്തത് രോഹിതിന് ഇതുവരെ അംഗീകരിക്കാനായിട്ടില്ല.

രോഹിതിനു ശേഷം ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നയാളാണ് ഹാര്‍ദിക്. ഇതോടെ ബോര്‍ഡിന്റെ സമ്മര്‍ദ്ദമാണ് താരത്തെ ലോകകപ്പ് ടീമിലെത്തിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സീസണില്‍ രോഹിതിനെ മാറ്റി ഹാര്‍ദിക്കിനെ ക്യാപ്റ്റനാക്കിയതു മുതല്‍ പ്രശ്‌നങ്ങള്‍ ആരംഭിച്ചതാണ്. മുംബൈ ഇന്ത്യന്‍സ് ടീമംഗങ്ങള്‍ ചേരിതിരിഞ്ഞ് ഡ്രസിംഗ് റൂമില്‍ വാക്കേറ്റത്തിലേര്‍പ്പെടുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.

യുവതാരം തിലക് വര്‍മയെ അനാവശ്യമായി ശാസിച്ചതിന്റെ പേരില്‍ രോഹിതും സൂര്യകുമാര്‍ യാദവും ജസ്പ്രീത് ബുംറയും അടക്കമുള്ള താരങ്ങള്‍ ടീം മാനേജ്‌മെന്റിനോട് പരാതിപ്പെട്ടതായും വിവരമുണ്ടായിരുന്നു.

Related Articles

Back to top button