Cricket

ലോകകപ്പില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പറാവേണ്ടത് സഞ്ജുവല്ല പന്തെന്ന് യുവരാജ് സിംഗ്!! ഇതിനു കാരണമായി പറയുന്നത്…

അടുത്തമാസം ആരംഭിക്കുന്ന ട്വന്റി20 ലോകകപ്പില്‍ വിക്കറ്റ് കീപ്പറായി പ്ലേയിംഗ് ഇലവനില്‍ ഇടംപിടിക്കേണ്ട താരം റിഷഭ് പന്താണെന്ന് മുന്‍ താരം യുവ്‌രാജ് സിംഗ്.

റിഷഭ് പന്തും സഞ്ജു സാംസണുമാണ് ലോകകപ്പ് ടീമിലെ വിക്കറ്റ് കീപ്പര്‍മാര്‍. ഐപിഎല്ലില്‍ പന്തിനെക്കാള്‍ മികച്ച പ്രകടനം നടത്തുന്നതും നിലവില്‍ ഫോമിലുള്ളതും സഞ്ജുവാണെങ്കിലും ലോകകപ്പില്‍ സഞ്ജുവിനെക്കാള്‍ ടീമില്‍ പ്രാധാന്യം നല്‍കേണ്ടത് റിഷഭ് പന്തിനാണെന്നാണ് യുവരാജ് സിംഗ് പറയുന്നത്.

റിഷഭ് പന്തിനെയാണ് വിക്കറ്റ് കീപ്പര്‍ ബാറ്ററായി പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കേണ്ടത്. ഇടംകൈയന്‍ ബാറ്ററായതിനാല്‍ എതിരാളികള്‍ക്ക് കൂടുതല്‍ വെല്ലുവിളി നല്‍കാന്‍ റിഷഭ് പന്തിന് കഴിയും.

ഒറ്റയ്ക്ക് മത്സരങ്ങള്‍ ജയിപ്പിക്കാനുള്ള കഴിവും റിഷഭ് പന്തിനെ വേറിട്ട് നിര്‍ത്തുന്നു. ടെസ്റ്റ് മത്സരങ്ങളിലാണ് പന്ത് ഇന്ത്യക്ക് കൂടുതല്‍ വിജയങ്ങള്‍ സമ്മാനിച്ചിട്ടുള്ളതെങ്കിലും ലോകകപ്പ് പോലെയുള്ള വലിയ വേദികളിലും പന്തിന് അതിന് കഴിയുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. യുവി പറയുന്നു.

ലോകകപ്പില്‍ ഇന്ത്യയുടെ തുറുപ്പ് ചീട്ട് സൂര്യകുമാര്‍ യാദവായിരിക്കുമെന്നും യുവി പറഞ്ഞു.

സൂര്യകുമാറിന് 15 പന്തുകളില്‍ മത്സരത്തിന്റെ ഗതി തന്നെ മാറ്റിമറിക്കാന്‍ കഴിയും. ഇന്ത്യ ലോകകപ്പ് ജയിക്കണമെങ്കില്‍ സൂര്യയുടെ പ്രകടനം അതില്‍ നിര്‍ണായകമാണ്.

സൂര്യയെപ്പോലെതന്നെ ബൗളിംഗില്‍ നിര്‍ണായകമാകുന്ന താരമാണ് ജസ്പ്രീത് ബുമ്ര. അതുപോലെ ലെഗ് സ്പിന്നറായ യുസ്വേന്ദ്ര ചാഹലിനും പ്രധാന റോള്‍ വഹിക്കാനുണ്ട്. എന്നിരുന്നാലും സൂര്യ തന്നെയാവും ഏറ്റവും പ്രധാനപ്പെട്ടത് എന്നും ഐസിസി പ്രതിമാസ അവലോകനത്തില്‍ യുവി വ്യക്തമാക്കി.

ജൂണ്‍ രണ്ടിനാണ് ലോകകപ്പ് തുടങ്ങുന്നത്. വെസ്റ്റ് ഇന്‍ഡീസിലും യുഎസ്എയിലുമായാണ് മത്സരങ്ങള്‍ നടക്കുക.
അഞ്ചിന് അയര്‍ലന്‍ഡിനെതിരെ ആണ് ഇന്ത്യയുടെ ആദ്യ മത്സരം.

ഒമ്പതിനാണ് ആരാധകര്‍ ആവേശപൂര്‍വം കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടം. 12ന് ആതിഥേയരായ അമേരിക്കയെയും 15ന് കാനഡയെയും നേരിടും.

ലോകകപ്പിനായി ഇന്ത്യന്‍ ടീം രണ്ട് സംഘമായിട്ടായിരിക്കും അമേരിക്കയിലെത്തുക. ഈമാസം 25ന് ആദ്യ സംഘം അമേരിക്കയിലേക്ക് പുറപ്പെടും. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനും രാജസ്ഥാന്‍ റോയല്‍സിനുമായി കളിക്കുന്ന താരങ്ങള്‍ പിന്നീടാവും പുറപ്പെടുക.

Related Articles

Back to top button