CricketIPL

റിങ്കുവിന്റെ ലോകകപ്പ് ‘അവതാളം’ ശ്രേയസിന്റെ പരീക്ഷണം? അസ്ഥിരപ്പെടുത്തി പുറത്താക്കി!

റിങ്കുവിന് സ്ഥിരമായ പൊസിഷന്‍ നല്‍കാതെ വട്ടംകറക്കി

ജൂണില്‍ നടക്കുന്ന ട്വന്റി-20 ലോകകപ്പിലേക്ക് ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചപ്പോള്‍ ഏവരും സഞ്ജു സാംസണിനൊപ്പം മറ്റൊരു താരത്തിന്റെ കൂടി സാന്നിധ്യം പ്രതീക്ഷിച്ചിരുന്നു. ഒന്നുമില്ലായ്മയില്‍ നിന്ന് വളര്‍ന്നുവന്ന റിങ്കുസിംഗ് ആയിരുന്നു ആ താരം. എന്നാല്‍ ഐപിഎല്ലിലെ മോശം ഫോം റിങ്കുവിന് 15 ടീമിലെ സ്ഥാനം കൈവിട്ടുപോകാന്‍ കാരണമായി.

സമീപകാലത്ത് ഇന്ത്യയ്ക്കായും കഴിഞ്ഞ ഐപിഎല്ലിലും തകര്‍ത്തു കളിച്ച റിങ്കുവിന് പെട്ടെന്ന് എന്താണ് സംഭവിച്ചത്. ഇത്തവണത്തെ ഐപിഎല്ലില്‍ കൊല്‍ക്കത്തയ്ക്കായി ഒരു അര്‍ധസെഞ്ചുറി പോലും ഇതുവരെ നേടാന്‍ ഈ ഇടംകൈയന്‍ ബാറ്റര്‍ക്കായിട്ടില്ല.

ഡെല്‍ഹി ക്യാപിറ്റല്‍സിനെതിരേ നേടിയ 26 റണ്‍സാണ് ഈ വെടിക്കെട്ടുകാരന്റെ ഉയര്‍ന്ന സ്‌കോര്‍. ഫോമിന്റെ അത്യുന്നതിയില്‍ നിന്ന് പെട്ടെന്ന് താഴേക്ക് പതിക്കാന്‍ എന്താകും കാരണം. അതോ ഐപിഎല്ലില്‍ സാധാരണ കാണുംപോലെ ഒറ്റസീസണ്‍ വണ്ടര്‍ ആയിരുന്നോ റിങ്കുവും.

എന്നാല്‍ മറ്റൊരു കാര്യം പരിഗണിക്കാതെ ഇരുന്നുകൂടാ. അത് കൊല്‍ക്കത്തയില്‍ റിങ്കുവിന്റെ ബാറ്റിംഗ് പൊസിഷന്റെ കാര്യത്തിലാണ്. തുടര്‍ച്ചയായി ഒരേ പൊസിഷനില്‍ ഒരിക്കലും കളത്തിലിറങ്ങാന്‍ റിങ്കുവിന് സാധിച്ചിട്ടില്ല. ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ പരീക്ഷണം റിങ്കുവിന്റെ ഫോമിനെ ബാധിച്ചെന്ന് പറയേണ്ടിവരും.

സ്‌പോര്‍ട്‌സ്‌ക്യൂവിന്റെ ടെലിഗ്രാ ചാനല്‍ ഫോളോ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ!

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മല്‍സരത്തില്‍ ഏഴാമനായിട്ടായിരുന്നു താരത്തിന്റെ വരവ്. അന്ന് 15 പന്തില്‍ 23 റണ്‍സെടുക്കാനും റിങ്കുവിന് സാധിച്ചിരുന്നു. എന്നാല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലുരുവിനെതിരായ അടുത്ത മല്‍സരത്തില്‍ അഞ്ചാമനാക്കി പ്രമോഷന്‍ നല്‍കി.

ഡെല്‍ഹി ക്യാപിറ്റല്‍സിനെതിരേ റിങ്കുവിന്റെ ഈ സീസണിലെ ഉയര്‍ന്ന സ്‌കോര്‍ പിറന്ന മല്‍സരത്തില്‍ ബാറ്റിംഗ് ഓര്‍ഡറില്‍ ആറാംസ്ഥാനത്താണ് ക്യാപ്റ്റനും കോച്ചും നിയോഗിച്ചത്. ചെന്നൈ സൂപ്പര്‍കിംഗ്‌സിനോട് 9 റണ്‍സിന് പുറത്തായപ്പോള്‍ ബാറ്റിംഗ് ഓര്‍ഡറില്‍ വാലറ്റത്തെ ഏഴിലെത്തി. അടുത്ത മല്‍സരത്തില്‍ സഞ്ജുവിന്റെ രാജസ്ഥാനെതിരേ വീണ്ടും പൊസിഷന്‍ മാറ്റപ്പെട്ടു.

ഇങ്ങനെ നിരന്തരം പൊസിഷനുകളില്‍ സ്ഥിരമായി ഇറക്കാതെ ക്യാപ്റ്റന് തോന്നുന്ന സ്ഥാനങ്ങളിലാണ് റിങ്കുവിന് അവസരം കൊടുത്തിരുന്നത്. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച് ടീമിനെ രക്ഷിച്ചിരുന്ന റിങ്കുവിന്റെ നിഴല്‍ മാത്രമാണ് ഇത്തവണ ഐപിഎല്ലില്‍ കണ്ടത്.

അവസാനം രാജ്യത്തിനായി കളിച്ച മല്‍സരങ്ങളിലെല്ലാം ഭേദപ്പെട്ട കളി പുറത്തെടുത്തിട്ടും അപ്രതീക്ഷിതമായി ലോകകപ്പില്‍ നിന്ന് പുറത്തുപോകേണ്ടി വന്നത് റിങ്കുവിനും ഷോക്കായി മാറി. റിങ്കുവിലെ ഫിനിഷറെ ഇന്ത്യയ്ക്ക് ഇത്തവണ മിസ് ചെയ്താല്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനും അതിലൊരു പങ്കുണ്ടെന്നതാണ് സത്യം.

Related Articles

Back to top button