Cricket

യാതൊരു സംഭാവനയും നല്‍കാതെ മൂന്നു വിജയങ്ങളില്‍ പങ്കാളിയായി ജഡേജ!! എന്തിന് കളിപ്പിക്കുന്നുവെന്ന് ആരാധകര്‍

ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ തിരഞ്ഞെടുക്കുമ്പോള്‍ നാലു സ്പിന്നര്‍മാരെ ഉള്‍പ്പെടുത്തിയതിനെ പലരും ചോദ്യം ചെയ്തിരുന്നു.

റിങ്കു സിംഗിനെപ്പോലെയുള്ള ഒരു ബാറ്റര്‍ക്ക് ടീമില്‍ ഇടം കിട്ടാത്ത സാഹചര്യത്തിലായിരുന്നു ഇത്. ഏതെങ്കിലും ഒരു സ്പിന്നറെ ഒഴിവാക്കി ഒരു സ്‌പെഷ്യലിസ്റ്റ് ബാറ്ററെ ഉള്‍പ്പെടുത്തണമെന്നായിരുന്നു മുന്‍താരങ്ങളടക്കം മിക്കവരുടെയും ആവശ്യം.

സ്പിന്‍ ഓള്‍റൗണ്ടര്‍മാരായി രവീന്ദ്ര ജഡേജയും അക്ഷര്‍ പട്ടേലും ടീമില്‍ ഇടംപിടിച്ചപ്പോള്‍ സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍മാരായി യുസ്വേന്ദ്ര ചഹലും കുല്‍ദീപ് യാദവും എത്തി.

എന്നാല്‍ സ്പിന്നര്‍ എന്ന നിലയില്‍ ട്വന്റി20യില്‍ ഏറ്റവും മികച്ച റെക്കോഡുള്ള താരമായ കുല്‍ദീപ് യാദവിന് ഇതുവരെ ഒരു മത്സരം കൡക്കാന്‍ പോലും അവസരമുണ്ടായില്ല.

ട്വന്റി20 ലോകകപ്പില്‍ ഇതുവരെ നടന്ന ഇന്ത്യയുടെ മൂന്നു മത്സരങ്ങളിലും കളിച്ചത് സ്പിന്‍ ഓള്‍റൗണ്ട് ദ്വയമായ അക്ഷര്‍പട്ടേലും രവീന്ദ്ര ജഡേജയുമാണ്.

അക്ഷര്‍ പട്ടേല്‍ ബാറ്റു കൊണ്ടും പന്തു കൊണ്ടും തരക്കേടില്ലാത്ത പ്രകടനം നടത്തുന്നുണ്ടെങ്കിലും രവീന്ദ്ര ജഡേജയ്ക്ക് ലോകകപ്പില്‍ ഇതുവരെ യാതൊരു ഇംപാക്ടും ഉണ്ടാക്കാനായില്ല.

മൂന്നു കളിയിലും കളിച്ചെങ്കിലും പാക്കിസ്ഥാനെതിരേ നടന്ന മത്സരത്തില്‍ മാത്രമാണ് താരത്തിന് ബാറ്റിംഗിന് അവസരം ലഭിച്ചത്. എന്നാല്‍ ഗോള്‍ഡന്‍ ഡക്കായി ജഡേജ പുറത്താവുകയായിരുന്നു.

അയര്‍ലന്‍ഡിനെതിരേ ഒരോവറും പാക്കിസ്ഥാനെതിരേ രണ്ടോവറും മാത്രമാണെറിഞ്ഞത്. രണ്ടു മത്സരങ്ങളിലും കാര്യമായ റണ്‍സ് വഴങ്ങിയില്ലെങ്കിലും വിക്കറ്റ് നേടാനായില്ല. യുഎസ്എയ്‌ക്കെതിരേയാ മത്സരത്തില്‍ താരത്തെക്കൊണ്ട് രോഹിത് ശര്‍മ ഒരോവര്‍ പോലും എറിയിച്ചില്ലെന്നത് ശ്രദ്ധേയമാണ്. ബാറ്റിംഗിന് ഇറങ്ങേണ്ടിയും വന്നില്ല.

ടൂര്‍ണമെന്റില്‍ ഇതുവരെ ഒരു റണ്‍സോ ഒരു വിക്കറ്റോ എന്തിന് ഒരു ക്യാച്ചു പോലും ഇല്ലാതെയാണ് ജഡേജ മൂന്നു വിജയങ്ങളുടെ ഭാഗമായിരിക്കുന്നതെന്നതാണ് കൗതുകം.

Related Articles

Back to top button