Cricket

ബൗണ്ടറികളുടെ ദൂരം കുറവായത് ബാറ്റര്‍മാരെ അമിതമായി സഹായിക്കുന്നു!! ദൂരം കൂട്ടണമെന്ന് ഇന്ത്യന്‍ താരം

ഇത്തവണത്തെ ഐപിഎല്ലില്‍ മുമ്പെങ്ങുമില്ലാത്ത റണ്‍മഴയാണ് പെയ്തത്. 250നു മുകളില്‍ നിരവധി തവണ സ്‌കോര്‍ പിറന്നു.

ബൗണ്ടറികളുടെ ദൂരം കുറവായതും പിച്ച് ബാറ്റിംഗിന് അനുകൂലമായി തയ്യാറാക്കിയതുമാണ് ഇതിനു കാരണമെന്നാണ് വിലയിരുത്തല്‍.

അടുത്ത മാസം വെസ്റ്റ് ഇന്‍ഡീസിലും യുഎസ്എയിലുമായി നടക്കുന്ന ട്വന്റി20 ലോകകപ്പിലും സ്ഥിതി വ്യത്യസ്ഥമല്ലെന്നാണ് വിലയിരുത്തല്‍.

ഈ അവസരത്തില്‍ ക്രിക്കറ്റ് സ്റ്റേഡിയങ്ങളില്‍ ബൗണ്ടറികളുടെ ദൂരം വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം രവിചന്ദ്രന്‍ അശ്വിന്‍.

പവര്‍ഹിറ്റര്‍മാരായ ബാറ്റര്‍മാരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ബൗണ്ടറികള്‍ ചെറുതാണെന്നാണ് അശ്വിന്‍ പറയുന്നത്.

ക്രിക്കറ്റ് എന്നത് ബാറ്റര്‍മാര്‍ക്കു മാത്രം അനുകൂലമാകാതിരിക്കാന്‍ മാറ്റങ്ങള്‍ കൊണ്ടുവരണമെന്നും ഇന്ത്യന്‍ സ്പിന്നര്‍ പ്രതികരിച്ചു. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ താരമാണ് അശ്വിന്‍.

”പവര്‍ഹിറ്റര്‍മാരായ ബാറ്റര്‍മാരുടെ എണ്ണം വര്‍ധിക്കുന്നതോടെ ക്രിക്കറ്റ് ഗ്രൗണ്ടുകളുടെ വിസ്തൃതി ചര്‍ച്ചയാകുകയാണ്. പതിറ്റാണ്ടുകള്‍ക്കു മുന്‍പു നിശ്ചയിച്ച സ്റ്റേഡിയങ്ങളുടെ വലുപ്പം ആധുനിക കാലത്തെ ക്രിക്കറ്റിന് ഒട്ടും അനുയോജ്യമല്ല.

മത്സര നിയമങ്ങളില്‍ ബാറ്റര്‍മാര്‍ക്ക് അനുകൂലമായ ഒട്ടേറെ ഭേദഗതികള്‍ വന്നിട്ടുണ്ട്. സ്റ്റേഡിയങ്ങളില്‍ എല്‍ഇഡി ഡിസ്‌പ്ലേ ബോര്‍ഡുകള്‍ വന്നതോടെ ബൗണ്ടറികളിലേക്കുള്ള ദൂരം വീണ്ടും കുറഞ്ഞു.” അശ്വിന്‍ വ്യക്തമാക്കി.

ബൗണ്ടറികളിലേക്കുള്ള ദൂരം കൂട്ടിയില്ലെങ്കില്‍ ബോളര്‍മാര്‍ വെറും കാഴ്ചക്കാരായി മാറുമെന്നും ക്രിക്കറ്റ് മത്സരങ്ങള്‍ ഏകപക്ഷീയമാകുമെന്നും അശ്വിന്‍ മുന്നറിയിപ്പു നല്‍കുന്നു.

ബാറ്റിംഗിന് അനുകൂലമായ സാഹചര്യമുള്ള ഈ ഐപിഎല്ലില്‍ അശ്വിന് ഇതുവരെ മികച്ച പ്രകടനം നടത്താന്‍ സാധിച്ചിട്ടില്ല.

ഒന്‍പത് ഇന്നിംഗ്‌സുകളില്‍ ഇതുവരെ 35 ഓവറുകള്‍ പന്തെറിഞ്ഞ താരത്തിന് വെറും രണ്ടു വിക്കറ്റുകള്‍ മാത്രമാണ് വീഴ്ത്താനായത്. പട്ടികയില്‍ ഒന്നാമന്മാരായ രാജസ്ഥാന്‍ മികച്ച പ്രകടനം പുറത്തെടുക്കുന്നതിനാല്‍ അശ്വിന് കാര്യമായ സമ്മര്‍ദം അനുഭവിക്കേണ്ടി വരുന്നില്ലെന്ന് മാത്രം. നിരവധി ആരാധകരും അശ്വിന്റേതിനു സമാനമായ അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്നുണ്ട്.

Related Articles

Back to top button