CricketIPL

ഒറ്റദിവസം കൊണ്ട് പട്ടിഡാറിന്റെ ഐപിഎല്‍ ശമ്പളം ഇരട്ടിയായി!! കാരണം ഇന്ത്യന്‍ ജേഴ്‌സി!!

ആഭ്യന്തര ക്രിക്കറ്റില്‍ മികവ് പ്രകടിപ്പിക്കുന്ന ഒരുപിടി താരങ്ങള്‍ അടുത്ത കാലത്തായി ഇന്ത്യന്‍ ജേഴ്‌സി അണിഞ്ഞിട്ടുണ്ട്. അക്കൂട്ടത്തില്‍ ഏറ്റവും അവസാന പേരുകാരനാണ് രജത് പട്ടിഡാര്‍. രഞ്ജി ട്രേഫി മുതല്‍ ഐപിഎല്‍ വരെ തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവയ്ക്കുന്ന പട്ടിഡാറിന് ഇതിനു മുമ്പേ അരങ്ങേറ്റം നടത്താന്‍ സാധിക്കുമായിരുന്നു.

എന്നാല്‍ ടീമിലെത്തിയതിന് പിന്നാലെ പരിക്കേറ്റ് പുറത്തു പോകേണ്ടി വന്നിരുന്നു ഒരുവര്‍ഷം മുമ്പ്. ഇത്തവണ പക്ഷേ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍ അവസരം കിട്ടുകയും ചെയ്തു. പരിക്കേറ്റ റിതുരാജ് ഗെയ്ക്ക്‌വാദിന് പകരമാണ് പട്ടിഡാര്‍ അരങ്ങേറ്റം കുറിച്ചത്.

കിട്ടിയ അവസരത്തില്‍ സെലക്ടര്‍മാരെ ചെറുതായി തന്റെ കഴിവ് കാണിച്ചു കൊടുക്കാനും താരത്തിന് സാധിച്ചു. ഓപ്പണറായി എത്തി 16 പന്തില്‍ നിന്ന് 22 റണ്‍സാണ് താരം അടിച്ചെടുത്തത്. 3 ഫോറും ഒരു സിക്‌സറും അടക്കം 137.50 സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ ബാറ്റിംഗ്.

ചെറിയ ഇന്നിംഗ്‌സെങ്കിലും ഇന്ത്യന്‍ സ്‌കോറിംഗിന് അടിത്തറയിടാന്‍ സാധിച്ചത് പട്ടിഡാറിന്റെ തുടക്കത്തിലേ പ്രകടനം തന്നെയാണ്. പാളിലെ അരങ്ങേറ്റം പട്ടിഡാറിന് ഐപിഎല്ലിലും വലിയ സാമ്പത്തിക നേട്ടമാണ് സമ്മാനിക്കുന്നത്.

ഒരൊറ്റ ദിവസം കൊണ്ട് ഐപിഎല്‍ ശമ്പളത്തില്‍ ഇരട്ടിയിലധികം രൂപയുടെ വര്‍ധനവ് ഉണ്ടാക്കിയെടുക്കാന്‍ പട്ടിഡാറിന് സാധിച്ചു. ബിസിസിഐയുടെ പുതിയ നിയമമാണ് പട്ടിഡാറിന്റെ ശമ്പളം വര്‍ധിക്കുന്നതിന് ഇടയാക്കിയത്.

2022 സീസണില്‍ 20 ലക്ഷം രൂപയ്ക്കാണ് പട്ടിഡാര്‍ ആര്‍സിബിയില്‍ എത്തുന്നത്. ലുവിന്ദ് സിസോദിയയുടെ പകരക്കാരന്‍ ആയിട്ടായിരുന്നു വരവ്. അന്നത്തെ 20 ലക്ഷം ഈ സീസണില്‍ 50 ലക്ഷമായിട്ടാകും ഉയരുക. ഈ പണം നല്‌കേണ്ടത് അദേഹത്തിന്റെ ടീമായ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ആണ്.

ബോര്‍ഡിന്റെ പുതിയ ഇന്‍സെന്റീവ് സ്‌കീം ആണ് ഇത്തരത്തില്‍ താരത്തിന് വലിയ തുക ലഭിക്കാന്‍ ഇടയാക്കുന്നത്. അതായത് ദേശീയ ടീമിന്റെ ജേഴ്‌സിയണിയാത്ത താരത്തിന്റെ ശമ്പളം 50 ലക്ഷം രൂപയില്‍ താഴെയാണെങ്കില്‍ അയാള്‍ പിന്നീട് രാജ്യത്തെ പ്രതിനിധീകരിച്ചാല്‍ ആ താരത്തിന്റെ ഇന്‍സെന്റീവായി ഇത്ര ശതമാനം ശമ്പളവര്‍ധനവ് നല്കണമെന്നാണ് നിയമം.

ഈ താരം ടീമിലുള്ള സമയത്തെ ഐപിഎല്‍ സീസണുകള്‍ക്കിടയില്‍ ദേശീയ ടീമില്‍ കളിച്ചാലാണ് ഇന്‍സെന്റീവ് കിട്ടുക. നിലവിലെ അവസ്ഥയില്‍ ഈ നിയമം പട്ടിഡാറിന്റെ കാര്യത്തില്‍ അനുകൂലമായി. 2021ലാണ് പട്ടിഡാര്‍ ആര്‍സിബിയില്‍ എത്തുന്നത്.

ആ സീസണില്‍ 4 ഇന്നിംഗ്‌സില്‍ നിന്നായി വെറും 71 റണ്‍സ് മാത്രമാണ് താരത്തിന് സ്വന്തമാക്കാന്‍ സാധിച്ചത്. ശരാശരി വെറും 17.75 മാത്രവും. എന്നാല്‍ 2022 സീസണില്‍ ഭാഗ്യം തെളിഞ്ഞു. 2022ല്‍ 8 ഇന്നിംഗ്‌സില്‍ നിന്നായി 333 റണ്‍സാണ് താരം അടിച്ചു കൂട്ടിയത്. ശരാശരി 55.50 ആയിരുന്നെങ്കില്‍ സ്‌ട്രൈക്ക് റേറ്റ് 152.

Related Articles

Back to top button