Cricket

ഒരു മഴ ചതിച്ചു…അടുത്ത മഴ രക്ഷിക്കും!! ഇനി മഴ വന്നാല്‍ സഞ്ജുവും സംഘവും ക്വാളിഫയറില്‍;നിയമങ്ങള്‍ ഇങ്ങനെ…

ഐപിഎല്ലിലെ പ്ലേ ഓഫ് പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കമാവുകയാണ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴസ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, രാജസ്ഥാന്‍ റോയല്‍സ്, ബംഗളൂരു റോയല്‍ ചലഞ്ചേഴ്സ് എന്നിവരാണ് അന്തിമ പോരാട്ടങ്ങള്‍ക്കായി യോഗ്യത നേടിയത്.

ലീഗ് ഘട്ടത്തില്‍ ഒന്നാമന്മാരായി ഫിനിഷ് ചെയ്യുമെന്ന് ഏവരും പ്രതീക്ഷിച്ചിരുന്ന ടീമായിരുന്നു മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ്.

എന്നാല്‍ തുടരെയുള്ള നാലു തോല്‍വികള്‍ അവര്‍ക്ക് വലിയ തിരിച്ചടിയായി. എന്നിരുന്നാലും അവസാന മത്സരത്തില്‍ ജയിക്കുകയായിരുന്നുവെങ്കില്‍ അവര്‍ക്ക് രണ്ടാം സ്ഥാനക്കാരായി ആദ്യ ക്വാളിഫയര്‍ കളിക്കാമായിരുന്നു.

എന്നാല്‍ മഴ ചതിച്ചതോടെ മൂന്നാം സ്ഥാനക്കാരായി എലിമിനേറ്റര്‍ മത്സരം കളിക്കേണ്ട ഗതികേടിലാവുകയായിരുന്നു അവര്‍.

ലീഗ് ഘട്ടം അവസാനത്തിലെത്തിയപ്പോള്‍ നിരവധി മത്സരങ്ങളിലാണ് മഴ വില്ലനായെത്തിയത്. അവസാന എട്ട് മത്സരങ്ങളില്‍ മൂന്നെണ്ണം ഒരു പന്ത് പോലും എറിയാതെ ഉപേക്ഷിച്ചിരുന്നു. രണ്ടു മത്സരങ്ങള്‍ നഷ്ടപ്പെട്ട ഗുജറാത്ത് ടൈറ്റന്‍സിനാണ് മഴ ഏറ്റവും വലിയ പണി നല്‍കിയത്.

മഴ മത്സരങ്ങള്‍ തടസപ്പെടുത്താതിരിക്കാന്‍ ക്വാളിഫയര്‍ 1, എലിമിനേറ്റര്‍, ക്വാളിഫയര്‍ 2, ഫൈനല്‍ എന്നിങ്ങനെ നാല് പ്ലേഓഫ് മത്സരങ്ങള്‍ക്കും റിസര്‍വ് ദിനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

എന്നാല്‍ റിസര്‍വ് ദിനവും മഴ മുടക്കിയാല്‍ അത് രണ്ടിലൊരു ടീമിന് നേട്ടമാകും. പ്ലേ ഓഫ് മത്സരങ്ങളില്‍ രണ്ട് ടീമുകളും കുറഞ്ഞത് അഞ്ച് ഓവര്‍ വീതം കളിച്ചാല്‍ മാത്രമേ മത്സര ഫലം നിര്‍ണ്ണയിക്കാന്‍ കഴിയൂ, ഒരു ടീം ഇതിനകം ആവശ്യമായ ഓവറുകളില്‍ കൂടുതല്‍ കളിച്ചിട്ടുണ്ടെങ്കില്‍ മഴനിയമം വിജയലക്ഷ്യം നിര്‍ണയിക്കും.

ഇനി ഒരു പന്തു പോലും എറിയാന്‍ കഴിഞ്ഞില്ലെങ്കില്‍ പോലും റിസര്‍വ് ദിനത്തില്‍ മത്സരം പുനരാരംഭിക്കും. ഐപിഎല്‍ 2024 പ്ലേ ഓഫ് മത്സരങ്ങളുടെ കാര്യത്തില്‍ റിസര്‍വ് ഡേ, ഷെഡ്യൂള്‍ ചെയ്ത മത്സരത്തിന്റെ തൊട്ടടുത്ത ദിവസമാണ്.

പ്ലേഓഫ് മത്സരം ഷെഡ്യൂള്‍ ചെയ്ത തീയതിയിലും റിസര്‍വ് ദിനത്തിലും ഉപേക്ഷിക്കുകയാണെങ്കില്‍, ലീഗ് ഘട്ടം അവസാനിക്കുമ്പോള്‍ പോയിന്റ് പട്ടികയിലെ ടീമിന്റെ സ്ഥാനം അനുസരിച്ച് അടുത്ത റൗണ്ടിലേക്കുളള യോഗ്യത നിര്‍ണയിക്കും.

റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവും രാജസ്ഥാന്‍ റോയല്‍സും തമ്മിലുള്ള മത്സരം ഇങ്ങനെ ഉപേക്ഷിച്ചാല്‍ സഞ്ജുവും കൂട്ടരും രണ്ടാം ക്വാളിഫയറിനു യോഗ്യത നേടും.

പ്ലേഓഫ് മത്സരങ്ങള്‍ വൈകിയാല്‍ ഗെയിം പൂര്‍ത്തിയാക്കാന്‍ 120 മിനിറ്റ് (രണ്ട് മണിക്കൂര്‍) അധികമായി അനുവദിക്കുമെന്ന പ്രത്യേകതയുമുണ്ട്. നേരത്തെ ഇത് ഒരുമണിക്കൂറായിരുന്നു.

പ്ലേ ഓഫ് മത്സരം സമനിലയിലാകുകയാണെങ്കില്‍ വിജയിയെ തീരുമാനിക്കാന്‍ ഒരു സൂപ്പര്‍ ഓവര്‍ കളിക്കും. സൂപ്പര്‍ ഓവറും ടൈ ആവുകയോ സമയ പരിമിതി മൂലം പൂര്‍ത്തിയാക്കാന്‍ കഴിയാതിരിക്കുകയോ ചെയ്താല്‍ പോയിന്റ് പട്ടികയില്‍ മുന്നിലുള്ള ടീം ഫൈനലിന് യോഗ്യത നേടും.

ഇനി ഫൈനലും പൂര്‍ണമായി മഴ കവര്‍ന്നെടുത്താല്‍ പോയിന്റ് ടേബിളില്‍ മുമ്പിലുള്ള ടീം ചാമ്പ്യന്മാരാകും. ഐപിഎല്ലില്‍ ഇന്ന് നടക്കുന്ന ക്വാളിഫയറില്‍ ഒന്നാം സ്ഥാനക്കാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് രണ്ടാം സ്ഥാനക്കാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും.

Related Articles

Back to top button