Cricket

ആ തന്ത്രമാണ് ഇന്ത്യയെ ലോകകപ്പ് ജേതാക്കളാക്കിയത് !! വിജയരഹസ്യം തുറന്നു പറഞ്ഞ് ദ്രാവിഡ്

നീണ്ട പതിനേഴ് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ട്വന്റി20 ലോകകപ്പില്‍ ഇന്ത്യ മുത്തമിട്ടതിന്റെ അലയൊലികള്‍ ഇപ്പോഴും അടങ്ങിയിട്ടില്ല.

ലക്ഷക്കണക്കിന് ആളുകളുടെ സാന്നിദ്ധ്യത്തില്‍ മുംബൈയില്‍ നടന്ന വിക്ടറി പരേഡ് ലോകകപ്പ് വിജയം ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളെ എത്രത്തോളം ആവേശഭരിതരാക്കി എന്നതിന്റെ തെളിവായിരുന്നു.

ലോകകപ്പ് നേട്ടത്തിനു പിന്നാലെ വിരാട് കോഹ്‌ലി, രോഹിത് ശര്‍മ, രവീന്ദ്ര ജഡേജ എന്നിവര്‍ രാജ്യാന്തര ട്വന്റി20യില്‍ നിന്ന് വിരമിക്കുകയും ചെയ്തു.

രാഹുല്‍ ദ്രാവിഡിന്റെ ഇന്ത്യന്‍ പരിശീലകനെന്ന നിലയിലെ അവസാന മത്സരമായിരുന്നു ഇത്. കളിക്കാരനെന്ന നിലയില്‍ കരിയറില്‍ കിരീടം നേടാന്‍ സാധിക്കാതെ പോയ ദ്രാവിഡിന് പരിശീലകനെന്ന നിലയില്‍ കിരീടത്തോടെ പടിയിറങ്ങാനായി.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ തോല്‍വി, സ്വന്തം തട്ടകത്തില്‍ ലോകകപ്പ് ഫൈനലിലെ തോല്‍വി എന്നിവയെല്ലാം ദ്രാവിഡിന് നിരാശ പകര്‍ന്നിരുന്നുവെങ്കിലും ഈ വിജയം ആ മുറിവില്‍ മരുന്നു തേല്‍ക്കുന്നതിനു സമാനമായി.

ഇപ്പോഴിതാ ലോകകപ്പ് നേടിയതിനു പിന്നാലെ വിജയരഹസ്യം തുറന്നു പറഞ്ഞിരിക്കുകയാണ് വന്‍മതില്‍. അനാവശ്യ പരീക്ഷണങ്ങള്‍ക്കും മാറ്റങ്ങള്‍ക്കും ശ്രമിക്കാതെ ഒരു പ്ലേയിങ് 11 വിശ്വസിച്ച് മുന്നോട്ട് പോയതാണ് വിജയത്തിന് കാരണമെന്നാണ് ദ്രാവിഡ് പറയുന്നത്.

‘തുടര്‍ച്ച ഇഷ്ടപ്പെടുന്ന ആളുകളിലൊരാളാണ് ഞാന്‍. അധികം പരീക്ഷണങ്ങളോടും മാറ്റങ്ങളോടും എനിക്ക് താല്‍പര്യമില്ല. കാരണം അങ്ങനെ ചെയ്താല്‍ ടീമിനുള്ളിലെ സ്ഥിരത നഷ്ടമാവും.

മികച്ച അന്തരീക്ഷം ടീമിനുള്ളില്‍ സൃഷ്ടിക്കാന്‍ സാധിക്കാതെ വരും. കൃത്യമായ പ്രൊഫഷനല്‍ രീതിയിലേക്ക് ടീമിനെ കൊണ്ടുവന്നതില്‍ ഞാനും ഭാഗമാണെന്നാണ് കരുതുന്നത്.

മികച്ച ടീം അന്തരീക്ഷമുണ്ടെങ്കില്‍ തോല്‍വി ഭയം ബാധിക്കില്ല. എന്നാല്‍ വെല്ലുവിളിയെന്നത് താരങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കി പ്രചോദിപ്പിക്കുകയെന്നതാണ്. ഇന്ത്യയുടെ പരിശീലകനായി ഒരു കാര്യമാണ് വളരെ പ്രയാസപ്പെടുത്തിയത്. പ്രത്യേകിച്ച് കരിയറിന്റെ തുടക്ക സമയത്ത്.

കോവിഡിന്റെ നിയന്ത്രണമുള്ള സമയമായിരുന്നു അത്. അന്ന് താരങ്ങളുടെ ജോലിഭാരം നിയന്ത്രിക്കുകയെന്നത് പ്രയാസമുള്ള കാര്യമായിരുന്നു. എന്നാല്‍ പിന്നീടത് സ്വാഭാവികമായി സംഭവിച്ചു പോയി’ ദ്രാവിഡ് കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയെ അണ്ടര്‍ 19 കിരീടം ചൂടിച്ച ശേഷം ഏറെനാള്‍ ദേശീയ ക്രിക്കറ്റ് അക്കാദമി തലവനായിരുന്ന ദ്രാവിഡ് ഇതിന് ശേഷമാണ് ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനത്തേക്കെത്തിയത്.

വിരാട് കോഹ്‌ലി, രോഹിത് ശര്‍മ, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ എന്നിവരെല്ലാം ഉള്‍പ്പെടുന്ന ശക്തമായ നിരയ്ക്ക് വേണ്ട നിര്‍ദേശങ്ങള്‍ ആവശ്യ ഘട്ടങ്ങളില്‍ നല്‍കുകയെന്നത് മാത്രമായിരുന്നു ദ്രാവിഡിന്റെ ഉത്തരവാദിത്തം.

വിരാട് കോഹ്‌ലിയെ ഓപ്പണിംഗിലേക്ക് കൊണ്ടുവന്ന് ഫോമിലുള്ള യശ്വസി ജയ്സ്വാളിനെ പുറത്തിരുത്തിയത് വിമര്‍ശനങ്ങള്‍ ക്ഷണിച്ചു വരുത്തിയെങ്കിലും ദ്രാവിഡ് പതറിയില്ല.

മധ്യനിരയില്‍ ശിവം ദുബെയെ കളിപ്പിച്ചതാണ് മറ്റൊരു കാര്യം. മോശം ഫോമിലായപ്പോഴും ദുബെയെ മാറ്റാന്‍ അദ്ദേഹം തയ്യാറായില്ല. സഞ്ജു സാംസണിനായി ആരാധകര്‍ മുറവിളി കൂട്ടുമ്പോഴും ദുബെയില്‍ ദ്രാവിഡ് ഉറച്ചുനിന്നു. രവീന്ദ്ര ജഡേജ തീര്‍ത്തും നിരാശപ്പെടുത്തിയപ്പോഴും അദ്ദേഹത്തേയും പിന്തുണച്ചു.

താരങ്ങളുടെ കരുത്ത് മനസിലാക്കി പിന്തുണ കൊടുക്കാന്‍ ദ്രാവിഡിന് സാധിച്ചു എന്നതാണ് അദ്ദേഹത്തിന്റെ വിജയം. വിരാട് കോഹ്‌ലി ആത്മവിശ്വാസം നഷ്ടപ്പെട്ട് നിരാശപ്പെട്ടപ്പോള്‍ ദ്രാവിഡ് അദ്ദേഹത്തിനു ധൈര്യം പകര്‍ന്നു.

ഫൈനലില്‍ നിര്‍ണായക ഇന്നിംഗ്‌സ് കളിച്ച് കോഹ് ലി ആ വിശ്വാസം കാക്കുകയും ചെയ്തു. ശിവം ദുബെയും ഫൈനലില്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഇനി ഐപിഎല്ലില്‍ പരിശീലക റോളില്‍ ദ്രാവിഡിനെ കാണാനാവുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

Related Articles

Back to top button