Cricket

അംപയറുടെ തീരുമാനം അന്തിമമാണ്!! സഞ്ജുവിനെതിരേ ഡല്‍ഹി സഹ പരിശീലകന്‍ രംഗത്ത്

ഐപിഎല്ലില്‍ ഡല്‍ഹിയ്‌ക്കെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണിന്റെ വിവാദ റണ്ണൗട്ടിനോടനുബന്ധിച്ച ചര്‍ച്ചകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയെ ചൂടുപിടിപ്പിക്കുന്നത്.

ഔട്ടായതിനു പിന്നാലെ അംപയറുമായി തര്‍ക്കിച്ചതിന് സഞ്ജുവിന് പിഴ ശിക്ഷ വിധിക്കുകയും ചെയ്തതോടെ അത് എരിതീയില്‍ എണ്ണ പകരുന്നതുപോലെയായി.

അതേസമയം തേഡ് അമ്പയറുടെ തീരുമാനത്തിനെതിരെ ഫീല്‍ഡ് അംപയറോട് തകര്‍ക്കിച്ച രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണിനെ വിമര്‍ശിച്ച് ഡല്‍ഹി ക്യാപിറ്റല്‍സിന്റെ സഹ പരിശീലകന്‍ പ്രവീണ്‍ ആംറെ രംഗത്തെത്തി.

സഞ്ജു സാംസണ്‍ അംപയറെ ബഹുമാനിക്കാന്‍ പഠിക്കണമെന്നാണ് ആംറെയുടെ വിമര്‍ശനം. ഫീല്‍ഡില്‍ അംപയറുടെ തീരുമാനം അന്തിമമാണ്. അതിനെ ബഹുമാനിക്കാന്‍ പഠിക്കണം. ഷായ് ഹോപ്പ് വളരെ മികച്ച രീതിയില്‍ പന്ത് ക്യാച്ചെടുത്തു. അതിന് അവന്‍ അഭിനന്ദനം അര്‍ഹിക്കുന്നു…ആംറെ മത്സരശേഷം പറഞ്ഞു.

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ രാജസ്ഥാനായി സഞ്ജു സാംസണ്‍ ഒറ്റയാള്‍ പോരാട്ടമാണ് നയിച്ചത്. 46 പന്തില്‍ 86 റണ്‍സ് നേടിയ താരത്തെ ബൗണ്ടറി ലൈനില്‍ ഷായ് ഹോപ് ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു.

സഞ്ജുവിനെ പുറത്താക്കിയ ക്യാച്ച് എടുക്കുന്നതിനിടെ ഷായി ഹോപ് പന്ത് ബൗണ്ടറി റോപ്പില്‍ സ്പര്‍ശിച്ചതായി തോന്നിയിട്ടും കാര്യമായ പരിശോധനകളില്ലാതെ മൂന്നാം അംപയര്‍ സഞ്ജു സാംസണെ പുറത്താക്കുകയായിരുന്നു.

ലോംഗ് ഓണ്‍ ഏരിയയിലേക്ക് സാംസണ്‍ ഒരു വലിയ സ്ട്രോക്ക് കളിച്ചെങ്കിലും വെസ്റ്റ് ഇന്‍ഡീസ് താരത്തിന് ക്യാച്ച് നല്‍കി. ക്യാച്ചിന്റെ നിയമസാധുതയെക്കുറിച്ച് ഓണ്‍ ഫീല്‍ഡ് അമ്പയര്‍മാര്‍ക്ക് ഉറപ്പില്ലായിരുന്നു, അവര്‍ മൂന്നാം അമ്പയറുടെ സഹായം സ്വീകരിക്കാന്‍ തീരുമാനിച്ചു.

വിവിധ കോണുകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പരിശോധിക്കാതെ മൂന്നാം അംപയര്‍തിടുക്കത്തില്‍ ഡല്‍ഹിക്ക് അനുകൂലമായി നിലപാടെടുക്കുകയായിരുന്നു.

ഇതില്‍ അതൃപ്തനായ സഞ്ജു സാംസണ്‍ ഡഗൗട്ടിലേക്ക് മടങ്ങുന്നതിന് മുമ്പ് ഓണ്‍-ഫീല്‍ഡ് അമ്പയര്‍മാരുമായി സംസാരിക്കുകയും വാദിക്കുകയും ചെയ്തു.

കോളിനെതിരെ ഡിആര്‍എസ് എടുക്കാന്‍ അദ്ദേഹം ആഗ്രഹിച്ചെങ്കിലും നിയമങ്ങള്‍ അത് അനുവദിക്കുന്നില്ലെന്ന് അറിയിച്ചതോടെ അസ്വസ്ഥനായാണ് താരം മൈതാനം വിട്ടത്.

Related Articles

Back to top button