Cricket

ഹാരിസ് റൗഫിനോട് മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമ നടപടി !! ആരാധകന് അന്ത്യശാസനയുമായി പിസിബി

പാക്കിസ്ഥാന്‍ ട്വന്റി20 ലോകകപ്പില്‍ ഗ്രൂപ്പുഘട്ടത്തില്‍ തന്നെ പുറത്തായതു ചൂണ്ടിക്കാട്ടി പാക് പേസര്‍ ഹാരിസ് റൗഫിനെ പരിഹസിച്ച ആരാധകനെതിരേ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്.

ആരാധകന്‍ റൗഫിനോട് മാപ്പ് പറയണമെന്നും ഇല്ലെങ്കില്‍ നിയമ നടപടി നേരിടേണ്ടി വരുമെന്നുമാണ് പിസിബി അധ്യക്ഷന്‍ മൊഹ്‌സിന്‍ നഖ്‌വി വ്യക്തമാക്കിയിരിക്കുന്നത്.

സംഭവത്തെ ശക്തമായി അപലപിക്കുന്നു. കളിക്കാര്‍ക്കെതിരായ ഇത്തരം നടപടികള്‍ അംഗീകരിക്കാന്‍ കഴിയില്ല. വച്ചുപൊറുപ്പിക്കാനും പറ്റില്ല. സംഭവത്തിനു കാരണക്കാരായവര്‍ ഹാരിസ് റൗഫിനോടു മാപ്പ് പറയണം. ഇല്ലെങ്കില്‍ സംഭവത്തിലെ വ്യക്തിക്കെതിരേ ഞങ്ങള്‍ നിയമ നടപടി സ്വീകരിക്കും. പിസിബി അധ്യക്ഷന്‍ വ്യക്തമാക്കി.

അതിനിടെ വിഷയത്തില്‍ തന്റെ കുടുംബത്തെ വലിച്ചിഴച്ചതാണ് പ്രകോപനമുണ്ടാക്കിയതെന്നു ഹാരിസ് റൗഫ് വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് പ്രതികരിക്കേണ്ട എന്നായിരുന്നു കരുതിയത്. എന്നാല്‍ വീഡിയോ പുറത്തു വന്നതിനാല്‍ വിഷയത്തില്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്നും റൗഫ് പറയുന്നു.

‘പൊതു സ്വീകാര്യതയുള്ള വ്യക്തി എന്ന നിലയില്‍ പൊതുജനങ്ങളുടെ പ്രതികരണങ്ങള്‍ സ്വീകരിക്കാന്‍ ഞങ്ങള്‍ ഒരുക്കമാണ്. അവര്‍ക്ക് ഞങ്ങളെ പിന്തുണയ്ക്കാനും വിമര്‍ശിക്കാനും അര്‍ഹതയുണ്ട്.

എന്നാല്‍ കുടുംബത്തെ ഇത്തരത്തില്‍ വലിച്ചിഴച്ചാല്‍ അതേ രീതിയില്‍ ഞാന്‍ തിരികെ പ്രതികരിക്കും. തൊഴില്‍ പരിഗണിക്കാതെ കുടുംബത്തെ എല്ലാവരും ബഹുമാനിക്കേണ്ടത് പ്രധാനമാണ്’.ഹാരിസ് റൗഫ് വ്യക്തമാക്കി.

ടി20 ലോകകപ്പിന്റെ സൂപ്പര്‍ എട്ടില്‍ കടക്കാനാകാതെ പാകിസ്ഥാന്‍ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായതിനെത്തുടര്‍ന്ന് ടീമിനെതിരേ വലിയ വിമര്‍ശനമാണുയരുന്നത്.

ഇതിനു പിന്നാലെയാണ് ഹാരിസ് റൗഫുമായി പരസ്യമായി ഒരു ആരാധകന്‍ തര്‍ക്കിക്കുന്നതും താരം അയാളെ മര്‍ദ്ദിക്കാനായി ശ്രമിക്കുന്നതിന്റെയും വീഡിയോ വ്യാപകമായി പ്രചരിച്ചത്.


താരം ഭാര്യക്കൊപ്പം പോകുന്നതിനിടെയാണ് ആരാധകന്‍ ഹാരിസിനു ഇഷ്ടപ്പെടാത്ത രീതിയില്‍ സംസാരിച്ചത്. ഇതുകേട്ട് താരം അസ്വസ്ഥനായി അയാള്‍ക്കു നേരെ ഓടി ചെല്ലുകയായിരുന്നു.

ഒപ്പമുണ്ടായിരുന്ന ഭാര്യ ഹാരിസിനെ തടയാന്‍ ശ്രമിക്കുന്നത് വീഡിയോയില്‍ കാണാം. ആരാധകനു സമീപത്തു നിന്ന മറ്റു ചിലരും ഹാരിസിനെ തടയാന്‍ നോക്കുന്നുണ്ട്.

എന്താണ് ഇരുവരും തമ്മിലുണ്ടായ സംഭാഷമെന്നു വ്യക്തമല്ല. ഇന്ത്യക്കാരനാണോ എന്നു ഹാരിസ് റൗഫ് ചോദിക്കുമ്പോള്‍ അല്ല ഞാന്‍ പാകിസ്ഥാന്‍ സ്വദേശിയാണെന്നു ആരാധകന്‍ പറയുന്നതും വീഡിയോയില്‍ കാണാം. എന്തായാലും വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

Related Articles

Back to top button