Cricket

പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് കോളടിച്ചു !! കളി ജയിക്കുന്നില്ലെങ്കിലും ശമ്പളത്തില്‍ വന്‍ വര്‍ധനവ്

ട്വന്റി20 ലോകകപ്പില്‍ സൂപ്പര്‍ എട്ടില്‍ എത്തുമോയെന്നു പോലും പാക്കിസ്ഥാന് ഉറപ്പില്ല. ആദ്യ രണ്ടു കളികളും തോറ്റ അവര്‍ കഴിഞ്ഞ ദിവസം കാനഡയ്‌ക്കെതിരായ മത്സരം വിജയിച്ചിരുന്നു.

ഇനി അയര്‍ലന്‍ഡിനെതിരേ ബാക്കിയുള്ള മത്സരം വിജയിക്കുകയും മറ്റു ടീമുകളുടെ ഫലം അനുകൂലമാവുകയും ചെയ്താല്‍ മാത്രമേ അവര്‍ക്ക് മുമ്പോട്ടു പോവാനാവൂ.

അതേസമയം തുടര്‍ച്ചയായി മോശം പ്രകടനമാണ് പുറത്തെടുക്കുന്നതെങ്കിലും പുരുഷ ക്രിക്കറ്റ് താരങ്ങളുടെ പ്രതിമാസ ശമ്പളത്തില്‍ കാര്യമായ വര്‍ധനവ് വരുത്തിയിരിക്കുകയാണ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്(പിസിബി).

ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളിലും ശമ്പള വര്‍ധനവ് വരുത്തിയിട്ടുണ്ട്. ക്യാപ്റ്റന്‍ ബാബര്‍ അസം, പ്രധാന പേസര്‍ ഷഹീന്‍ അഫ്രീദി, വിക്കറ്റ് കീപ്പര്‍-ബാറ്റര്‍ മുഹമ്മദ് റിസ്വാന്‍ തുടങ്ങിയ പാകിസ്ഥാന്റെ എലൈറ്റ് ക്രിക്കറ്റ് താരങ്ങളാണ്. അതായത് ശമ്പള സ്‌കെയിലില്‍ ഏറ്റവും മുകളില്‍.

‘കാറ്റഗറി എ’യില്‍ ഉള്‍പ്പെടുന്ന ഇവര്‍ക്ക് ഓരോരുത്തര്‍ക്കും അവരുടെ കേന്ദ്ര കരാറുകള്‍ പ്രകാരം പ്രതിമാസം 4.5 ദശലക്ഷം പാകിസ്ഥാനി രൂപ (13.50 ലക്ഷം ഇന്ത്യന്‍ രൂപ) ലഭിക്കും.

അവരുടെ മുന്‍ ശമ്പളവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 200%ത്തിന്റെ വര്‍ധനയാണുണ്ടായിരിക്കുന്നത്.

മികച്ച പ്രകടനം നടത്തുന്നവര്‍ക്ക് മികച്ച പ്രതിഫലം നല്‍കാനും ലോകമെമ്പാടുമുള്ള എല്ലാ ട്വന്റി20 ലീഗ് ഓഫറുകള്‍ക്കിടയിലും അവരെ പിടിച്ചു നിര്‍ത്താനുമാണ്പിസിബി ഇതിലൂടെ ലക്ഷ്യമിടുന്നു.

ഷദാബ് ഖാന്‍, ഫഖര്‍ സമാന്‍, ഹാരിസ് റൗഫ്, നസീം ഷാ എന്നിവരുള്‍പ്പെടെയുള്ള പാകിസ്ഥാന്റെ ‘കാറ്റഗറി ബി’ കളിക്കാര്‍ക്ക് മൂന്ന് ദശലക്ഷം പാകിസ്ഥാനി രൂപ (9 ലക്ഷം ഇന്ത്യന്‍ രൂപ) ലഭിക്കും.

ഇമാദ് വസീം, ഇഫ്തിക്കര്‍ അഹമ്മദ് തുടങ്ങിയ താരങ്ങള്‍ ഉള്‍പ്പെടുന്ന ‘കാറ്റഗറി സി’, ‘കാറ്റഗറി ഡി’
എന്നീ വിഭാഗങ്ങളില്‍ ഉള്‍പ്പെട്ട താരങ്ങള്‍ക്ക് 750,000 പാകിസ്ഥാനി രൂപ മുതല്‍ 1.5 ദശലക്ഷം പാകിസ്ഥാനി രൂപ വരെയാണ് പ്രതിമാസ ശമ്പളം. (2.25 മുതല്‍ 4.50 ലക്ഷം ഇന്ത്യന്‍ രൂപ).

ട്വന്റി20 ലീഗുകളില്‍ കളിക്കാനായി താരങ്ങള്‍ പാക്കിസ്ഥാന്‍ ടീമില്‍ നിന്ന് വിട്ടു നില്‍ക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. ഈയൊരു അവസ്ഥ ഒഴിവാക്കാന്‍ കൂടി വേണ്ടിയാണ് ഇപ്പോള്‍ പിസിബി ഇത്തരമൊരു നീക്കം നടത്തിയിരിക്കുന്നത്.

Related Articles

Back to top button