Cricket

തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഹാട്രിക് !! ചരിത്രമെഴുതി പാറ്റ് കമ്മിന്‍സ്

രാജ്യാന്തര ട്വന്റി20യില്‍ തുടര്‍ച്ചയായ മത്സരങ്ങളില്‍ ഹാട്രിക് നേടുന്ന ആദ്യ ബൗളര്‍ എന്ന നേട്ടം സ്വന്തമാക്കി ഓസീസ് പേസര്‍ പാട്രിക് കമ്മിന്‍സ്.

ട്വന്റി20 ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരേ നടക്കുന്ന മത്സരത്തിലായിരുന്നു കമ്മിന്‍സിന്റെ ഈ റെക്കോഡ് നേട്ടം.

അഫ്ഗാന്‍ ഇന്നിംഗ്‌സിലെ 18-ാം ഓവറിലെ അവസാന പന്തില്‍ അഫ്ഗാന്‍ നായകന്‍ റഷീദ് ഖാനെ ടിം ഡേവിഡിന്റെ കൈകളിലെത്തിച്ചാണ് കമ്മിന്‍സ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കം കുറിച്ചത്.

20-ാം ഓവറില്‍ വീണ്ടുമെത്തിയ കമ്മിന്‍സ് ആദ്യ പന്തില്‍ കരിം ജന്നത്തിനെ പുറത്താക്കുകയായിരുന്നു. ഇത്തവണയും ടിം ഡേവിഡിനു തന്നെയായിരുന്നു ക്യാച്ച്.

രണ്ടാം പന്തില്‍ ഗുല്‍ബാദിന്‍ നയ്ബിനെ ഗ്ലെന്‍ മാക്‌സ് വെല്ലിന്റെ കൈകളിലെത്തിച്ചതോടെ ട്വന്റി20 ലോകകപ്പില്‍ തുടര്‍ച്ചയായ മത്സരങ്ങളില്‍ ഹാട്രിക് നേടുന്ന ആദ്യ താരം എന്ന നേട്ടം കമ്മിന്‍സിനു സ്വന്തം.

എന്നാല്‍ ട്വന്റി20 ലോകകപ്പില്‍ തുടര്‍ച്ചയായ നാലു പന്തില്‍ വിക്കറ്റിടുന്ന ആദ്യ താരം എന്ന റെക്കോഡ് തലനാരിഴയ്ക്കാണ് ഓസീസ് പേസര്‍ക്ക് നഷ്ടമായത്.

നങ്ങേയാലിയ ഖരോട്ടെ ഉയര്‍ത്തിയടിച്ച പന്ത് ഡേവിഡ് വാര്‍ണര്‍ കൈവിട്ടു കളയുകയായിരുന്നു.

കഴിഞ്ഞ മത്സരത്തില്‍ ബംഗ്ലാദേശിനെതിരേയും കമ്മിന്‍സ് ഹാട്രിക് നേടിയിരുന്നു.

ട്വന്റി20 ലോകകപ്പില്‍ ഒന്നിലധികം ഹാട്രിക് നേടുന്ന ആദ്യ താരവും കമ്മിന്‍സ് തന്നെയാണ്. രാജ്യാന്തര ട്വന്റി20യില്‍ രണ്ട് ഹാട്രിക് നേടുന്ന അഞ്ചാമത്തെ മാത്രം താരമാണ് വലങ്കയ്യന്‍ പേസര്‍.

അതേസമയം മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ മികച്ച തുടക്കത്തിനു ശേഷം തകര്‍ന്നടിയുകയായിരുന്നു.

ഓപ്പണിംഗ് വിക്കറ്റില്‍ 118 റണ്‍സാണ് അവര്‍ കൂട്ടിച്ചേര്‍ത്തത്. 16-ാം ഓവറിലെ അഞ്ചാം പന്തില്‍ റഹ്‌മാനുള്ള ഗുര്‍ബാസിനെ പുറത്താക്കി മാര്‍ക്കസ് സ്റ്റോയിനിസാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.

49 പന്തില്‍ നാലു വീതം സിക്‌സും ഫോറും സഹിതം 60 റണ്‍സായിരുന്നു ഗുര്‍ബാസിന്റെ സമ്പാദ്യം. തൊട്ടടുത്ത ഓവറില്‍ അസ്മത്തുള്ള ഒമര്‍സായിയെയും ഓപ്പണര്‍ ഇബ്രാഹിം സദ്രാനെയും മടക്കി ആദം സാംപ ഓസീസിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടു വരികയായിരുന്നു.

48 പന്തില്‍ ആറു ഫോറുകള്‍ ഉള്‍പ്പെടെ 51 റണ്‍സായിരുന്നു സദ്രാന്‍ നേടിയത്. പിന്നീടായിരുന്നു കമ്മിന്‍സിന്റെ തേരോട്ടം.

ഒടുവില്‍ നിശ്ചിത ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സില്‍ അഫ്ഗാനിസ്ഥാന്റെ ഇന്നിംഗ്‌സ് അവസാനിക്കുകയായിരുന്നു.

അവസാന 26 പന്തില്‍ വെറും 30 റണ്‍സ് മാത്രമാണ് അവര്‍ക്ക് നേടാനായത് ആറു വിക്കറ്റുകള്‍ നഷ്ടപ്പെടുത്തുകയും ചെയ്തു.

Related Articles

Back to top button