Cricket

പാപ്പുവന്യൂഗിനിയ ‘മിലിറ്ററി’ ട്രിക്കില്‍ വെള്ളംകുടിച്ച് വിന്‍ഡീസ്; കളിമാറ്റിയത് ആ അപ്പീല്‍!!

അന്താരാഷ്ട്ര ക്രിക്കറ്റില്‍ അത്രയൊന്നും നേട്ടങ്ങള്‍ അവകാശപ്പെടാനില്ലാത്ത പാപ്പുവ ന്യൂഗിനിയയ്ക്ക് മുന്നില്‍ വിയര്‍ത്താണ് വിന്‍ഡീസ് ജയിച്ചുകയറിയത്. ബാറ്റിംഗിലും ബൗളിംഗിലും ഫീല്‍ഡിംഗിലും കുഞ്ഞന്‍ ടീമിന്റെ പ്രതിസന്ധികളൊന്നും പ്രകടിപ്പിക്കാതെ കൈയടി നേടി തന്നെയാണ് ഈ ദ്വീപുകാര്‍ ആദ്യ കളിപൂര്‍ത്തിയാക്കിയത്.

പേസിനെ തുടക്കത്തില്‍ സഹായിക്കുന്ന പിച്ചില്‍ ആദ്യം ബാറ്റുചെയ്യേണ്ടത് പ്രതിസന്ധിയായെങ്കിലും ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്താന്‍ അവര്‍ക്ക് സാധിച്ചു. വിന്‍ഡീസ് ബൗളര്‍മാരെ സമര്‍ത്ഥമായി നേരിട്ട് തന്നെയായിരുന്നു ഈ 136 റണ്‍സ് അവര്‍ കണ്ടെത്തിയതും.

അനായാസം ജയിക്കാമെന്ന ആത്മവിശ്വാസത്തില്‍ ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസിനെ തുടക്കത്തില്‍ തന്നെ വെള്ളംകുടിപ്പിക്കാന്‍ പാപ്പുവ ന്യൂഗിനിയയുടെ ബൗളര്‍മാര്‍ക്കായി. ഐപിഎല്ലില്‍ അടക്കം കളിച്ച് തഴമ്പിച്ച നിക്കോളസ് പൂരാന്‍ അടക്കമുള്ള ബാറ്റ്‌സ്മാന്മാര്‍ക്ക് എതിര്‍ബൗളര്‍മാരുടെ വേഗക്കുറവാണ് വില്ലനായത്.

പലപ്പോഴും ടൈമിംഗ് പോലും തെറ്റിക്കുന്ന രീതിയിലുള്ള സ്ലോ ബോളുകളാണ് വിന്‍ഡീസുകാര്‍ നേരിടേണ്ടിവന്നത്. വേഗക്കുറവുണ്ടെങ്കിലും സ്വിംഗും കൃത്യതയും കൊണ്ട് പൂരാനെ വിറളിപിടിപ്പിക്കാന്‍ ബൗളര്‍മാര്‍ക്കായി. നേരിട്ട മൂന്നാംപന്തില്‍ അലെയി നവോയുടെ പന്തില്‍ പൂരാന്‍ പുറത്താകേണ്ടതായിരുന്നു.

വിക്കറ്റിന് മുന്നില്‍ കുടുങ്ങിയെങ്കിലും അംപയര്‍ നോട്ടൗട്ട് വിളിച്ചു. ഡിആര്‍എസ് എടുക്കാന്‍ തുനിഞ്ഞെങ്കിലും അംപയറില്‍ വിശ്വാസമര്‍പ്പിച്ച പാപ്പുവ താരങ്ങള്‍ക്ക് റീപ്ലേ കണ്ടപ്പോള്‍ ഞെട്ടല്‍. കൃത്യം വിക്കറ്റ്. ആ ഘട്ടത്തില്‍ ഡിആര്‍എസ് എടുത്തിരുന്നെങ്കില്‍ രണ്ടക്കം തികയ്ക്കുംമുമ്പേ വിന്‍ഡീസിന്റെ രണ്ട് വിക്കറ്റുകള്‍ നേടാന്‍ സാധിച്ചേനെ.

53 റണ്‍സിന്റെ കൂട്ടുകെട്ട് ഉണ്ടാക്കിയ ശേഷമാണ് പൂരാന്‍ പിന്നീട് 27 പന്തില്‍ 27 റണ്‍സെടുത്ത് മടങ്ങിയത്. പൂരാന്‍ നേരത്തെ മടങ്ങിയിരുന്നെങ്കില്‍ വിന്‍ഡീസ് മധ്യനിരയെ വീഴ്ത്താന്‍ ഒരുപക്ഷേ ആസാദ് വാലയ്ക്കും സംഘത്തിനു സാധിച്ചേനെ. എന്തായാലും ഏവരുടെയും കൈയടി നേടിത്തനെയാണ് പാപ്പുവ ന്യൂഗിനിയ ആദ്യ മല്‍സരം പൂര്‍ത്തിയാക്കിയത്.

കാനഡയും അമേരിക്കയും അടക്കമുള്ള അസോസിയേറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ പാപ്പുവ ന്യൂഗിനിയയുടെ പ്ലാസ്‌പോയിന്റ് കുടിയേറ്റക്കാര്‍ ഇല്ലാത്ത ടീമെന്നതാണ്. കാനഡ ടീമില്‍ കൂടുതലും ഇന്ത്യ, പാക്കിസ്ഥാന്‍, ശ്രീലങ്ക എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് കളിക്കുന്നത്. നെതര്‍ലന്‍ഡ്‌സ് ടീമില്‍ ഒട്ടുമിക്ക രാജ്യക്കാരും ഉണ്ട്.

പാപ്പുവ ന്യൂഗിനിയ ടീമിലെ എല്ലാവരും അവരുടെ രാജ്യത്ത് ജനിച്ചു വളര്‍ന്ന തദ്ദേശീയരാണ്. റഗ്ബി, ഫുട്‌ബോള്‍ എന്നിവയാണ് ഈ കുഞ്ഞന്‍ രാജ്യത്തെ പ്രധാന കായിക ഇനങ്ങള്‍. എന്നാല്‍, ഇപ്പോള്‍ ക്രിക്കറ്റിന്റെ പ്രചാരം വന്‍തോതില്‍ കുതിച്ചുയര്‍ന്നിട്ടുണ്ട്. ഓസ്‌ട്രേലിയയുടെ സഹായവും അടിസ്ഥാന സൗകര്യവികസനത്തില്‍ ഉണ്ട്.

Related Articles

Back to top button