Cricket

പാക് നൂല്‍പ്പാലം കടക്കാന്‍ ഇന്ത്യ ‘കൈസഹായം’ അനിവാര്യം; ബാബര്‍ സംഘത്തിന്റെ അവസ്ഥ ഇങ്ങനെ!!

ഐസിസി ട്വന്റി-20 ലോകകപ്പില്‍ അട്ടിമറികളും കുഞ്ഞന്‍ ടീമുകളുടെ അപ്രതീക്ഷിത പ്രകടനങ്ങളും ആവേശത്തിന്റെ മാപിനി കൂട്ടിയിട്ടുണ്ട്. ഇന്ത്യയും പാക്കിസ്ഥാനും അനായാസം സൂപ്പര്‍ എട്ടിലെത്തുമെന്ന് കരുതിയ ഗ്രൂപ്പ് എയില്‍ പോലും ഈ അനിശ്ചിതത്വം നിറഞ്ഞു നില്‍ക്കുന്നു. കളിച്ച രണ്ടിലും ജയിച്ച ഇന്ത്യ ഏറെക്കുറെ സേഫ് സോണിലാണ്.

കാരണം, ഇന്ത്യയ്ക്കിനി താരതമ്യേന പ്രശ്‌നക്കാരല്ലാത്ത അമേരിക്കയും കാനഡയുമാണ് എതിരാളികളായി വരാനുള്ളത്. ഇതില്‍ ഒരു കളിയെങ്കിലും ജയിച്ചാല്‍ സുപ്പര്‍ എട്ട് ഉറപ്പാണ്. പാക്കിസ്ഥാനാണ് ശരിക്കും പെട്ടിരിക്കുന്നത്. കളിച്ച രണ്ടു മല്‍സരങ്ങളും അവസാന ഓവറില്‍ തോറ്റ ബാബറിനും സംഘത്തിനും ഇനി അത്ഭുതങ്ങള്‍ സംഭവിക്കണം അവസാന എട്ടിലെത്താന്‍.

ഗ്രൂപ്പ് എയില്‍ നിലവില്‍ കാനഡയ്ക്കും പിന്നില്‍ നാലാംസ്ഥാനത്താണ് പാക്കിസ്ഥാന്‍. 2 കളി കഴിഞ്ഞപ്പോഴും അവര്‍ക്ക് പോയിന്റൊന്നുമില്ല. അയര്‍ലന്‍ഡ് മാത്രമാണ് അവര്‍ക്ക് പിന്നിലുള്ളത്. ഈ ഗ്രൂപ്പില്‍ നിന്ന് ആര്‍ക്കു വേണമെങ്കിലും സൂപ്പര്‍ എട്ടിലേക്ക് എത്താമെന്നതാണ് അവസ്ഥ.

ഓരോ ടീമുകളുടെയും സൂപ്പര്‍ എട്ട് സാധ്യതകള്‍ നോക്കാം:

ബാബര്‍ അസത്തിനും സംഘത്തിനും ഇനി വേണ്ടത് ഭാഗ്യത്തിന്റെ കൂടി അകമ്പടിയാണ്. ഇനി അവര്‍ക്ക് ബാക്കിയുള്ളത് കാനഡ, അയര്‍ലന്‍ഡ് ടീമുകള്‍ക്കെതിരായ പോരാട്ടങ്ങളാണ്. കാനഡ ഇൗ ലോകകപ്പില്‍ ഭേദപ്പെട്ട പ്രകടനമാണ് നടത്തുന്നത്. അയര്‍ലന്‍ഡ് രണ്ടു കളിയും തോറ്റെങ്കിലും എഴുതിതള്ളാന്‍ പറ്റില്ല.

2007 ഏകദിന ലോകകപ്പില്‍ പാക്കിസ്ഥാനെ ഗ്രൂപ്പ് ഘട്ടം കടക്കാതിരിക്കാന്‍ കാരണക്കാരായത് ഐറിഷ് പടയായിരുന്നു. ഇത്തവണയും വഴിമുടക്കികളായി എത്താനുള്ള സാധ്യത കൂടുതലാണ്. അവസാന രണ്ട് മല്‍സരവും ജയിച്ചാലും പാക്കിസ്ഥാന്‍ മുന്നോട്ടുള്ള പ്രയാണം ഉറപ്പിക്കില്ല.

അവര്‍ക്ക് മറ്റ് ഫലങ്ങള്‍ കൂടി അനുകൂലമാകേണ്ടതുണ്ട്. അതില്‍ ഏറ്റവും പ്രധാനം ഇന്ത്യയുടെ ഭാഗത്തുനിന്നുള്ള സഹായമാണ്. അമേരിക്കയ്‌ക്കെതിരേ ഇന്ത്യ തോല്‍ക്കുന്ന സാഹചര്യം ഉണ്ടായാല്‍ പിന്നെ പാക്കിസ്ഥാന്റെ ലോകകപ്പ് അതോടെ തീരും. കാരണം, അമേരിക്ക ജയിച്ചാല്‍ അവര്‍ക്ക് 6 പോയിന്റാകും. പാക്കിസ്ഥാന് പരമാവധി എത്താന്‍ പറ്റുന്ന പോയിന്റ് 4 മാത്രമാണ്.

പിന്നെയുള്ള വേറൊരു സാധ്യത ഇന്ത്യയുടെ തോല്‍വിയാണ്. അവസാന രണ്ടു മല്‍സരവും ഇന്ത്യ തോല്‍ക്കേണ്ടിവരും. അതിനുള്ള സാധ്യത വിരളമാണ്. ഇന്ത്യയെ സംബന്ധിച്ച് ഇനി ഒരു ജയം പോലും അടുത്ത റൗണ്ടിലേക്ക് എത്തിക്കും. അമേരിക്കയ്ക്ക് മുന്നിലും സാധ്യതകള്‍ വിശാലമായി തുറന്നു കിടപ്പുണ്ട്. ഇന്ത്യയോട് തോറ്റാലും അയര്‍ലന്‍ഡിനെ തോല്പിച്ചാല്‍ അവര്‍ക്ക് ചരിത്രം കുറിക്കാം.

സൂപ്പര്‍ എട്ടിലേക്ക് എത്തുന്ന ടീമുകള്‍ക്ക് അടുത്ത ലോകകപ്പിന് നേരിട്ട് യോഗ്യത നേടുകയും ചെയ്യാം. അമേരിക്കയെ സംബന്ധിച്ച് വലിയ നേട്ടമാകും അത്. എന്തായാലും സൂപ്പര്‍ എട്ടിലേക്ക് പാക്കിസ്ഥാന്റെ സാധ്യതകള്‍ തുലാസില്‍ തന്നെയാണ്.

Related Articles

Back to top button