Cricket

പാക്കിസ്ഥാന്റെ സൂപ്പര്‍ എട്ട് സ്വപ്‌നങ്ങള്‍ ത്രിശങ്കുവില്‍ !! ഇന്ത്യയ്‌ക്കെതിരേ തോറ്റാല്‍ പിന്നെ എല്ലാം കഴിഞ്ഞു…

ട്വന്റി20 ലോകകപ്പില്‍ പാക്കിസ്ഥാന്റെ സൂപ്പര്‍ എട്ട് സ്വപ്‌നങ്ങള്‍ പൊലിയുന്നു. അമേരിക്കയ്‌ക്കെതിരേ ഏറ്റുവാങ്ങിയ പരിതാപകരമായ തോല്‍വി അവരുടെ നില പരുങ്ങലിലാക്കിയിരിക്കുകയാണ്.

ഡാലസ് ഗ്രാന്‍ഡ് പ്രെയറി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സൂപ്പര്‍ ഓവറിലായിരുന്നു യുഎസിന്റെ ചരിത്രവിജയം. തുടര്‍ച്ചായ രണ്ടാം ജയത്തോടെ അരങ്ങേറ്റത്തില്‍ തന്നെ സൂപ്പര്‍ എട്ടിലെത്താനുള്ള സാധ്യതകള്‍ സജീവമാക്കാനും യുഎസ്എയ്ക്കു കഴിഞ്ഞു.

നിലവില്‍ ഗ്രൂപ്പ് എയില്‍ രണ്ടു മത്സരങ്ങളില്‍ നിന്ന് നാലു പോയിന്റുള്ള അവര്‍ക്ക് ഇന്ത്യയ്ക്കും അയര്‍ലന്‍ഡിനുമെതിരേയാണ് മത്സരങ്ങള്‍ ശേഷിക്കുന്നത്.

ഇതില്‍ അയര്‍ലന്‍ഡിനെതിരേ ജയിക്കുകയും പാക്കിസ്ഥാന്‍ ഇന്ത്യയ്‌ക്കെതിരേ തോല്‍ക്കുകയും ചെയ്താല്‍ അവര്‍ക്ക് പ്ലേ ഓഫില്‍ കടക്കാനാവും.

അതേ സമയം ഇന്ത്യയെ തോല്‍പ്പിക്കുകയും അയര്‍ലന്‍ഡിനോട് അമേരിക്ക തോല്‍ക്കുകയും ചെയ്താലാണ് പാക്കിസ്ഥാന് സാധ്യതയുള്ളത്.

നിലവിലെ ഫോമില്‍ അമേരിക്കയെ തോല്‍പ്പിക്കുക അയര്‍ലന്‍ഡിന് ബുദ്ധിമുട്ടേറിയ കാര്യമായിരിക്കും. കാനഡയുമായുള്ള മത്സരത്തില്‍ പാക്കിസ്ഥാന് ഏറെ മുന്‍തൂക്കമുണ്ടെങ്കിലും ഇന്ത്യയ്‌ക്കെതിരേ വിജയിക്കുക അത്ര എളുപ്പമാവില്ല.

പാക്കിസ്ഥാനെ പല തവണ തോല്‍പ്പിച്ചിട്ടുള്ള ടീമായ അയര്‍ലന്‍ഡിനെതിരേയും അവര്‍ക്ക് ഈസി വാക്കോവര്‍ ലഭിക്കാനിടയില്ല. എന്തായാലും ഇന്ത്യ-പാക് മത്സരത്തോടെ ചിത്രം കുറെകൂടി വ്യക്തമാവും.

യുഎസ്എ – പാക് നിശ്ചിത സമയത്തെ കളിയില്‍ ഇരുടീമുകളും നേടിയത് 159 റണ്‍സായിരുന്നു. പിന്നാലെയാണ് മത്സരം സൂപ്പര്‍ ഓവറിലേക്ക് നീണ്ടത്.

പാക് പേസര്‍ മുഹമ്മദ് ആമിറിന്റെ ഓവറില്‍ 18 റണ്‍സാണ് യുഎസ് സ്വന്തമാക്കിയത്. മറുപടിയായി യുഎസിന് വേണ്ടി പന്തെറിഞ്ഞ സൗരഭ് നേത്രവല്‍ക്കര്‍ 13 റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്.

എഴ് എക്‌സ്ട്രാ റണ്‍സാണ് സൂപ്പര്‍ ഓവറില്‍ പാക്കിസ്ഥാനെ ചതിച്ചത്. ഫീല്‍ഡിംഗായിരുന്നു ഇരുടീമുകളും തമ്മിലുള്ള ഒരു പ്രധാന വ്യത്യാസം. പാക്കിസ്ഥാന്‍ മോശം ഫീല്‍ഡിംഗ് കാഴ്ച വച്ചപ്പോള്‍ ഉജ്ജ്വല ഫീല്‍ഡിംഗായിരുന്നു അമേരിക്കയുടേത്.

Related Articles

Back to top button