Cricket

ഞങ്ങളുടെ യൂണിവേഴ്‌സല്‍ ബോസ് ഇങ്ങനെയല്ല !! തുഴച്ചിലിന്റെ ആശാനായി ക്രിസ് ഗെയ്ല്‍

ഇംഗ്ലണ്ടില്‍ നടക്കുന്ന വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സ് 2024 ടൂര്‍ണമെന്റില്‍ വെസ്റ്റ് ഇന്‍ഡീസ് ചാമ്പ്യന്‍സിനെതിരേ പാക്കിസ്ഥാന്‍ ചാമ്പ്യന്‍സിന് 29 റണ്‍സിന്റെ വിജയം.

എജ്ബാസ്റ്റണില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ പാക്കിസ്ഥാന്‍ നായകന്‍ യൂനിസ് ഖാന്‍ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.

നിശ്ചിത 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സാണ് പാക്കിസ്ഥാന്‍ നേടിയത്. 41 പന്തില്‍ 54 റണ്‍സ് നേടിയ ഷൊയ്ബ് മാലിക്കാണ് പാക് പടയുടെ ടോപ് സ്‌കോറര്‍.

15 പന്തില്‍ നാലു ഫോറും മൂന്നു സിക്‌സും സഹിതം 35 റണ്‍സ് നേടിയ ഷര്‍ജീല്‍ ഖാന്‍, ഷൊയിബ് മഖസൂദ്(12 പന്തില്‍ 220, ആമര്‍ യാമിന്‍(11 പന്തില്‍ 29) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു.


എന്നാല്‍ ക്യാപ്റ്റന്‍ യൂനിസ് ഖാന്‍(2), മിസ്ബ ഉള്‍ഹഖ്(10) എന്നിവര്‍ നിരാശപ്പെടുത്തി. ഷാഹിദ് അഫ്രീദി 10 പന്തില്‍ 16 റണ്‍സ് നേടി.

വെസ്റ്റ് ഇന്‍ഡീസ് ചാമ്പ്യന്‍സിനായി ആഷ്‌ലി നഴ്‌സ് മൂന്നു വിക്കറ്റെടുത്തു. ഫിഡല്‍ എഡ്വാര്‍ഡ്‌സ് രണ്ടു വിക്കറ്റ് നേടിയപ്പോള്‍ സാമുവല്‍ ബദ്രി, ജെറോം ടെയ്‌ലര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതമെടുത്തു.

195 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് ചാമ്പ്യന്‍സിന് തിരിച്ചടിയായത് നായകന്‍ ക്രിസ് ഗെയ്‌ലിന്റെ മോശം പ്രകടനമാണ്. 11 പന്തുകള്‍ നേരിട്ട ഗെയ്ല്‍ വെറും രണ്ടു റണ്‍സെടുത്ത് പുറത്താവുകയായിരുന്നു.


46 പന്തില്‍ എട്ടു ഫോറും രണ്ടു സിക്‌സും സഹിതം 65 റണ്‍സ് നേടിയ ഡ്വെയ്ന്‍ സ്മിത്താണ് വിന്‍ഡീസിന്റെ ടോപ്‌സ്‌കോറര്‍.

ജോനാഥന്‍ കാര്‍ട്ടര്‍(34), ചാഡ് വിക് വാള്‍ട്ടണ്‍(16), ജെറോം ടെയ്‌ലര്‍(13) എന്നിവരും വിന്‍ഡീസ് നിരയില്‍ രണ്ടക്കം കണ്ടു. നിശ്ചിത ഓവറില്‍ ഒമ്പതു വിക്കറ്റിന് 165ല്‍ വിന്‍ഡീസിന്റെ ഇന്നിംഗ്‌സ് അവസാനിച്ചു.

നാലോവറില്‍ വെറും 14 റണ്‍സിന് നാലു വിക്കറ്റ് വീഴ്ത്തിയ സൊഹൈല്‍ തന്‍വീറാണ് വിന്‍ഡീഡിനെ തകര്‍ത്തത്. ഷാഹിദ് അഫ്രീദി മൂന്നും വഹാബ് റിയാസ് രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.

ഷൊയ്ബ് മാലിക്കാണ് കളിയിലെ താരം. ആദ്യ രണ്ടു മത്സരങ്ങളും വിജയിച്ച പാക്കിസ്ഥാന്‍ ചാമ്പ്യന്‍സാണ് പോയിന്റ് പട്ടികയില്‍ ഒന്നാമന്മാര്‍. ജൂലൈ ആറിന് ഇന്ത്യയ്‌ക്കെതിരേയാണ് പാക്കിസ്ഥാന്‍ ചാമ്പ്യന്‍സിന്റെ അടുത്ത മത്സരം.

Related Articles

Back to top button