Cricket

അയര്‍ലന്‍ഡിനോട് വിറച്ച് ജയിച്ച് പാക്കിസ്ഥാന്‍ !! രക്ഷകനായത് ഷഹീന്‍ അഫ്രീദി

ട്വന്റി20 ലോകകപ്പില്‍ സൂപ്പര്‍ എട്ട് കാണാതെ പുറത്തായ പാക്കിസ്ഥാന്‍ അവസാന മത്സരത്തില്‍ അയര്‍ലന്‍ഡിനോട് കഷ്ടിച്ചു രക്ഷപ്പെട്ടു.

അയര്‍ലന്‍ഡിന്റെ 106 റണ്‍സ് പിന്തുടര്‍ന്ന പാക്കിസ്ഥാന്‍ മൂന്നു വിക്കറ്റും ഏഴു പന്തും മാത്രം ബാക്കി നില്‍ക്കെയാണ് ആശ്വാസ ജയം കണ്ടത്.

ഫ്‌ളോറിഡയിലെ സെന്‍ട്രല്‍ ബ്രൗവാര്‍ഡ് പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത അയര്‍ലന്‍ഡിന് പാക് പേസര്‍മാര്‍ക്ക് മുമ്പില്‍ പിടിച്ചു നില്‍ക്കാനായില്ല.

33ന് ആറ് എന്ന നിലയില്‍ തകര്‍ന്ന അയര്‍ലന്‍ഡിന്റെ സ്‌കോര്‍ 100 കടത്തിയത് ഏഴാമനായി ക്രീസിലെത്തിയ ഗാരെത് ഡിലാനിയും പത്താനമനായ ജോഷ് ലിറ്റിലും ചേര്‍ന്നാണ.

19 പന്തില്‍ ഒരു ഫോറും മൂന്നു സിക്‌സറും സഹിതം 31 റണ്‍സാണ് ഡിലാനി നേടിയത്. 18 പന്തില്‍ രണ്ടു ഫോറും ഒരു സിക്‌സും സഹിതം 22 റണ്‍സാണ് ലിറ്റില്‍ നേടിയത്. ജോര്‍ജ് ഡോക്ക്‌റല്‍(11), മാര്‍ക്ക് അഡയര്‍(15) എന്നിവരാണ് ഐറിഷ് നിരയില്‍ രണ്ടക്കം കണ്ട മറ്റു രണ്ടുപേര്‍. ഒടുവില്‍ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 106 റണ്‍സില്‍ ഇന്നിംഗ്‌സ് അവസാനിച്ചു.

നാലോവറില്‍ വെറും എട്ടു റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റെടുത്ത സ്പിന്നര്‍ ഇമാദ് വസിമാണ് പാക്കിസ്ഥാന്‍ ബൗളര്‍മാരില്‍ മികച്ചു നിന്നത്. ഷഹീന്‍ അഫ്രീദിയും മൂന്നു വിക്കറ്റെടുത്തു.

മുഹമ്മദ് ആമിര്‍ നാലോവറില്‍ 11 റണ്‍സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റെടുക്കുകയും ചെയ്തു. ഹാരിസ് റൗഫിന് ഒരു വിക്കറ്റുണ്ട്.

മറുപടി ബാറ്റിംഗില്‍ പാകിസ്താന് ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചത്. മുഹമ്മദ് റിസ്വാന്‍ സയീം അയൂബും 17 റണ്‍സ് വീതമെടുത്ത് പുറത്തായി.

എന്നാല്‍ പവര്‍പ്ലേയ്ക്ക് പിന്നാലെ അയര്‍ലന്‍ഡ് ശക്തമായി മത്സരത്തിലേക്ക് തിരികെ വരികയായിരുന്നു. 52ന് രണ്ട് എന്ന നിലയില്‍ നിന്നും 62ന് ആറ് എന്ന നിലയിലേക്ക് തകര്‍ന്നെങ്കിലും ഒരറ്റത്ത് ബാബര്‍ അസം ഉറച്ചുനിന്ന് പൊരുതിയതാണ് പാക്കിസ്ഥാന് രക്ഷയായത്.

എട്ടാമനായി ക്രീസിലെത്തിയ അബ്ബാസ് അഫ്രിദി 17 റണ്‍സുമായി ബാബറിന് പിന്തുണ നല്‍കി. എന്നാല്‍ അബ്ബാസ് അഫ്രീദി പുറത്തായതിനു പിന്നാലെ ക്രീസിലെത്തിയ ഷഹീന്‍ അഫ്രീദി രണ്ടോവറില്‍ 12 വേണ്ടിയിരുന്നപ്പോള്‍ 19-ാം ഓവറില്‍ രണ്ടു സിക്‌സര്‍ നേടി കളി തീര്‍ക്കുകയായിരുന്നു.

ബാബര്‍ അസം 34 പന്തില്‍ 32 റണ്‍സുമായി പുറത്താവാതെ നിന്നു. നാലോവറില്‍ 15 റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റെടുത്ത ബാരി മക്കാര്‍ത്തിയുടെ ബൗളിംഗാണ് പാക്കിസ്ഥാന്റെ വിജയം വൈകിച്ചത്. കര്‍ട്ടിസ് കാംഫര്‍ രണ്ടും ബെഞ്ചമിന്‍ വൈറ്റ്, മാര്‍ക്ക് അഡയര്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. ഷഹീന്‍ അഫ്രീദിയാണ് കളിയിലെ താരം.

ട്വന്റി20 ലോകകപ്പില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന ക്യാപ്റ്റന്‍ എന്ന എന്ന റെക്കോഡും ഈ മത്സരത്തോടെ ബാബര്‍ അസമിന് സ്വന്തമായി. 549 റണ്‍സാണ് ക്യാപ്റ്റനായി ബാബര്‍ ട്വന്റി20 ലോകകപ്പുകളില്‍ നിന്ന് നേടിയത്. 529 റണ്‍സ് നേടിയ ഇന്ത്യയുടെ മുന്‍ നായകന്‍ എംഎസ് ധോണിയെയാണ് ബാബര്‍ മറികടന്നത്.

Related Articles

Back to top button