Cricket

യോ യോ ടെസ്റ്റിനെ പരിഹസിക്കുന്ന സെലക്ഷന്‍ !! അസം ഖാനെതിരേ രൂക്ഷ വിമര്‍ശനം

പാക്കിസ്ഥാന്റെ യുവവിക്കറ്റ് കീപ്പര്‍ അസം ഖാന്റെ ശാരീരിക ക്ഷമത സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ വന്‍ പരിഹാസമാണുയരുന്നത്.

ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് പാക്കിസ്ഥാന്റെ മുന്‍ നായകന്‍ സല്‍മാന്‍ ബട്ട്.

പാക്കിസ്ഥാന്റെ മുന്‍ താരമായിരുന്ന മൊയീന്‍ ഖാന്റെ മകനാണ് 25 വയസ്സുകാരനായ അസം ഖാന്‍. ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയില്‍ നിരാശപ്പെടുത്തുന്ന പ്രകടനം നടത്തിയതോടെയാണ് താരത്തിനെതിരായ വിമര്‍ശനം ശക്തമായത്.

ബാറ്റിംഗിലും വിക്കറ്റ് കീപ്പിംഗിലും താരം ഒരുപോലെ പരാജയമായിരുന്നു. താരത്തിന്റെ ഫിറ്റ്‌നസാണ് ആളുകളുടെ വിമര്‍ശനത്തിനു പാത്രമാവുന്ന ഏറ്റവും പ്രധാന കാര്യം.

ട്വന്റി20 ലോകകപ്പില്‍ പാക്കിസ്ഥാന്റെ പ്രധാന വിക്കറ്റ് കീപ്പറാണ് അസം ഖാന്‍. ”അസം ഖാന് ഒരുപാട് അവസരങ്ങള്‍ ലഭിച്ചുകഴിഞ്ഞു. അദ്ദേഹത്തിന്റെ കഴിവില്‍ എനിക്കു വിശ്വാസമുണ്ട്.

എന്നാല്‍ പിഴവു സംഭവിക്കുമ്പോഴൊക്കെ ആളുകള്‍ അദ്ദേഹത്തിന്റെ ഫിറ്റ്‌നസിലേക്കാണു വിരല്‍ ചൂണ്ടുന്നത്. അതിനെ നേരിടാന്‍ അസം ഖാന്‍ തയാറായില്ലെങ്കില്‍, പാക്കിസ്ഥാനുവേണ്ടി കളിക്കുന്നതിന് അദ്ദേഹത്തിന് താല്‍പര്യമില്ലെന്നാണു വ്യക്തമാകുന്നത്. ശരീരഭാരം കുറയ്ക്കാന്‍ അദ്ദേഹം തയ്യാറാവണം.” സല്‍മാന്‍ ബട്ട് ഒരു സ്‌പോര്‍ട്‌സ് മാധ്യമത്തോടു പറഞ്ഞു.

”രാജ്യത്തിനായി 10 കിലോ ഭാരം കുറയ്ക്കാന്‍ തയാറല്ലെങ്കില്‍ അതെങ്ങനെ പ്രാവര്‍ത്തികമാകും. കംഫര്‍ട്ട് സോണില്‍നിന്ന് അസം ഖാന്‍ പുറത്തുവരണം. ജനിതകമായ പ്രശ്‌നമാണെങ്കില്‍ ഡോക്ടര്‍മാരാണ് അതു കണ്ടെത്തേണ്ടത്.

ഒരു കായിക താരമെന്ന നിലയില്‍ അദ്ദേഹത്തെ കാണാനും അങ്ങനെ തന്നെയായിരിക്കണം.” സല്‍മാന്‍ ബട്ട് വ്യക്തമാക്കി.

മാര്‍ച്ചില്‍ നടന്ന ഫിറ്റ്‌നസ് ടെസ്റ്റ് വളരെ ബുദ്ധിമുട്ടിയാണ് അസം ഖാന്‍ പാസായത്. രണ്ടു കിലോമീറ്റര്‍ ഓട്ടം 20 മിനിറ്റോളം സമയമെടുത്താണ് അസം ഖാന്‍ പൂര്‍ത്തിയാക്കിയത്.

ടീമിലെ സ്വജനപക്ഷപാതത്തിന്റെ ഉത്തമ ഉദാഹരണമായി പലപ്പോഴും ചൂണ്ടിക്കാട്ടപ്പെടുന്ന താരമാണ് അസംഖാന്‍. രാജ്യാന്തര മത്സരം കളിക്കാന്‍ ഫിറ്റ്‌നസില്ലാത്ത താരമെന്നാണ് അസം ഖാനക്കുറിച്ച് മിക്കവരും പറയുന്നത്.

പാക് ടീമിലെ ആന എന്ന രീതിയില്‍ താരത്തെ പരിഹസിക്കുന്നവരും സോഷ്യല്‍ മീഡിയയില്‍ കുറവല്ല. അസം ഖാന്റെ ശരീരഭാരത്തെ പരിഹസിച്ചു കൊണ്ട് നിരവധി ട്രോളുകളാണ് ദിനംപ്രതി ഇറങ്ങുന്നത്.

Related Articles

Back to top button