Cricket

ഉഗാണ്ടയെ എറിഞ്ഞിട്ട് ന്യൂസിലന്‍ഡ് !! റെക്കോഡ് വിജയം

ട്വന്റി20 ലോകകപ്പില്‍ നിന്ന് പുറത്തായതിന്റെ ക്ഷീണം ഉഗാണ്ടയുടെ മേല്‍ തീര്‍ത്ത് ന്യൂസിലന്‍ഡ്. ആറോവറില്‍ കളി തീര്‍ത്താണ് കിവികള്‍ ടൂര്‍ണമെന്റിലെ ആശ്വാസ ജയം നേടിയത്.

ആദ്യം ബാറ്റ് ചെയ്ത ഉഗാണ്ട 18.4 ഓവറില്‍ വെറും 40 റണ്‍സിന് ഓള്‍ഔട്ടായപ്പോള്‍ 5.2 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി കിവീസ് വിജയിക്കുകയായിരുന്നു.

ട്വന്റി20 ലോകകപ്പില്‍ പന്തുകള്‍ അവശേഷിപ്പിച്ചുള്ള വിജയങ്ങളില്‍ ഏറ്റവും വലിയ മൂന്നാമത്ത വിജയമാണിത്. 88 പന്തുകള്‍ ബാക്കി നില്‍ക്കെയാണ് ന്യൂസിന്‍ഡിന്റെ വിജയം.

ട്രിനിഡാഡിലെ ബ്രയാന്‍ലാറ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ന്യൂസിലന്‍ഡ് ഉഗാണ്ടയെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു.

എന്നാല്‍ ആദ്യ ഓവറില്‍ തന്നെ രണ്ടു വിക്കറ്റെടുത്ത് കിവീസ് പേസര്‍ ട്രെന്‍ഡ് ബോള്‍ട്ട് ഉഗാണ്ടയെ സമ്മര്‍ദ്ദത്തിലാക്കി. പിന്നീട് ക്രമമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീണു കൊണ്ടിരുന്നു. ഒടുവില്‍ 40 റണ്‍സില്‍ ഇന്നിംഗ്‌സ് അവസാനിക്കുകയും ചെയ്തു. 11 റണ്‍സ് നേടിയ കെന്നത്ത് വൈശ്വയ്ക്ക് മാത്രമാണ് ഉഗാണ്ടന്‍ നിരയില്‍ രണ്ടക്കം കാണാനായത്.

20 പന്തില്‍ രണ്ടു റണ്‍സ് മാത്രമെടുത്തു പുറത്തായ ഉഗാണ്ടന്‍ ബാറ്റര്‍ റൊണക് പട്ടേല്‍ നാണക്കേടിന്റെ റെക്കോഡും സ്വന്തമാക്കി. ട്വന്റി20 ലോകകപ്പില്‍ കുറഞ്ഞത് പത്ത് പന്തെങ്കിലും നേരിട്ടിട്ടുള്ള ബാറ്റര്‍മാരില്‍ ഏറ്റവും കുറഞ്ഞ സ്‌ട്രൈക്ക് റേറ്റ് എന്ന റെക്കോഡാണ് പട്ടേലിന് സ്വന്തമായത്.

നാലോവറില്‍ നാലു റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റെടുത്ത ടിം സൗത്തിയാണ് ന്യൂസിലന്‍ഡ് ബൗളര്‍മാരില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചത്.

ബോള്‍ട്ട് നാലോവറില്‍ ഏഴു റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് നേടിയപ്പോള്‍ 3.4 ഓവറില്‍ എട്ടു റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റെടുത്ത മിച്ചല്‍ സാന്റ്‌നറും മൂന്നോവറില്‍ ഒമ്പതു റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റെടുത്ത രചിന്‍ രവീന്ദ്രയും മികച്ച പ്രകടനമാണ് കാഴ്ച വച്ചത്. ഒരു വിക്കറ്റ് എടുത്ത ലോക്കി ഫെര്‍ഗൂസന്‍ നാലോവറില്‍ ഒമ്പതു റണ്‍സ് മാത്രമാണ് വഴങ്ങിയത്.

41 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ന്യൂസിലന്‍ഡിന് ഓപ്പണര്‍ ഫിന്‍ അലന്റെ വിക്കറ്റ് മാത്രമാണ് നഷ്ടമായത്. 17 പന്തില്‍ ഒമ്പതു റണ്‍സ് നേടിയ അലനെ റിയാസത് അലി ഷാ പുറത്താക്കുകയായിരുന്നു.

ഡെവണ്‍ കോണ്‍വേ(15 പന്തില്‍ 22), രചിന്‍ രവീന്ദ്ര(1) എന്നിവര്‍ കൂടുതല്‍ വിക്കറ്റ് നഷ്ടമില്ലാതെ കിവീസിനെ വിജയത്തിലെത്തിക്കുകയായിരുന്നു.

പാപ്പുവാ ന്യൂഗിനിയ്‌ക്കെതിരേ നേടിയ വിജയത്തിന്റെ ആശ്വാസത്തിലാണ് ഉഗാണ്ട തങ്ങളുടെ ആദ്യ ലോകകപ്പില്‍ നിന്ന് മടങ്ങുന്നത്. ന്യൂസിന്‍ഡിന്റെ അടുത്ത മത്സരം പാപ്പുവ ന്യൂഗിനിയുമായാണ്.

Related Articles

Back to top button