Cricket

വീണ്ടും കോവിഡ് പിടിമുറുക്കുന്നു!! ന്യൂസിലന്‍ഡ് സൂപ്പര്‍താരത്തിന് രോഗബാധ സ്ഥിരീകരിച്ചു

കോവിഡ് കാലം നിരവധി താരങ്ങളുടെ കരിയറിനാണ് വലിയ കോട്ടം വരുത്തിയത്. കരിയറിന്റെ അവസാനഘട്ടത്തിലെത്തിയ പല താരങ്ങളുടെയും കരിയര്‍ അതോടെ അവസാനിക്കുകയും ചെയ്തു.

ഇപ്പോഴിതാ വീണ്ടും കായികരംഗത്ത് കോവിഡ് ഭീഷണി ഉയരുകയാണ്. ന്യൂസിലന്‍ഡ് ഓപ്പണര്‍ ഡെവണ്‍ കോണ്‍വേയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ന്യൂസിലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു.

ബോര്‍ഡ് പുറത്തുവിട്ട പ്രസ്താവനയിലാണ് കോണ്‍വേയുടെ ആരോഗ്യസ്ഥിതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വ്യക്തമാക്കിയത്. കോണ്‍വേക്ക് പുറമെ ബൗളിംഗ് കോച്ച് ആന്ദ്രേ ആദംസിനും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.


രോഗബാധിതനായതോടെ പാക്കിസ്ഥാനെതിരായ നാലാം ട്വന്റി20യില്‍ നിന്ന് താരത്തെ ഒഴിവാക്കിയിരുന്നു. മുമ്പ് രോഗബാധിതനായ ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്‌നര്‍ പിന്നീട് ടീമിലേക്ക് മടങ്ങിയെത്തുകയായിരുന്നു.

നിലവില്‍ ക്രൈസ്റ്റ് ചര്‍ച്ചിലെ ഹോട്ടല്‍ മുറിയില്‍ ഐസൊലേഷനില്‍ കഴിയുകയാണ് കോണ്‍വെ. കോണ്‍വേക്ക് പകരക്കാരനായി കാന്റര്‍ബറി ബാറ്റര്‍ ചാഡ് ബൗസിനെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ന്യൂസിലാന്‍ഡ് തങ്ങളുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ വ്യക്തമാക്കി.

ഐസൊലേഷനില്‍ കഴിയുന്ന ബൗളിംഗ് പരിശീലകന്‍ ആന്ദ്രേ ആദംസിനു പകരം കാന്റര്‍ബറിയുടെ മെന്‍സ് ടീം ഡെവലപ്മെന്റ് കോച്ച് ബ്രണ്ടന്‍ ഡോങ്കഴ്സ് ബൗളിംഗ് പരിശീലകന്റെ സ്ഥാനമേറ്റെടുക്കുമെന്നും ടീം എക്‌സില്‍ അറിയിച്ചിട്ടുണ്ട്.


ഹാഗ് ലി ഓവലാണ് നാലാം മത്സരത്തിന്റെ വേദി. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളിലും വിജയിച്ച് ന്യൂസിലാന്‍ഡ് ഇതിനോടകം പരമ്പര സ്വന്തമാക്കിക്കഴിഞ്ഞു.

Related Articles

Back to top button