Cricket

നേപ്പാളിലെത്തിയ വിന്‍ഡീസ് താരങ്ങള്‍ക്ക് കിട്ടിയത് ഓര്‍ഡിനറി ബസും പിക്കപ്പ് വാനും!! സഹിക്കാന്‍ പറ്റാത്ത അപമാനം

അഞ്ചു മത്സര ട്വന്റി20 പരമ്പരയ്ക്കായി നേപ്പാളിലെത്തിയ വെസ്റ്റ് ഇന്‍ഡീസ് എ ടീമിനെ നേപ്പാള്‍ ക്രിക്കറ്റ് ബോര്‍ഡ് സ്വീകരിച്ച രീതി വന്‍ വിമര്‍ശനങ്ങള്‍ക്ക് വഴിവയ്ക്കുകയാണ്.

കാഠ്മണ്ഡു വിമാനത്താവളത്തില്‍ ഇറങ്ങിയ വിന്‍ഡീസ് താരങ്ങള്‍ക്ക് വേണ്ട രീതിയിലുള്ള സൗകര്യങ്ങള്‍ നല്‍കിയില്ല. സാധാരണ ടൂറിസ്റ്റുകളോടെന്ന പോലെയാണ് നേപ്പാള്‍ ക്രിക്കറ്റ് ബോര്‍ഡ് വിന്‍ഡീസ് താരങ്ങളോടു പെരുമാറിയത്.

വിന്‍ഡീസ് താരങ്ങളുടെ ലഗേജുകള്‍ കൊണ്ടുപോകുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വലിയതോതില്‍ പ്രചരിക്കുന്നുണ്ട്. ഒരു പിക്കപ്പ് വാനിലാണ് എല്ലാവരുടെയും ലഗേജുകള്‍ ഹോട്ടലിലേക്ക് കൊണ്ടുപോകുന്നത്.

ലഗേജുകള്‍ താരങ്ങള്‍ തന്നെ വാഹനത്തിലേക്ക് കയറ്റുന്നതും ദൃശ്യങ്ങളിലുണ്ട്. ബോര്‍ഡ് വിന്‍ഡീസ് താരങ്ങളോട് കാണിച്ച അവഹേളനത്തിന് തെളിവായിട്ടാണ് ഈ വീഡിയോ ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ഇതു മാത്രമല്ല, താരങ്ങള്‍ക്ക് ഹോട്ടലിലെത്താന്‍ വിട്ടു നല്‍കിയ ബസിന്റെ വീഡിയോയും വലിയ തോതില്‍ പ്രചരിക്കുന്നുണ്ട്. ഓര്‍ഡിനറി ടൂറിസ്റ്റ് ബസ്സാണ് നേപ്പാള്‍ ക്രിക്കറ്റ് ബോര്‍ഡ് കരീബിയന്‍ താരങ്ങള്‍ക്കായി ഒരുക്കിയത്.

ബസില്‍ എ.സി സൗകര്യം പോലുമുണ്ടായിരുന്നില്ല. ലഗേജുകളും കിറ്റുകളും കൊണ്ടുപോവുന്നതിനായി പുറത്തുവന്നുനിന്ന ട്രക്ക് കണ്ടപ്പോള്‍ത്തന്നെ വിന്‍ഡീസ് താരങ്ങള്‍ അദ്ഭുതപ്പെട്ടു.

പിന്നാലെ മതിയായ സൗകര്യങ്ങളില്ലാത്ത ബസുംകൂടി കണ്ടതോടെ താരങ്ങളുടെ കിളി പാറി. അന്താരാഷ്ട്ര മത്സരത്തിനായി നേപ്പാളിലെത്തിയ വിന്‍ഡീസ് താരങ്ങള്‍ക്ക് ലോക്കല്‍ ടൂര്‍ണമെന്റിനു വരുന്നവര്‍ക്കു കിട്ടുന്ന ആതിഥ്യ മര്യാദപോലും ലഭിച്ചില്ലെന്നാണ് പരക്കെയുള്ള ആക്ഷേപം.


ഇതൊക്കെയായപ്പോഴേക്കും താരങ്ങള്‍ക്ക് താമസ സൗകര്യം ഒരുക്കിയിരിക്കുന്ന ഹോട്ടല്‍ എങ്ങനെയുള്ളതായിരിക്കും എന്ന തരത്തിലും ചര്‍ച്ചകള്‍ സജീവമായിരിക്കുകയാണ്.

വിദേശ താരങ്ങള്‍ക്കായി നേപ്പാള്‍ നടത്തിയ ക്രമീകരണം കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ഇടവരുത്തിയേക്കും. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ടീമുകള്‍ക്കൊപ്പമായതിനാല്‍ പ്രമുഖ താരങ്ങളാരും വിന്‍ഡീസ് എ ടീമംഗങ്ങള്‍ക്കൊപ്പം നേപ്പാളിലെത്തിയിട്ടില്ല.

കീര്‍ത്തിപുരിലെ ത്രിഭുവന്‍ യൂണിവേഴ്സിറ്റി അന്താരാഷ്ട്ര ക്രിക്കറ്റ് ഗ്രൗണ്ടിലാണ് അഞ്ച് മത്സരങ്ങളും നടക്കുക. എന്തായാലും സംഭവത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

Related Articles

Back to top button