Cricket

ലോകദുരന്തം!! മുംബൈയെ കളി തോല്‍പ്പിച്ചത് ഹാര്‍ദിക്കിന്റെ മണ്ടന്‍ തീരുമാനങ്ങള്‍

ഐപിഎല്ലില്‍ വീണ്ടുമൊരു നാണംകെട്ട തോല്‍വി കൂടി വഴങ്ങിയ മുംബൈ ഇന്ത്യന്‍സിന്റെ നില പരുങ്ങലിലായിരിക്കുകയാണ്.

രാജസ്ഥാന്‍ റോയല്‍സിനോട് 9 വിക്കറ്റിനാണ് മുംബൈ തോറ്റത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ 9 വിക്കറ്റിന് 179 റണ്‍സ് നേടിയപ്പോള്‍ 18.4 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ രാജസ്ഥാന്‍ വിജയലക്ഷ്യം മറികടക്കുകയായിരുന്നു.

ുംബൈയുടെ തോല്‍വിക്ക് പിന്നാലെ നായകന്‍ ഹാര്‍ദിക് പാണ്ഡ്യയുടെ മണ്ടന്‍ തീരുമാനങ്ങള്‍ വിമര്‍ശനം ഏറ്റുവാങ്ങുകയാണ്.

നിരവധി മണ്ടത്തരങ്ങളാണ് ഹാര്‍ദിക് മത്സരത്തിലുടനീളം പുറത്തെടുത്തത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനുള്ള തീരുമാനം തന്നെ മണ്ടത്തരമായിരുന്നു.

അതിന്റെ കാരണം സഞ്ജു സാംസണ്‍ തന്നെ വ്യക്തമാക്കിയിരുന്നു. ടോസ് ലഭിച്ചിരുന്നെങ്കില്‍ ആദ്യം പന്തെറിയാനായിരുന്നു രാജസ്ഥാന്‍ ആഗ്രഹിച്ചത്.

അവരുടെ ആഗ്രഹം പോലെ തന്നെ ആദ്യം ബാറ്റ് ചെയ്യാന്‍ മുംബൈ തീരുമാനിച്ചു. പവര്‍പ്ലേയില്‍ മൂന്ന് വിക്കറ്റടക്കം നഷ്ടപ്പെട്ട് മുംബൈ തകരുകയും ചെയ്തു.

ബാറ്റിംഗില്‍ മുംബൈ അനാവശ്യമായ ചില പരീക്ഷണങ്ങളും നടത്തി. അഞ്ചാം നമ്പറില്‍ മുഹമ്മദ് നബിയെ കൊണ്ടുവന്നത് മികച്ച തീരുമാനമായിരുന്നില്ല. ആദ്യത്തെ അഞ്ച് പന്തുകള്‍ ഡോട്ട് ബോളാക്കിയ ശേഷമാണ് നബി 17 പന്തില്‍ 23 റണ്‍സെടുത്തത്.

ആ സ്ഥാനത്ത് ഹാര്‍ദിക് പാണ്ഡ്യ കളിച്ചിരുന്നെങ്കില്‍ പതിയെ തുടങ്ങി ഇന്നിംഗ്‌സ് കെട്ടിപ്പടുക്കാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ നായകനെന്ന നിലയില്‍ ഹാര്‍ദിക് അതിന് ധൈര്യം കാട്ടിയില്ല.

തുടക്കം പാളിയ മുംബൈയെ നേഹല്‍ വധേരയും തിലക് വര്‍മയും ചേര്‍ന്ന് ശക്തമായി മുന്നോട്ട് കൊണ്ടുപോയിരുന്നു. ഒരു ഘട്ടത്തില്‍ 200ന് മുകളിലേക്ക് മുംബൈ സ്‌കോര്‍ബോര്‍ഡ് പോകുമെന്നാണ് കരുതിയത്.

17-ാം ഓവറിലെ ആദ്യ പന്തില്‍ നേഹല്‍ വധേര ഔട്ടായപ്പോള്‍ ക്രീസിലെത്തിയത് ഹാര്‍ദിക് പാണ്ഡ്യയാണ്. ഹാര്‍ദിക് 10 പന്തില്‍ 10 റണ്‍സാണ് നേടിയത്. മികച്ച റണ്‍റേറ്റില്‍ പോയിരുന്ന മുംബൈ ഇന്ത്യന്‍സിന്റെ സ്‌കോറിംഗിന്റെ ഒഴുക്ക് നിലച്ചത് അവിടെയാണ്.

നാലോവര്‍ മാത്രം കളിയില്‍ ബാക്കിയുള്ളപ്പോള്‍ ഹാര്‍ദിക്കിനു പകരം ടിം ഡേവിഡ് ആസ്ഥാനത്ത് ഇറങ്ങിയിരുന്നെങ്കില്‍ കളി മാറിയേനെ.

എന്നാല്‍ നായകനെന്ന നിലയില്‍ ഹാര്‍ദിക് ഡേവിഡിനെ തഴഞ്ഞ് നേരത്തെ ഇറങ്ങിയത് മുംബൈ സ്‌കോര്‍ബോര്‍ഡിനെ ബാധിച്ചു. ഈ സീസണില്‍ ബാറ്റ്സ്മാനെന്ന നിലയില്‍ ഹാര്‍ദിക് ദുരന്തമാണെന്ന് പറയാം.

എന്നാല്‍ ഹാര്‍ദിക് പാണ്ഡ്യ ഔട്ടായതിനു ശേഷം എത്തിയ ഡേവിഡിന് തുടക്കത്തില്‍ കാര്യമായ പന്ത് നേരിടാനായില്ല. ഒരു വശത്ത് വിക്കറ്റുകള്‍ തുടര്‍ച്ചയായി വീണതും പിന്നീട് ബാറ്റര്‍മാര്‍ ആരും ഇല്ലാത്തതും ഡേവിഡിനെ സമ്മര്‍ദത്തിലാക്കുകയും ചെയ്തു. അവസാന മൂന്നോവറില്‍ വെറും 18 റണ്‍സ് മാത്രമാണ് മുംബൈയ്ക്ക് നേടാനായത്. അവിടെയാണ് കളി രാജസ്ഥാന് അനുകൂലമായതും.

പിന്നീട് ബൗളിംഗിലും ഹാര്‍ദിക് പാണ്ഡ്യയുടെ മണ്ടന്‍ തീരുമാനങ്ങള്‍ രാജസ്ഥാന് കാര്യങ്ങള്‍ എളുപ്പമാക്കി.

മൂന്ന് സ്പെഷ്യലിസ്റ്റ് പേസര്‍മാര്‍ ഉണ്ടായിട്ടും ഹാര്‍ദിക്കാണ് ആദ്യം പന്തെറിഞ്ഞത്. ഈ ഓവറില്‍ 11 റണ്‍സ് നേടിയത് രാജസ്ഥാന്‍ ഓപ്പണര്‍മാരുടെ ആത്മവിശ്വാസം ഉയര്‍ത്തുകയും അവരെ താളം കണ്ടെത്താന്‍ സഹായിക്കുകയും ചെയ്തു.

ആദ്യ ഓവറില്‍ ബുംറയോ മറ്റോ എറിഞ്ഞിരുന്നുവെങ്കില്‍ രാജസ്ഥാന്‍ ബാറ്റര്‍മാരില്‍ സമ്മര്‍ദം സൃഷ്ടിക്കാനാവുമായിരുന്നു.

ബട്ലര്‍ പുറത്തായ ശേഷം സഞ്ജു സാംസണും യശ്വസി ജയ്സ്വാളും റണ്‍സുയര്‍ത്തി. ഈ കൂട്ടുകെട്ട് പൊളിക്കാന്‍ ജെറാള്‍ഡ് കോയിറ്റ്സി, നുവാന്‍ തുഷാര, ജസ്പ്രീത് ബുംറ എന്നിവരെയൊന്നും ഹാര്‍ദിക് ഉപയോഗിച്ചില്ല.

15-ാം ഓവറില്‍ ബുംറയെ തിരികെ കൊണ്ടുവരുമ്പോള്‍ രാജസ്ഥാന്‍ സ്‌കോര്‍ബോര്‍ഡില്‍ 135 റണ്‍സുണ്ടായിരുന്നു. പേസ് ബൗളര്‍മാരെ വേണ്ടപോലെ ഉപയോഗിക്കാന്‍ ഹാര്‍ദിക്കിന് സാധിച്ചില്ല. ഇക്കാര്യത്തില്‍ രാജസ്ഥാന്‍ നായകന്‍ സഞ്ജു മികച്ചുനിന്നു.

സന്ദീപ് ശര്‍മ 18 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയിടത്താണ് മുംബൈയുടെ പേരുകേട്ട ബൗളര്‍മാര്‍ തല്ലുവാങ്ങിയത്. 15-ാം ഓവറില്‍ ബുംറ പന്തെറിയാനെത്തിയപ്പോഴേക്കും രാജസ്ഥാന്‍ കളിയില്‍ ആധിപത്യം സ്ഥാപിച്ചിരുന്നു.

പരിതാപകരമായ ഫീല്‍ഡിംഗും മുംബൈയെ ചതിച്ചു. തുടക്കത്തില്‍ തന്നെ അനായാസം കൈപ്പിടിയിലൊതുക്കാവുന്ന പന്ത് മിസ് ഫീല്‍ഡ് ചെയ്ത് ഹാര്‍ദിക് ബൗണ്ടറി വിട്ടിരുന്നു.

വധേര ജയ്സ്വാളിന്റെ ക്യാച്ചും ടിം ഡേവിഡ് സഞ്ജു സാംസണിന്റെ ക്യാച്ചും നഷ്ടപ്പെടുത്തിയതും മത്സരഫലത്തില്‍ നിര്‍ണായകമായി.

ബുംറയെപ്പോലൊരു ലോകോത്തര ബൗളറെ പരമാവധി പ്രയോജനപ്പെടുത്താന്‍ ഹാര്‍ദിക്കിന് സാധിക്കുന്നില്ല. സാഹചര്യം മനസ്സിലാക്കാതെ സ്വന്തമായി ബൗള്‍ ചെയ്യുന്നതും ടീമിന് തിരിച്ചടിയാവുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണാനാവുന്നത്.

കളിച്ച എട്ടുകളികളില്‍ അഞ്ചിലും തോറ്റ മുംബൈയ്ക്ക് ഇനിയുള്ള മത്സരങ്ങള്‍ നിര്‍ണായകമാണ്. ഇനിയുള്ള ആറു മത്സരങ്ങളില്‍ അഞ്ചെണ്ണത്തിലെങ്കിലും ജയിച്ചാല്‍ മാത്രമേ മുംബൈയ്ക്ക് പ്ലേഓഫ് സാധ്യതയുള്ളൂ.

Related Articles

Back to top button