Cricket

ദ്രാവിഡിന്റെ പകരക്കാരനായി എംഎസ് ധോണി വരുമോ ? ഗാംഗുലി മുതല്‍ പോണ്ടിംഗ് വരെ റഡാറില്‍…

അടുത്ത മാസം നടക്കുന്ന ട്വന്റി20 ലോകകപ്പിനു ശേഷം ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനത്തു നിന്നും രാഹുല്‍ ദ്രാവിഡ് പടിയിറങ്ങും.

പുതിയ പരിശീലകനായുള്ള നടപടികള്‍ ബിസിസിഐ ആരംഭിച്ചതിന് പിന്നാലെ പുതിയ പരിശീലകന്‍ ആരായിരിക്കണമെന്നുള്ള തരത്തിലും ചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ട്.

ഇന്ത്യയ്ക്ക് മൂന്ന് ഐസിസി കിരീടങ്ങള്‍ സമ്മാനിച്ച നായകന്‍ എംഎസ് ധോണി പരിശീലകനാവണമെന്നാണ് ഒരു കൂട്ടം ആരാധകര്‍ പറയുന്നത്.

എന്നാല്‍ നിലവില്‍ ഏറെ കടമ്പകള്‍ കടന്നു വേണം ധോണിയ്ക്ക് പരിശീലകനാവാന്‍. ഒന്നാമത്തെ കാരണം നിലവില്‍ അദ്ദേഹം സിഎസ്‌കെയ്ക്കായി ഐപിഎല്‍ കളിക്കുന്നുണ്ടെന്നതാണ്.

ഈ സീസണോടെ താരം ഐപിഎല്ലില്‍ നിന്ന് വിരമിച്ചാലും സിഎസ്‌കെയ്ക്ക് ഒപ്പം പരിശീലക റോളില്‍ തുടരാനാണ് സാധ്യത.

ബിസിസിഐയുടെ നിയമപ്രകാരം ഐപിഎല്ലില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഇന്ത്യന്‍ ടീമിന്റെ ഔദ്യോഗിക ചുമതലകളിലേക്ക് എത്താന്‍ സാധിക്കില്ല. അല്ലെങ്കില്‍ ധോണിയ്ക്ക് ചെന്നൈയുമായുള്ള ബന്ധം പൂര്‍ണമായും ഉപേക്ഷിക്കേണ്ടിവരും. അതിന് യാതൊരു സാധ്യതയുമില്ല.

ധോണിയുടെ അതിവിശാലമായ ബിസിനസ് സാമ്രാജ്യവും ഇന്ത്യന്‍ പരിശീലകനാവുന്നതില്‍ നിന്ന് താരത്തെ തടയുന്നു.
നിരവധി ബിസിനസ് ഇതിനോടകം ധോണിയുടെ പേരിലുണ്ട് എന്നതിനാല്‍ ഇതിന്റെയെല്ലാം നടത്തിപ്പിന് ധോണിക്ക് സമയം ആവശ്യമാണ്.

ധോണിയ്ക്ക് പുറമെ ഉയര്‍ന്നു കേള്‍ക്കുന്ന മറ്റൊരു പ്രധാന പേര് ഗൗതം ഗംഭീറിന്റേതാണ്. നിലവില്‍ കെകെആറിന്റെ മെന്ററായ ഗംഭീര്‍ ആ ചുമതല ഒഴിവാക്കാന്‍ സാധ്യതയില്ല.

ഗുജറാത്ത് ടൈറ്റന്‍സ് പരിശീലകന്‍ ആശിഷ് നെഹ്‌റ, ഡല്‍ഹി ക്യാപിറ്റല്‍സ് മെന്റര്‍ സൗരവ് ഗാംഗുലി എന്നിവരുടെയും പേര് പറഞ്ഞു കേള്‍ക്കുന്നുണ്ട്.

വിവിഎസ് ലക്ഷ്മണ്‍ മുതല്‍ റിക്കി പോണ്ടിംഗിന്റെ പേരു വരെ പറഞ്ഞു കേള്‍ക്കുന്നുണ്ട്. നിലവില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ കോച്ചായ പോണ്ടിംഗ് ഇന്ത്യയില്‍ ഏറെ ആരാധകരുള്ള വ്യക്തി കൂടിയാണ്.

Related Articles

Back to top button