Cricket

അദ്ദേഹമാണ് എന്റെ അഭയസ്ഥാനം !! തകര്‍പ്പന്‍ പ്രകടനം പുറത്തെടുക്കാന്‍ പന്തിനെ സഹായിച്ചത് മുന്‍താരം ?

ട്വന്റി20 ലോകകപ്പിലെ ക്ലാസിക് പോരാട്ടത്തില്‍ പാക്കിസ്ഥാനെ ഇന്ത്യ ആറു റണ്‍സിന് മറികടന്നപ്പോള്‍ താരമായത് റിഷഭ് പന്താണ്.

ഇന്ത്യന്‍ ഇന്നിംഗ്‌സില്‍ ബാറ്റിംഗ് തകര്‍ച്ചയുണ്ടായപ്പോഴും ഇന്ത്യയ്ക്ക് തുണയായത് ഒരത്ത് പിടിച്ചു നിന്ന റിഷഭ് പന്തിന്റെ ഇന്നിംഗ്‌സായിരുന്നു. 31 പന്തില്‍ 42 റണ്‍സാണ് ബാറ്റിംഗ് അതീവ ദുഷ്‌കരമായ പിച്ചില്‍ പന്ത് അടിച്ചെടുത്തത്.

ഇന്ത്യയുടെ രണ്ടാമത്തെ മികച്ച സ്‌കോറര്‍ 20 റണ്‍സെടുത്ത അക്ഷര്‍ പട്ടേലാണെന്നതും ഇരുവരെയും കൂടാതെ രോഹിത് ശര്‍മ മാത്രമാണ് രണ്ടക്കം കണ്ടതെന്നും കൂടി പരിഗണിക്കുമ്പോഴാണ് പന്തിന്റെ ഇന്നിംഗ്‌സിന്റെ മാഹാത്മ്യം മനസ്സിലാവുന്നത്.

കൂടാതെ മൂന്നു കിടിലന്‍ ക്യാച്ചുകളുമെടുത്ത് പാക്കിസ്ഥാനെ തകര്‍ക്കുന്നതില്‍ താരം നിര്‍ണായക പങ്കുവഹിച്ചു. കഴിഞ്ഞ മത്സരത്തില്‍ അയര്‍ലന്‍ഡിനെതിരേയും താരം മികച്ച പ്രകടനമാണ് പുറത്തെടുത്തത്.

മൂന്നാം നമ്പറില്‍ റിഷഭ് പന്ത് സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ച വയ്ക്കുന്നത് ഇന്ത്യന്‍ ടീമിന് വലിയ ആശ്വാസമാണ് നല്‍കുന്നത്.

എന്തായാലും വരും മത്സരങ്ങളിലും പന്ത് ഇലവനില്‍ ഉണ്ടാകുമെന്ന കാര്യം ഉറപ്പാണ്. ഇടംകയ്യന്‍ ബാറ്റര്‍ എന്ന നിലയില്‍ തനിക്ക് ഇന്ത്യന്‍ ടീമില്‍ കിട്ടുന്ന മേധാവിത്വം താരം ഉറപ്പിക്കുകയും ചെയ്യുന്നു.

എന്നാല്‍ അടുത്തിടെ പന്ത് പറഞ്ഞൊരു കാര്യമാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. തന്റെ ആരാധനാ പാത്രമായ ധോണിയെക്കുറിച്ചായിരുന്നു അത്.

”ധോണി ഭായ് എന്റെ ആരാധനാ മൂര്‍ത്തിയാണ്, ഞാന്‍ അവനില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിച്ചു എനിക്ക് എന്തെങ്കിലും സഹായമോ ഉപദേശമോ ആവശ്യമുള്ളപ്പോഴെല്ലാം, ഞാന്‍ മഹി ഭായിയോട് ചോദിക്കുന്നു, എന്നെ സഹായിക്കാനും നയിക്കാനും അദ്ദേഹം എപ്പോഴും തയ്യാറാണ്”.

പാക്കിസ്ഥാനെതിരേ നടത്തിയ മികച്ച പ്രകടനത്തിനു പിന്നിലും ധോണി എഫക്ട് ഉണ്ടായേക്കാമെന്നാണ് ഇപ്പോള്‍ ആരാധകര്‍ പറയുന്നത്.

Related Articles

Back to top button