Cricket

ക്രിക്കറ്റ് താരങ്ങള്‍ ബഹുമാനം അര്‍ഹിക്കുന്നു!! രാഹുലിനോട് ഗോയങ്ക ചെയ്തത് ഒട്ടും ശരിയായില്ലെന്ന് ഇന്ത്യന്‍ സൂപ്പര്‍ താരം

ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് ക്യാപ്റ്റന്‍ കെ.എല്‍. രാഹുലിനെ പരസ്യമായി ടീം ഉടമ സഞ്ജീവ് ഗോയങ്ക ശകാരിച്ചതിനെതിരേ വിമര്‍ശനവുമായി ഇന്ത്യന്‍ താരം മുഹമ്മദ് ഷമി.

ക്രിക്കറ്റ് ലോകത്തിനാകെ നാണക്കേടുണ്ടാക്കുന്ന സംഭവമാണ് കഴിഞ്ഞ ദിവസം നടന്നതെന്നും കാമറകളുടെ മുമ്പില്‍ വച്ച് ഗോയങ്ക നടത്തിയ പ്രതികരണത്തിന് കായിക മേഖലയില്‍ ഒരു പ്രാധാന്യവുമില്ലെന്നും ഷമി ഒരു സ്‌പോര്‍ട്‌സ് മാധ്യമത്തോടു പറഞ്ഞു.

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോടു നാണംകെട്ട തോല്‍വി വഴങ്ങിയതിനു പിന്നാലെയാണ് സഞ്ജീവ് ഗോയങ്ക ഗ്രൗണ്ടില്‍വച്ച് രാഹുലിനോടു രൂക്ഷഭാഷയില്‍ പ്രതികരിച്ചത്.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ വൈറലായതോടെ, ഗോയങ്കയ്‌ക്കെതിരെ സോഷ്യല്‍മീഡിയയില്‍ വിമര്‍ശനം ശക്തമായിരുന്നു. അതേസമയംലക്‌നൗ ടീം ഉടമയ്‌ക്കെതിരെ വിമര്‍ശനം ഉന്നയിക്കുന്ന ആദ്യ ഇന്ത്യന്‍ ക്രിക്കറ്റ് താരമാണ് മുഹമ്മദ് ഷമി.

രാഹുലിനെ പരസ്യമായി അപമാനിച്ച സംഭവത്തില്‍ ഇതുവരെ മറ്റു താരങ്ങളൊന്നും പ്രതികരിക്കാന്‍ തയാറായിട്ടില്ല. ”കോടിക്കണക്കിന് ആളുകളാണ് നിങ്ങളെ കാണുന്നതും, അതില്‍നിന്നു പഠിക്കുന്നതും. ഇത്തരം കാര്യങ്ങള്‍ കാമറയ്ക്കു മുന്നില്‍വച്ചാണു സംഭവിച്ചത്. ഇത് അങ്ങേയറ്റം നാണക്കേടുണ്ടാക്കുന്നതാണ്.”മുഹമ്മദ് ഷമി പ്രതികരിച്ചു.

”നിങ്ങള്‍ക്ക് സംസാരിക്കുന്നതിന് ഒരു അതിര്‍ത്തി ഉണ്ടായിരിക്കണം. സംസാരിക്കുന്നതിന് ഇവിടെ ഒരു മാര്‍ഗമുണ്ട്. ഇതു വളരെ തെറ്റായ സന്ദേശമാണു നല്‍കുക. ബഹുമാനം അര്‍ഹിക്കുന്നവരാണു ക്രിക്കറ്റ് താരങ്ങള്‍.

നിങ്ങള്‍ ഒരു ടീമിന്റെ ഉടമയാണ്. സംസാരിക്കണമെങ്കില്‍ തന്നെ ഇവിടെ പല വഴികളുണ്ട്. ഇതേ കാര്യം തന്നെ നിങ്ങള്‍ക്ക് ടീമിന്റെ ഡ്രസിംഗ് റൂമില്‍വച്ചോ, അല്ലെങ്കില്‍ ഹോട്ടലില്‍ വച്ചോ ചെയ്യാമായിരുന്നു. ഗ്രൗണ്ടില്‍വച്ചു തന്നെ സംസാരിക്കണമെന്ന് ഒരു നിര്‍ബന്ധവും ഉണ്ടായിരുന്നില്ല.”

”രാഹുല്‍ ഒരു സാധാരണ താരമല്ല, ടീമിന്റെ ക്യാപ്റ്റനാണ്. ക്രിക്കറ്റ് ഒരു ടീം ഗെയിമാണ്. നമ്മുടെ പ്ലാനുകള്‍ നടപ്പാക്കാനാകാതെ പോകുന്നത് അത്ര വലിയ കാര്യമൊന്നുമല്ല. ക്രിക്കറ്റില്‍ എന്തും സംഭവിക്കാം.

പുറത്തുനിന്ന് ഒരാള്‍ ക്രിക്കറ്റ് താരത്തോടു സംസാരിക്കുന്നതു വളരെ വിചിത്രമായ കാര്യമാണ്. ക്രിക്കറ്റ് താരങ്ങള്‍ പരസ്പരം ചര്‍ച്ച ചെയ്യുന്നതു പോലെയല്ല. എന്താണു സംഭവിച്ചതെന്നു പറയേണ്ടത് കെ.എല്‍. രാഹുലാണ്. ഇത്തരം പ്രതികരണങ്ങള്‍ക്ക് ക്രിക്കറ്റില്‍ യാതൊരു സ്ഥാനവുമില്ല.” മുഹമ്മദ് ഷമി വ്യക്തമാക്കി.

മറ്റൊരു താരത്തിനുമില്ലാത്ത ധൈര്യമാണ് മുഹമ്മദ് ഷമി കാണിച്ചതെന്നാണ് ആരാധകര്‍ പറയുന്നത്. ഗോയങ്കയുടെ അപ്രീതിയ്ക്ക് കാരണമാകേണ്ട എന്ന കാരണത്താലാണ് മറ്റു താരങ്ങള്‍ ഇയാള്‍ക്കെതിരേ പ്രതികരിക്കാത്തതെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.

Related Articles

Back to top button