Cricket

പുതിയ തലമുറ മാതൃകയാക്കേണ്ടത് അവനെ !! അവന്റെ അധ്വാനം സമാനതകളില്ലാത്തതെന്ന് മുഹമ്മദ് ഷമി

പുതുതലമുറയിലെ എല്ലാ ഇന്ത്യന്‍ താരങ്ങളും വിരാട് കോഹ് ലിയെ കണ്ടു പഠിക്കണമെന്ന് തുറന്നു പറഞ്ഞ് മുഹമ്മദ് ഷമി.

ഷമിയുടെ വാക്കുകള്‍ ഇങ്ങനെ…” വിരാട് കോഹ്ലിയെ എല്ലാവരും മാതൃകയാക്കണം. അവന്‍ ഈ കാലയളവില്‍ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. നമുക്ക് അവനെ മാതൃകയാക്കാനുള്ള എല്ലാ കാര്യങ്ങളും അവന്‍ തന്നെ തന്നിട്ടുണ്ട്. അടുത്ത തലമുറ അവനെ മാതൃകയാക്കണം.” ഷമി പറഞ്ഞു.

ഈ ഐപിഎല്ലില്‍ തകര്‍പ്പന്‍ ഫോമിലാണ് കോഹ്‌ലി. കഴിഞ്ഞ മത്സരത്തില്‍ പഞ്ചാബ് കിംഗ്‌സിനെതിരേ കോഹ് ലി ഉജ്ജ്വല പ്രകടനമാണ് പുറത്തെടുക്കുന്നത്.

വലംകൈയ്യന്‍ ബാറ്റര്‍ 47 പന്തില്‍ 7 ഫോറും 6 സിക്സും സഹിതം 92 റണ്‍സ് നേടി ടീമിന്റെ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു.

ഈ സീസണിലെ ടോപ്‌സ്‌കോര്‍ പട്ടികയില്‍ 634 റണ്‍സുമായി ബഹുദൂരം മുമ്പിലാണ് കോഹ്‌ലി. സീസണില്‍ കോഹ്ലിയുടെ ഏറ്റവും മികച്ച ഇന്നിംഗ്‌സായാണ് ഇത് വിലയിരുത്തുന്നത്.

പഞ്ചാബിനെതിരേ 1000 റണ്‍സ് തികച്ച കോഹ്ലി, ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ മൂന്ന് ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ക്കെതിരെ 1000 റണ്‍സ് തികയ്ക്കുന്ന ആദ്യ ബാറ്റ്സ്മാന്‍ എന്ന റെക്കോര്‍ഡും സ്വന്തമാക്കി.

പഞ്ചാബ്, ചെന്നൈ സൂപ്പര്‍ കിംഗ്സ്, ഡല്‍ഹി ക്യാപിറ്റല്‍സ് എന്നിവയ്ക്കെതിരെ കോഹ്ലി 1000 റണ്‍സ് തികച്ചു. പഞ്ചാബിനും കൊല്‍ക്കത്തയ്ക്കുമെതിരേ ഡേവിഡ് വാര്‍ണര്‍ ഇതേ നാഴികക്കല്ല് പിന്നിട്ടുണ്ട്.

കെകെആറിനും ഡിസിക്കുമെതിരെ രോഹിത് ശര്‍മ്മ 1000 റണ്‍സ് തികച്ചപ്പോള്‍ ചെന്നൈയ്ക്കെതിരെ ശിഖര്‍ ധവാനും ഇതേ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്.

സീസണില്‍ അഞ്ച് അര്‍ധ സെഞ്ചുറികളും ഒരു സെഞ്ചുറിയുമാണ് താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നത്.

നിലവില്‍ 12 മത്സരങ്ങളില്‍ നിന്ന് 10 പോയിന്റ് മാത്രമുള്ള ബംഗളൂരുവിന് പ്ലേ ഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്തണമെങ്കില്‍ അടുത്ത രണ്ടു മത്സരങ്ങളും വിജയിക്കണം. മാത്രമല്ല മറ്റു ടീമുകളുടെ മത്സരഫലങ്ങള്‍ അനുകൂലമാവുകയും വേണം.

Related Articles

Back to top button