Cricket

ആ ഇന്ത്യന്‍ താരത്തില്‍ നിന്ന് ഞാന്‍ ഒരുപാട് കാര്യങ്ങള്‍ പഠിച്ചു!! പാക് താരങ്ങള്‍ക്കെല്ലാം അവന്‍ പ്രിയപ്പെട്ടവന്‍; തുറന്നു പറഞ്ഞ് മുഹമ്മദ് റിസ്വാന്‍

അയര്‍ലന്‍ഡ് പര്യടനം നടത്തുന്ന പാക്കിസ്ഥാന്‍ ടീം രണ്ടാം ട്വന്റി20യില്‍ മിന്നുന്ന വിജയം നേടിയിരുന്നു. ആദ്യ കളിയില്‍ തോറ്റ ശേഷമുള്ള പാക്കിസ്ഥാന്റെ ശക്തമായ തിരിച്ചുവരവാണ് ഈ മത്സരത്തലില്‍ കണ്ടത്.

അയര്‍ലന്‍ഡ് ഉയര്‍ത്തിയ 194 റണ്‍സ് വിജയലക്ഷ്യം വെറും 16.5 ഓവറില്‍ മൂന്നു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് പാക്കിസ്ഥാന്‍ മറികടന്നത്.

ഓപ്പണര്‍ മുഹമ്മദ് റിസ്വാന്‍(46 പന്തില്‍ 75), ഫക്കര്‍ സമാന്‍(40 പന്തില്‍ 78), അസം ഖാന്‍(10 പന്തില്‍ 30) എന്നിവരുടെ മികച്ച പ്രകടനമാണ് പാക്കിസ്ഥാന് തുണയായത്.

അതേ സമയം മത്സരശേഷം പാക്കിസ്ഥാന്‍ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്വാന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോഹ് ലിയെപ്പറ്റി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധേയമാവുന്നത്.

രാജ്യാന്തര ട്വന്റി20യില്‍ 50ന് മുകളില്‍ ബാറ്റിംഗ് ശരാശരിയുള്ള രണ്ട് ബാറ്റര്‍മാര്‍ ആയ കോഹ്ലിയും റിസ്വാനും എങ്ങനെയെന്ന് ചോദിച്ചപ്പോഴാണ് കോഹ്ലി തങ്ങളുടെ ഡ്രസിംഗ് റൂമില്‍ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് റിസ്വാന്‍ വാചാലനായത്.

”അദ്ദേഹം ഒരു നല്ല കളിക്കാരനാണ്, ഞങ്ങള്‍ അവനില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിച്ചു, ഞാന്‍ അവനെ ബഹുമാനിക്കുന്നു,” റിസ്വാന്‍ പറഞ്ഞു.

നായകന്‍ ബാബര്‍ ടീമിന്റെ അവസ്ഥയെക്കുറിച്ച് പറഞ്ഞത് ഇങ്ങനെ ”ഒരു ആശ്വാസമാണ് ഇപ്പോള്‍ തോന്നുന്നത്. എല്ലാ ക്രെഡിറ്റും ബാറ്റ്സ്മാന്‍മാര്‍ക്കാണ്. 18-19 ഓവറില്‍ വിജയലക്ഷ്യം മറികടക്കാനായിരുന്നു ഞങ്ങളുടെ പദ്ധതി. ആദ്യ 6 ഓവറില്‍ ഞങ്ങള്‍ക്ക് രണ്ട് വിക്കറ്റ് നഷ്ടമുണ്ടായെങ്കിലും റിസ്വാനും ഫക്കറും ഞങ്ങളെ രക്ഷിച്ചു”ബാബര്‍ പറഞ്ഞു.

”റിസ്വാന്‍ പരിചയസമ്പന്നനാണ്, അവന്‍ സാഹചര്യത്തിനനുസരിച്ച് കളിക്കുന്നു. പ്രത്യാക്രമണം നടത്താന്‍ ഇന്നലെ ഞങ്ങള്‍ക്ക് സാധിച്ചു. എതിരാളികളും മികച്ചവരാണ്. എന്തായാലും ജയിക്കാന്‍ സാധിച്ചതില്‍ സന്തോഷം. ‘ ബാബര്‍ പറഞ്ഞു. അതേസമയം മത്സരത്തില്‍ നാലു പന്തുകള്‍ മാത്രം നേരിട്ട ബാബര്‍ റണ്ണൊന്നുമെടുക്കാതെയാണ് പുറത്തായത്.

Related Articles

Back to top button