Cricket

ഐസിസിയും ഇന്ത്യയും തമ്മില്‍ ഒത്തുകളിച്ചു!! ഗുരുതര ആരോപണവുമായി മൈക്കല്‍ വോണ്‍ രംഗത്ത്

ഈ ട്വന്റി20 ലോകകപ്പില്‍ ഇന്ത്യയും ഐസിസിയും തമ്മില്‍ ഒത്തുകളി നടന്നെന്ന ആരോപണവുമായി ഇംഗ്ലണ്ട് മുന്‍ ക്യാപ്റ്റന്‍ മൈക്കല്‍ വോണ്‍ രംഗത്ത്.

ഇന്ത്യയെ ജയിപ്പിക്കാന്‍ വേണ്ടി ഐസിസി നടത്തുന്ന ഒരു ടൂര്‍ണമെന്റാണിതെന്നും അദ്ദേഹം ആരോപിച്ചു. വോണിന്റെ അഭിപ്രായത്തില്‍, ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലായിരുന്നു ആദ്യ സെമി ഫൈനല്‍ നടക്കേണ്ടിയിരുന്നത്. എന്നാല്‍ ഇന്ത്യക്ക് യോജിച്ച വിധത്തില്‍ അപെക്‌സ് ബോഡി ഷെഡ്യൂള്‍ തയ്യാറാക്കി.

ദക്ഷിണാഫ്രിക്കയും അഫ്ഗാനിസ്ഥാനും തമ്മില്‍ നടന്ന ആദ്യ നോക്കൗട്ട് മത്സരം പകല്‍-രാത്രി മത്സരമായിരുന്നു. മറുവശത്ത്, ഇന്ത്യ ടൂര്‍ണമെന്റില്‍ ഒരു ഡേ-നൈറ്റ് മത്സരം പോലും കളിച്ചിട്ടില്ല. എക്‌സിലൂടെയായിരുന്നു വോണിന്റെ ഈ പ്രതികരണം.

അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ ”തീര്‍ച്ചയായും ഈ സെമി( ദക്ഷിണാഫ്രിക്ക- അഫ്ഗാനിസ്ഥാന്‍) ഗയാനയിലായിരിക്കണമായിരുന്നു. എന്നാല്‍ മുഴുവന്‍ പരിപാടിയും ഇന്ത്യയെ ലക്ഷ്യമാക്കിയുള്ളതിനാല്‍ മറ്റുള്ളവരോട് വളരെ അനീതിയാണ് ഐസിസി കാണിക്കുന്നത്” വോണ്‍ പറഞ്ഞു.

ഈ ലോകകപ്പില്‍ തോല്‍വി അറിയാതെയാണ് ഇന്ത്യയുടെ മുന്നേറ്റം. ഗ്രൂപ്പ് ഘട്ടത്തില്‍ അവര്‍ അയര്‍ലന്‍ഡ്, പാകിസ്ഥാന്‍, യുഎസ്എ എന്നിവരെ പരാജയപ്പെടുത്തിയപ്പോള്‍ കാനഡയ്ക്കെതിരായ മത്സരം മഴ മൂലം ഉപേക്ഷിച്ചു.

സൂപ്പര്‍ എട്ടില്‍ അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ഓസ്ട്രേലിയ എന്നീ ടീമുകളെ തോല്‍പ്പിച്ചാണ് രോഹിത് ശര്‍മയുടെ ടീം സെമിഫൈനലിന് യോഗ്യത നേടിയത്.

ഇന്ത്യയുടെ എല്ലാ മത്സരവും ഇന്ത്യന്‍ സമയം രാത്രി എട്ടിനായിരുന്നുവെന്നത് മൈക്കല്‍ വോണിന്റെ ചില ആരോപണങ്ങളെങ്കിലും ശരിയാണെന്ന് വിശ്വസിക്കാന്‍ ചിലരെയെങ്കിലും പ്രേരിപ്പിക്കുന്നുണ്ട്.

ഇന്ന് നടക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് സെമിഫൈനലും ഇന്ത്യന്‍ സമയം രാത്രി എട്ടിനാണ് നടക്കുക.

സ്‌കോട്ട്‌ലന്‍ഡിനെതിരായ ഇംഗ്ലണ്ടിന്റെ ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. ഓസ്ട്രേലിയയോട് തോറ്റെങ്കിലും നമീബിയയെയും ഒമാനെയും മറികടന്ന് സൂപ്പര്‍ 8 സ്റ്റേജില്‍ സ്ഥാനം പിടിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു.

സൂപ്പര്‍ എട്ടില്‍ ദക്ഷിണാഫ്രിക്കയോട് തോറ്റ ശേഷം വെസ്റ്റ് ഇന്‍ഡീസ്, അമേരിക്ക ടീമുകളെ തോല്‍പ്പിച്ചാണ് അവര്‍ സെമിയില്‍ പ്രവേശിച്ചത്. നിലവിലെ ചാമ്പ്യന്മാരാണ് ഇംഗ്ലണ്ട്.

Related Articles

Back to top button