Cricket

ട്വന്റി20 ലോകകപ്പ് ടീമില്‍ ഇടം നേടാനാവാഞ്ഞതില്‍ വിഷമിക്കേണ്ട!! മായങ്ക് യാദവിനെത്തേടിയെത്തിയിരിക്കുന്നത് വമ്പന്‍ അവസരം

ഈ ഐപിഎല്‍ സീസണിലെ മിന്നും താരങ്ങളിലൊരാളാണ് മായങ്ക് യാദവ്. മാരക പേസുമായാണ് ഈ 21കാരന്‍ ആരാധകരുടെ മനംകവര്‍ന്നത്.

ട്വന്റി20 ലോകകപ്പിനുള്ള ടീമിലേക്ക് താരത്തെ പരിഗണിക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നുവെങ്കിലും പരിക്ക് വിനയായതോടെ താരത്തിന് അവസരം നഷ്ടമാവുകയായിരുന്നു.

തുടര്‍ച്ചയായി 150 കിലോമീറ്ററിനു മുകളില്‍ വേഗതയില്‍ പന്തെറിയാനുള്ള കഴിവാണ് മായങ്കിനെ വ്യത്യസ്ഥനാക്കുന്നത്. ഇതുവരെ ഇന്ത്യയ്ക്കായി അരങ്ങേറാത്ത താരത്തെ നവംബറില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിലേക്ക് പരിഗണിക്കുമെന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

നവംബറിലെ ടീം ഇന്ത്യയുടെ ഓസീസ് പര്യടനത്തിന് മുമ്പ് വര്‍ക്ക് ലോഡ് വര്‍ധിപ്പിച്ച് താരത്തെ സജ്ജമാക്കാനാണ് പദ്ധതി. പരിക്ക് മാറിയാല്‍ ഇന്ത്യന്‍ എ ടീമിനൊപ്പം മായങ്ക് യാദവിന് ഓസ്‌ട്രേലിയയിലെ മത്സരങ്ങളില്‍ അവസരം നല്‍കും.

ഇതിന് ശേഷമാകും സീനിയര്‍ ടീമിനൊപ്പം ഓസീസ് പര്യടനത്തിന് താരത്തെ പരിഗണിക്കുക. ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ താരമായ മായങ്ക് നിലവില്‍ പരിക്കിന്റെ പിടിയിലാണ്.

ഐപിഎല്‍ സീസണു ശേഷം താരം വിദഗ്ധ പരിശീലനത്തിനും ചികില്‍സയ്ക്കുമായി ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്ക് പോകും എന്നാണ് ദേശീയ മാധ്യമമായ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ റിപ്പോര്‍ട്ട്. ഐപിഎല്ലിന്റെ ഈ സീസണിനിടെ രണ്ടുതവണ പരിക്ക് താരത്തെ പിടികൂടിയിരുന്നു.

ഗുജറാത്ത് ടൈറ്റന്‍സിന് എതിരായ മത്സരത്തില്‍ ഒരോവര്‍ എറിഞ്ഞ ശേഷം മടങ്ങിയ താരത്തിന് പിന്നീടുള്ള അഞ്ച് കളികളില്‍ പുറത്തിരിക്കേണ്ടിവന്നു. മുംബൈ ഇന്ത്യന്‍സിന് എതിരായ മത്സരത്തിലൂടെ കഴിഞ്ഞ ചൊവ്വാഴ്ച തിരിച്ചെത്തിയെങ്കിലും 3.1 ഓവര്‍ എറിഞ്ഞ ശേഷം ഡ്രസിംഗ് റൂമിലേക്ക് മടങ്ങി.

വേഗത്തിനൊപ്പമുള്ള കൃത്യതയാണ് മറ്റ് അതിവേഗക്കാരില്‍ നിന്ന് മായങ്ക് യാദവിനെ വ്യത്യസ്ഥനാക്കുന്നത്. ഇതിനാല്‍ തന്നെ താരത്തെ ദേശീയ ടീമിലേക്ക് ഉടന്‍ വിളിക്കണം എന്ന് മുന്‍ താരങ്ങള്‍ അടക്കം പലരും ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ പരിക്ക് വെല്ലുവിളിയായതിനാല്‍ തിരക്കുപിടിക്കാതെ സാവധാനം വര്‍ക്ക്‌ലോഡ് ഉയര്‍ത്തി സീനിയര്‍ ടീമിലേക്ക് താരത്തെ എത്തിക്കാനാണ് സെലക്ടര്‍മാരുടെ പദ്ധതി.

ഈ വര്‍ഷം ആദ്യം തുടങ്ങിയ നാഷണല്‍ ഫാസ്റ്റ് ബൗളിംഗ് കോണ്‍ട്രാക്റ്റിലേക്ക് മായങ്കിനെ കൊണ്ടുവരുന്ന കാര്യം സെലക്ടര്‍മാര്‍ ചര്‍ച്ച ചെയ്യുന്നതായാണ് സൂചന. ഇതിന്റെ ഭാഗമായി ഐപിഎല്‍ അവസാനിച്ചാല്‍ ഉടന്‍ താരത്തെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്ക് അയയ്ക്കാനാണ് പദ്ധതി.

റണ്ണിംഗ് അടക്കം താരത്തിന്റെ ബൗളിംഗില്‍ നേരിയ മാറ്റങ്ങള്‍ വരുത്താനുണ്ട് എന്നാണ് നിഗമനം. പരിക്ക് പറ്റാനുള്ള സാധ്യതകള്‍ കുറയ്ക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

നവംബറിലെ ഓസീസ് പര്യടനത്തിന് മുമ്പ് ജൂണിലോ ജൂലൈയിലോ എ ടീമിനൊപ്പം ഓസ്‌ട്രേലിയയ്ക്ക് താരത്തെ അയയ്ക്കാണാണ് നിലവിലെ പദ്ധതി.

Related Articles

Back to top button