Cricket

ധോണി എനിക്ക് അച്ഛനെപ്പോലെ!! വികാരനിര്‍ഭരനായി മതീഷ പതിരാന പറയുന്നതിങ്ങനെ…

എംഎസ് ധോണിയെ താന്‍ പിതാവിന്റെ സ്ഥാനത്താണ് കാണുന്നതെന്ന് സിഎസ്‌കെയുടെ ശ്രീലങ്കന്‍ പേസര്‍ മതീഷ പതിരാന.

2022ല്‍ ചെന്നൈ ടീമില്‍ എത്തിയ പതിരാന ധോണിയുടെ കീഴില്‍ ഒരു മികവുറ്റ താരമായി മാറുന്ന കാഴ്ചയാണ് പിന്നീട് ക്രിക്കറ്റ് ലോകം കണ്ടത്.

അഞ്ച് ഐപിഎല്‍ കിരീടങ്ങള്‍ ചെന്നൈയ്ക്ക് നേടിക്കൊടുത്ത ധോണിയുടെ ഉപദേശങ്ങള്‍ പതിരാനയ്ക്ക് വലിയ ഗുണം ചെയ്യുകയും ചെയ്തു.

കഴിഞ്ഞ ഐപിഎല്‍ സീസണില്‍ 19 വിക്കറ്റ് നേടിയ താരം ഈ സീസണിലും മികച്ച പ്രകടനമാണ് നടത്തുന്നത്.

ശ്രീലങ്കന്‍ ടീമില്‍ താരതമ്യേന ഭേദപ്പെട്ട പ്രകടനം മാത്രം നടത്തിയ താരം പക്ഷെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനായി തകര്‍പ്പന്‍ പ്രകടനമാണ് നടത്തുന്നത്.

ഇപ്പോഴിതാ തന്റെ ക്രിക്കറ്റ് കരിയറിലെ ധോണിയുടെ സ്വാധീനത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ താരം പറഞ്ഞ മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.

”എന്റെ പിതാവിന് ശേഷം, എന്റെ ക്രിക്കറ്റ് കരിയറില്‍, ധോണി എന്റെ പിതാവിന്റെ സ്ഥാനം ഏറ്റെടുത്തതുപോലെയാണ്, കാരണം അദ്ദേഹം എന്നെ നോക്കുകയും ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് ഉപദേശം നല്‍കുകയും ചെയ്യുന്നു.

ഞാന്‍ വീട്ടിലായിരിക്കുമ്പോള്‍ അച്ഛന്‍ ചെയ്യുന്നതു പോലെ. എനിക്ക് അത് മതിയെന്ന് തോന്നിയിട്ടുണ്ട്. ഞാന്‍ മൈതാനത്തും പുറത്തും ആയിരിക്കുമ്പോള്‍ അദ്ദേഹം അധികം സംസാരിക്കില്ല.

ധോണി ചെറിയ കാര്യങ്ങള്‍ പറയുകയാണെങ്കില്‍പ്പോലും, അത് വലിയ സ്വാധീനം ചെലുത്തുകയും എന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു, ”പതിരാന പറയുന്നു.

കൂടാതെ, മറ്റൊരു സീസണില്‍ കൂടി ധോണി സിഎസ്‌കെയില്‍ കളിക്കണമെന്ന് പതിരാന അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ”മഹി ഭായ്, നിങ്ങള്‍ക്ക് കഴിയുമെങ്കില്‍ ഒരു സീസണ്‍ കൂടി ഞങ്ങളോടൊപ്പം നില്‍ക്കൂ. ഞാന്‍ അവിടെയുണ്ടെങ്കില്‍, ”അദ്ദേഹം പറഞ്ഞു.

ധോണിയുടെ അവസാന ഐപിഎല്‍ സീസണാണിതെന്നാണ് കരുതുന്നത്. ഈ ഐപിഎല്ലില്‍ മികച്ച പ്രകടനമാണ് അദ്ദേഹം നടത്തുന്നത്. 110 റണ്‍സ് ശരാശരിയില്‍ 200നു മുകളില്‍ സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശുന്നത്. ഫിനിഷര്‍ എന്ന നിലയില്‍ ഈ 42-ാം വയസിലും ലോകത്തെ ഏറ്റവും മികച്ചവന്‍ താനാണെന്ന് ഓരോ മത്സരത്തിലും അദ്ദേഹം തെളിയിക്കുകയും ചെയ്യുന്നു.

Related Articles

Back to top button