Cricket

13 വര്‍ഷം പഴക്കമുള്ള റെക്കോഡ് തിരുത്തിക്കുറിച്ച് സ്‌റ്റോയിനിസ്!! ഐതിഹാസിക നേട്ടം

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ അവരുടെ തട്ടകത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് പരാജയപ്പെടുത്തിയപ്പോള്‍ ഹീറോയായത് എല്‍എസ്ജിയുടെ ഓസീസ് ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്‌റ്റോയിനിസാണ്.

മൂന്നു പന്തുകള്‍ ശേഷിക്കെ ആറു വിക്കറ്റിനായിരുന്നു എല്‍എസ്ജിയുടെ വിജയം. ചെന്നൈയുടെ തട്ടകമായ ചെപ്പോക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ കെ.എല്‍ രാഹുല്‍ ഹോം ടീമിനെ ബാറ്റിംഗിനയക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സ് ആണ് നേടിയത്. 63 പന്തില്‍ പുറത്താവാതെ 124 റണ്‍സ് ആണ് സ്‌റ്റോയിനിസ് അടിച്ചെടുത്തത്. 13 ഫോറുകളും ആറ് സിക്സുകളും താരത്തിന്റെ ബാറ്റില്‍ നിന്ന് പറന്നു.

ഈ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ ഒരു റെക്കോഡ് നേട്ടവും സ്റ്റോയിനിസിനെ തേടിയെത്തി. ഐപിഎല്ലില്‍ പിന്തുടര്‍ന്നു വിജയിച്ച മത്സരങ്ങളില്‍ ഏറ്റവും ഉയര്‍ന്ന റണ്‍സ് നേടുന്ന താരമായി മാറാനാണ് സ്റ്റോയിനിസിന് സാധിച്ചത്.

2011ല്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരേ പഞ്ചാബ് താരം പോള്‍ വാല്‍ത്താട്ടി നേടിയ 120 റണ്‍സ് ആണ് സ്റ്റോയിനിസ് കൊടുങ്കാറ്റില്‍ കടപുഴകിയത്.

ചെന്നൈയ്ക്കായി നായകന്‍ റിതുരാജ് ഗെയ്ക് വാദ് നേടിയ സെഞ്ചുറി പാഴാവുകയും ചെയ്തു. 60 പന്തില്‍ പുറത്താവാതെ 108 റണ്‍സ് ആയിരുന്നു ഗെയ്ക്‌വാദ് നേടിയത്. 12 ഫോറുകളും മൂന്ന് സിക്സുകളും ഉള്‍പ്പെടെയായിരുന്നു ഇത്.

മൂന്ന് ഫോറുകളും ഏഴ് സിക്‌സും ഉള്‍പ്പെടെ 27 പന്തില്‍ 65 നേടിയ ശിവം ദുബെയും ചെന്നൈക്കായി മികച്ച പ്രകടനം നടത്തി.

ജയത്തോടെ എട്ട് മത്സരങ്ങളില്‍ നിന്ന് അഞ്ച് വിജയവും മൂന്ന് തോല്‍വിയും അടക്കം 10 പോയിന്റോടെ നാലാം സ്ഥാനത്തേക്ക് മുന്നേറാനും രാഹുലിനും സംഘത്തിനും സാധിച്ചു.

അതേസമയം ഇത്ര തന്നെ മത്സരങ്ങളില്‍ നിന്നും നാല് വീതം ജയവും തോല്‍വിയുമായി എട്ട് പോയിന്റുള്ള ചെന്നൈ അഞ്ചാം സ്ഥാനത്താണ്.

Related Articles

Back to top button