Cricket

ഇന്ത്യ-ഓസ്‌ട്രേലിയ മത്സരത്തില്‍ പിറന്നത് റെക്കോഡുകളുടെ പെരുമഴ!! മുമ്പന്‍ രോഹിത് ശര്‍മ തന്നെ

ട്വന്റി20 ലോകകപ്പില്‍ ഓസ്‌ട്രേലിയയുടെ സെമി പ്രതീക്ഷകള്‍ തല്ലിക്കെടുത്തി ഇന്ത്യ വിജയിച്ചു കയറിപ്പോള്‍ അത് ഇന്ത്യയുടെ മധുര പ്രതികാരം കൂടിയായി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയെ ട്വന്റി20 ലോകകപ്പിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഒരിന്നിംഗ്‌സിലൂടെ രോഹിത് ശര്‍മ രക്ഷിച്ചപ്പോള്‍ ഓസീസിന്റെ പോരാട്ടം 24 റണ്‍സ് അകലെ അവസാനിക്കുകയായിരുന്നു.

ഏകദിന ലോകകപ്പ് ഫൈനലില്‍ ഇന്ത്യയുടെ അന്തകനായ ട്രവിസ് ഹെഡ് 76 റണ്‍സ് നേടി പൊരുതിയെങ്കിലും ഫലമുണ്ടായില്ല.

41 പന്തില്‍ ഏഴു ഫോറും എട്ടു സിക്‌സറുമായി 92 റണ്‍സ് നേടിയ രോഹിത് ശര്‍മ മുമ്പില്‍ നിന്നു നയിച്ചപ്പോള്‍ മത്സരത്തില്‍ പിറന്നത് നിരവധി റെക്കോഡുകളാണ്.

ട്വന്റി20 ലോകകപ്പില്‍ ഏറ്റവുമധികം സിക്‌സറുകള്‍ പിറക്കുന്ന രണ്ടാമത്തെ മത്സരമായും ഇന്ത്യ-ഓസ്‌ട്രേലിയ പോരാട്ടം മാറി. മത്സരത്തില്‍ 24 സിക്‌സറുകളാണ് ഇരു ടീമുകളും ചേര്‍ന്ന് അടിച്ചു കൂട്ടിയത്. 2014ലെ ലോകകപ്പിലെ അയര്‍ലന്‍ഡ്-നെതര്‍ലന്‍ഡ് മത്സരമാണ് ഒന്നാമത് 30 സിക്‌സറുകളാണ് ഈ മത്സരത്തില്‍ പിറന്നത്.

രാജ്യാന്തര ട്വന്റി20യില്‍ ഏറ്റവുമധികം വിജയം നേടുന്ന ക്യാപ്റ്റന്‍ എന്ന നേട്ടവും രോഹിതിനു സ്വന്തമായി. 48 മത്സരങ്ങളിലാണ് രോഹിതിന്റെ നായകത്വത്തില്‍ ഇന്ത്യ വിജയിച്ചു കയറിയത്. വെറും 60 മത്സരത്തിലാണിത്.

പാക് നായകന്‍ ബാബര്‍ അസമിനും ഇത്ര തന്നെ വിജയമുണ്ടെങ്കിലും ബാബര്‍ 85 മത്സരത്തില്‍ പാക്കിസ്ഥാനെ നയിച്ചിട്ടുണ്ട്.

ട്വന്റി20 ലോകകപ്പില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവുമുയര്‍ന്ന രണ്ടാമത്തെ സ്‌കോറാണ് രോഹിത് ശര്‍മ നേടിയ 92 റണ്‍സ്. 2010ല്‍ സുരേഷ് റെയ്‌ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നേടിയ 101 റണ്‍സാണ് ഒന്നാമത്.

അതോടൊപ്പം ട്വന്റി20 ലോകകപ്പില്‍ ഒരു ക്യാപ്റ്റന്റെ ഏറ്റവുമുയര്‍ന്ന രണ്ടാമത്തെ സ്‌കോറും കൂടിയാണിത്. 2010ല്‍ ക്രിസ് ഗെയ്ല്‍ ഇന്ത്യയ്‌ക്കെതിരേ നേടിയ 98 റണ്‍സാണ് ഒന്നാമത്.

ലോകകപ്പില്‍ രോഹിത് ശര്‍മയുടെ ഏറ്റവുമുയര്‍ന്ന വ്യക്തഗത സ്‌കോറും കൂടിയാണിത്.

രാജ്യാന്തര ട്വന്റി20യില്‍ 200 സിക്‌സറുകള്‍ നേടുന്ന ആദ്യ താരമായും രോഹിത് ശര്‍മ മാറി.

രാജ്യന്തര ക്രിക്കറ്റില്‍ ഒരു രാജ്യത്തിനെതിരേ ഏറ്റവുമധികം സിക്‌സറുകള്‍ നേടുന്ന താരം എന്ന ക്രിസ് ഗെയ്‌ലിന്റെ റെക്കോഡിനൊപ്പമെത്താനും രോഹിതിനായി.

ഓസ്‌ട്രേലിയയ്‌ക്കെതിരേ മൂന്നു ഫോര്‍മാറ്റുകളിലുമായി രോഹിത് 130 സിക്‌സറുകളാണ് പറത്തിയത്. ഇംഗ്ലണ്ടിനെതിരേയായിരുന്നു ഗെയ്‌ലിന്റെ നേട്ടം. വെസ്റ്റ് ഇന്‍ഡീസിനെതിരേ 88 സിക്‌സറുകള്‍ പറത്തിയ രോഹിത് തന്നെയാണ് മൂന്നാം സ്ഥാനത്ത്.

ട്വന്റി20 ലോകകപ്പില്‍ ഒരിന്ത്യന്‍ താരത്തിന്റെ ഏറ്റവും വേഗതയേറിയ മൂന്നാമത്തെ അര്‍ധസെഞ്ചുറിയാണ് രോഹിത് കുറിച്ചത്. 19 പന്തിലാണ് ഇന്നലെ രോഹിത് അര്‍ധ സെഞ്ചുറി തികച്ചത്.

Related Articles

Back to top button