Cricket

മാക്‌സ്‌വെല്ലിന് ഐപിഎല്ലില്‍ കളിക്കാന്‍ ഒരു താല്‍പര്യവുമില്ല!! അതാണ് ആര്‍സിബിയുടെ പ്രശ്‌നമെന്ന് മുന്‍ താരം

റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ പരാജയത്തിന് ഒരു പ്രധാന കാരണം ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ് വെല്‍ എന്ന് തുറന്നടിച്ച് മുന്‍ ഇന്ത്യന്‍ താരം മനോജ് തിവാരി.

ഒരു താല്‍പര്യവുമില്ലാതെയാണ് മാക്‌സ് വെല്‍ ഐപിഎല്‍ കളിച്ചതെന്നും മനോജ് തിവാരി പറഞ്ഞു. ഈ സീസണില്‍ ഒമ്പത് ഇന്നിംഗ്‌സുകളില്‍ നിന്ന് വെറും 52 റണ്‍സ് മാത്രമാണ് താരം നേടിയത്. 5.77 ആണ് താരത്തിന്റെ ബാറ്റിംഗ് ശരാശരി.

‘മാക്സ്വെല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ എപ്പോഴും ഓസ്ട്രേലിയയ്ക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ച വെക്കാറുണ്ട്. എന്തായാലും ഐപിഎല്ലിലേക്ക് വന്നാല്‍ അദ്ദേഹം പ്രത്യേകിച്ച് ഒന്നും ചെയ്യുന്നത് കാണാറില്ല.

ലീഗില്‍ മാക്സ്വെല്ലിന് ഒരു താത്പര്യവുമില്ലെന്നാണ് എനിക്ക് തോന്നുന്നത്. ഐപിഎല്ലില്‍ ഔട്ട് ആയാലും മാക്സ്വെല്ലിന് ഒരു പ്രശ്നവുമില്ല. അദ്ദേഹത്തിന് കൃത്യമായി പണം കിട്ടുന്നുണ്ട്’, തിവാരി വിമര്‍ശിച്ചു.

ആദ്യ എട്ടുകളികളില്‍ നിന്ന് ഒരു ജയം മാത്രമുണ്ടായിരുന്ന ബംഗളൂരു തുടര്‍ച്ചയായി ആറു മത്സരം വിജയിച്ച് അദ്ഭുതക്കുതിപ്പ് നടത്തിയാണ് പ്ലേഓഫിലെത്തിയത്.

എന്നാല്‍ എലിമിനേറ്ററില്‍ രാജസ്ഥാനെതിരായ നിര്‍ണായക മത്സരത്തില്‍ പരാജയമായ ആര്‍സിബിയെയും തിവാരി നിശിതമായി വിമര്‍ശിച്ചു. ‘ആര്‍സിബിയുടെ ട്രോഫി എവിടെ ? എന്തായിരുന്നു അവസാനത്തെ ഫലം ? കിരീടം നേടുന്നതിന് വേണ്ടിയാണ് നമ്മള്‍ കളിക്കേണ്ടത്. അവിടെയാണ് ആര്‍സിബിയുടെ യഥാര്‍ത്ഥ പ്രശ്നവും’, തിവാരി കൂട്ടിച്ചേര്‍ത്തു.

വിരാട് കോഹ് ലി ഇനിയൊരു സീസണ്‍ കൂടി ആര്‍സിബിയില്‍ തുടരുമോയെന്ന കാര്യവും സംശയത്തിലാണ്. ഐപിഎല്ലില്‍ നിന്ന് വിരമിക്കാന്‍ കോഹ് ലി പദ്ധതിയിടുന്നതായി ചില റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അതേസമയം ആര്‍സിബിയെ തോല്‍പ്പിച്ച രാജസ്ഥാന്‍ ഇന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായി രണ്ടാം ക്വാളിഫയറില്‍ ഏറ്റുമുട്ടും.

Related Articles

Back to top button