Cricket

എടാ മോനേ !! ഇന്ത്യന്‍ ടീമിന്റെ വിക്ടറി പരേഡില്‍ ആവേശം മൂത്ത് മരം കയറി ആരാധകന്‍; വീഡിയോ വൈറല്‍

ട്വന്റി20 ലോകകപ്പ് കിരീടവുമായി ഇന്ത്യന്‍ ടീം മുംബൈ മറൈന്‍ ഡ്രൈവില്‍ നിന്ന് വാംഖഡെ സ്റ്റേഡിയം വരെ നടത്തിയ വിക്ടറി പരേഡ് കാണാനായി ലക്ഷക്കണക്കിന് ആളുകളാണ് മറൈന്‍ഡ്രൈവിലേക്ക് ഒഴുകിയെത്തിയത്.

കനത്ത മഴയെപ്പോലും അവഗണിച്ച് രണ്ട് മണിക്കൂറോളം വൈകി തുടങ്ങിയ വിക്ടറി പരേഡ് ജനപങ്കാളിത്തത്തില്‍ തൃശൂര്‍ പൂരത്തെപ്പോലും പിന്നിലാക്കുന്നതായിരുന്നു.

ഇതോടൊപ്പം സമൂഹമാധ്യമങ്ങളില്‍ വൈറലായത് മരംകയറിയ ഒരു ആരാധകനായിരുന്നു. ഇന്ത്യന്‍ ടീമിന്റെ വിക്ടറി പരേഡ് കാണാനായി റോഡിന് അരികിലെ മരത്തിന് മുകളില്‍ കയറിയ ആരാധകന്‍ ടീം അംഗങ്ങള്‍ തനിക്കരികിലൂടെ കടന്നുപോകുമ്പോള്‍ മരത്തിന്റെ ചില്ലയില്‍ കിടന്ന് ഒരു കൈയില്‍ ഫോണ്‍ പിടിച്ച് ചിത്രമെടുക്കാന്‍ ശ്രമിക്കുന്ന ചിത്രം ഇന്ത്യന്‍ ടീമിന്റെ വിക്ടറി പരേഡ് പോലെ തന്നെ സമൂഹമാധ്യമങ്ങളിലും വൈറലായി.

മരത്തിന് മുകളില്‍ നിന്ന് ചിത്രമെടുക്കുന്ന ആരാധകനെ വിരാട് കോലി രോഹിതിന് കാണിച്ചുകൊടുക്കുന്നതും രോഹിത് അയാളോട് താഴെയിറങ്ങാനും പറയുന്നതിന്റെയും വീഡിയോയും പ്രചരിക്കുന്നുണ്ട്.

ഒറ്റ ദിവസം കൊണ്ട് ബോളിവുഡ് താരങ്ങളെക്കാള്‍ പ്രശസ്തി ഇയാള്‍ക്ക് ലഭിച്ചുവെന്നാണ് ചിലര്‍ എക്‌സില്‍ കുറിച്ചത്.

ഇന്നലെ രാവിലെ ആറരയോടെ ഡല്‍ഹി വിമാനത്താവളത്തിലെത്തിയ ഇന്ത്യന്‍ ടീം അംഗങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയില്‍ ഒരുക്കിയ സ്വീകരണത്തില്‍ പങ്കെടുത്തശേഷമാണ് മുംബൈയിലെത്തിയത്.

ഡല്‍ഹിയില്‍ നിന്ന് വിസ്താര വിമാനത്തില്‍ മുംബൈയിലെത്തിയ ഇന്ത്യന്‍ ടീമിനെ വാട്ടര്‍ സല്യൂട്ട് നല്‍കിയാണ് അഗ്‌നിശമനസേന സ്വീകരിച്ചത്.

മുംബൈ മറൈന്‍ ഡ്രൈവില്‍ നിന്ന് തുറന്ന ബസില്‍ വാംഖഡെ സ്റ്റേഡിയം വരെ വിക്ടറി പരേഡ് കാണാനായി മൂന്നു ലക്ഷത്തില്‍ പരം ആളുകള്‍ എത്തിയെന്നാണ് കണക്കുകള്‍.

Related Articles

Back to top button