Cricket

ലോക റെക്കോഡ് പ്രകടനവുമായി പാപ്പുവ ന്യൂഗിനിയെ ‘ലോക്ക്’ ചെയ്ത് ലോക്കി ഫെര്‍ഗൂസന്‍!! ന്യൂസിലന്‍ഡിന് അനായാസ ജയം

ട്വന്റി20 ലോകകപ്പില്‍ പാപ്പുവ ന്യൂഗിനിയെ ഏഴു വിക്കറ്റിന് തോല്‍പ്പിച്ച് ന്യൂസിലന്‍ഡ്. ആദ്യം ബാറ്റു ചെയ്ത പാപ്പുവ ന്യൂ ഗിനിയെ 19.4 ഓവറില്‍ പുറത്താക്കിയ കിവീസ്, 12.2 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ വിജയത്തിലെത്തി.

നേരത്തെ തന്നെ സൂപ്പര്‍ എട്ട് സാധ്യതകള്‍ അവസാനിച്ചതിനാല്‍ വിജയത്തോടെ ലോകകപ്പ് പോരാട്ടങ്ങള്‍ അവസാനിപ്പിക്കാന്‍ സാധിച്ചു എന്നതു മാത്രമാണു ന്യൂസീലന്‍ഡിന്റെ നേട്ടം.

സി ഗ്രൂപ്പില്‍നിന്ന് അഫ്ഗാനിസ്ഥാനും വെസ്റ്റിന്‍ഡീസും നേരത്തേ സൂപ്പര്‍ എട്ട് ഉറപ്പിച്ചിരുന്നു.നാലു മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ കിവീസ് നാലു പോയിന്റുമായി മൂന്നാമതാണ്.

അതേ സമയം കളിച്ച എല്ലാ മത്സരങ്ങളിലും തോല്‍ക്കാനായിരുന്നു പാപ്പുവ ന്യൂ ഗിനിയുടെ വിധി. ട്രിനിഡാഡിലെ ബ്രയാന്‍ ലാറ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ന്യൂസിലന്‍ഡ് പാപ്പുവ ന്യൂഗിനിയെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു.

എന്നാല്‍ കിവീസ് ബൗളര്‍മാരുടെ മികവിനു മുമ്പില്‍ പിടിച്ചു നില്‍ക്കാനാവാതെ അവര്‍ 78 റണ്‍സിന് പുറത്താവുകയായിരുന്നു. 25 പന്തില്‍ 17 റണ്‍സെടുത്ത ചാള്‍സ് അമിനിയാണ് പാപ്പുവ ന്യൂ ഗിനിയയുടെ ടോപ് സ്‌കോറര്‍.

ലോകറെക്കോഡ് പ്രകടനം പുറത്തെടുത്ത ലോക്കി ഫെര്‍ഗൂസനാണ് ന്യൂസിലന്‍ഡ് ബൗളര്‍മാരില്‍ മികച്ചു നിന്നത്. നാലോവര്‍ എറിഞ്ഞ താരം റണ്‍സൊന്നും വഴങ്ങാതെ മൂന്നു വിക്കറ്റുകളാണ് വീഴ്ത്തിയത്.

ട്വന്റി20 ക്രിക്കറ്റിലെ ഏറ്റവും മികച്ച എക്കണോമിയിലുള്ള ബൗളിംഗ് പ്രകടനമാണ് ലോക്കി ഫെര്‍ഗൂസന്റേത്.

79 രണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ കിവീസിന് തുടക്കത്തില്‍ തന്നെ ഫിന്‍ അലനെയും (0), രചിന്‍ രവീന്ദ്രയെയും (6) നഷ്ടമായി.

32 പന്തുകള്‍ നേരിട്ട ഡെവോണ്‍ കോണ്‍വെ 35 റണ്‍സെടുത്തു പുറത്തായെങ്കിലും ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസനും (17 പന്തില്‍ 18), ഡാരില്‍ മിച്ചലും (12 പന്തില്‍ 19) ചേര്‍ന്ന് കിവീസിനെ വിജയത്തിലെത്തിക്കുകയായിരുന്നു.


റെക്കോഡ് പ്രകടനം പുറത്തെടുത്ത ലോക്കി ഫെര്‍ഗൂസനാണ് കളിയിലെ താരം. രാജ്യാന്തര ക്രിക്കറ്റില്‍ നാലോവറും മെയ്ഡന്‍ എറിയുന്ന രണ്ടാമത്തെ മാത്രം താരമാണ് ഫെര്‍ഗൂസന്‍.

കാനഡയുടെ സാദ് ബിന്‍ സഫര്‍ പനാമയ്‌ക്കെതിരേ നാലോവറും മെയ്ഡന്‍ എറിഞ്ഞ് രണ്ടു വിക്കറ്റുകള്‍ സ്വന്തമാക്കിയിരുന്നു. ഇപ്പോള്‍ ഈ നേട്ടമാണ് ഫെര്‍ഗൂസന്‍ മൂന്നു വിക്കറ്റ് നേടി മറികടന്നിരിക്കുന്നത്.

Related Articles

Back to top button