Cricket

140 കിലോമീറ്റര്‍ വേഗതയുള്ള പന്തില്‍ മിന്നല്‍ സ്റ്റംപിംഗ്!! ക്ലാസന്‍ വേറെ ലെവലാണ്; വീഡിയോ

ഫാസ്റ്റ് ബൗളറുടെ പന്തില്‍ കയറി നിന്ന് ആരും കീപ്പ് ചെയ്യാറില്ല. പന്തു പിടിക്കാനുള്ള ബുദ്ധിമുട്ടും പരിക്കേല്‍ക്കാനുള്ള സാധ്യതയും കൂടുതലാണ് എന്നതിനാലാണിത്.

അതേസമയം 140 കിലോമീറ്റര്‍ വേഗതയില്‍ വന്ന പന്തില്‍ ഒരു മിന്നല്‍ സ്റ്റംപിംഗ് നടത്തണമെങ്കില്‍ അയാളുടെ പേര് ഹെന്‍ റിച്ച് ക്ലാസന്‍ എന്നായിരിക്കണം.

പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തിലായിരുന്നു ക്ലാസന്റെ ഈ മിന്നല്‍ സ്റ്റംപിംഗ്. സണ്‍റൈസേഴ്‌സിന്റെ 182 റണ്‍സ് പിന്തുടര്‍ന്ന പഞ്ചാബിന് തുടക്കത്തില്‍ തന്നെ ജോണി ബെയര്‍സ്‌റ്റോയെയും പ്രഭ്‌സിമ്രാന്‍ സിംഗിനെയും നഷ്ടമായി.

പിന്നീടുള്ള അവരുടെ പ്രതീക്ഷ ക്യാപ്റ്റന്‍ ശിഖര്‍ ധവാനിലായിരുന്നു. ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ അഞ്ചാം ഓവറില്‍ സ്ലിപ്പില്‍ നല്‍കിയ അനായാസ ക്യാച്ച് അബ്ദുള്‍ സമദ് കൈവിട്ടപ്പോള്‍ പന്ത് വിശ്രമിച്ചത് ബൗണ്ടറിയിലായിരുന്നു.

ഇന്ന് ധവാന്റെ ദിവസമെന്ന് ആരാധകര്‍ ഉറപ്പിച്ചിരിക്കുമ്പോഴാണ് വീണ്ടും ഓവര്‍ എറിയാന്‍ ഭുവനേശ്വര്‍ കുമാര്‍ എത്തിയത്. ക്ഷമ നശിച്ച് ഭൂവനേശ്വറിന്റെ 140 കിലോ മീറ്റര്‍ വേഗത്തിലെത്തിയ പന്തില്‍ ഫ്രണ്ട് ഫൂട്ടില്‍ കയറി അടിക്കാന്‍ നോക്കിയ ധവാനെ ഹൈദരാബാദ് വിക്കറ്റ് കീപ്പര്‍ ഹെന്റിച്ച് ക്ലാസന്‍ മിന്നല്‍ സ്റ്റംപിംഗിലൂടെ പുറത്താക്കിയത് സ്‌റ്റേഡിയത്തില്‍ തടിച്ചു കൂടിയ കാണികളെയാകെ സ്തബ്ദരാക്കി.


സ്പിന്നര്‍മാരുടെ പന്തുകളില്‍ ധോണിയടക്കമുള്ളവര്‍ മിന്നല്‍ വേഗത്തില്‍ സ്റ്റംംപിഗ് നടത്തി ഞെട്ടിച്ചിട്ടുണ്ടെങ്കിലും ഒരു പേസറുടെ, അതും 140 കിലോമീറ്റര്‍ വേഗതയില്‍ വന്ന പന്തില്‍ മിന്നല്‍ സ്റ്റംപിംഗ് നടത്തിയ ക്ലാസന്റെ തട്ട് താഴ്ന്നു തന്നെയിരിക്കുകമെന്ന് ആരാധകര്‍ ഒന്നടങ്കം പറയുന്നു.

മത്സരത്തില്‍ ഹൈദരാബാദ് രണ്ടു റണ്‍സിന്റെ വിജയം സ്വന്തമാക്കുകയും ചെയ്തു. നിതീഷ് റെഡ്ഡിയുടെ അര്‍ധ സെഞ്ചുറി മികവിലാണ് സണ്‍റൈസേഴ്‌സ് 182 റണ്‍സ് എന്ന സ്‌കോറിലെത്തിയത്.

183 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ പഞ്ചാബിനായി കഴിഞ്ഞ മത്സരത്തിലേതുപോലെ ശശാങ്ക് സിംഗും(25 പന്തില്‍ 46*) അശുതോഷ് ശര്‍മയും(15 പന്തില്‍ 33*) പൊരുതി നോക്കിയെങ്കിലും രണ്ടു റണ്‍സ് അകലെ പോരാട്ടം അവസാനിച്ചു.

ഹൈദരാബാദിനായി ജയദേവ് ഉനദ്ഘട്ട് എറിഞ്ഞ അവസാന ഓവറില്‍ 29 റണ്‍സായിരുന്നു പഞ്ചാബിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. മൂന്ന് ക്യാച്ചുകള്‍ കൈവിട്ട ഓവറില്‍ പഞ്ചാബിന് 26 റണ്‍സ് മാത്രമേ നേടാനായുള്ളൂ.

Related Articles

Back to top button