Cricket

ഗംഭീറിനെ പരിശീലകനായി തീരുമാനിച്ചത് കോഹ് ലിയുമായി ചര്‍ച്ച ചെയ്യാതെ !! ടീമില്‍ അസ്വാരസ്യമെന്ന് റിപ്പോര്‍ട്ട് ?

ഏറെ സസ്‌പെന്‍സുകള്‍ക്കു ശേഷം കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലകനായി ഗൗതം ഗംഭീറിനെ ബിസിസിഐ നിയമിച്ചത്.

ഇതിനുപിന്നാലെ ടീമില്‍ ചില അസ്വാരസ്യങ്ങളും ഉടലെടുത്തിരിക്കുകയാണ്. ഹെഡ് കോച്ചായി ഗംഭീറിനെ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുന്‍പ് ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ വിരാട് കോഹ്ലിയുമായി ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് ചര്‍ച്ച നടത്തിയിട്ടില്ലെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കോഹ് ലിയും ഗംഭീറും തമ്മിലുള്ള മൈതാനത്തെ വാക് പോരാട്ടങ്ങള്‍ കുപ്രസിദ്ധമാണ്. ഇരുവരും തമ്മില്‍ അത്ര മികച്ച ബന്ധമല്ലായിരുന്നു ഉണ്ടായിരുന്നത്.

എന്നാല്‍ ഇത്തവണത്തെ ഐപിഎല്ലില്‍ ഇരുവരും പരസ്പരം ആലിംഗനം ചെയ്യുന്നതിന്റെയും സംസാരിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. ഇതോടെ ഇരുവരും തമ്മിലുള്ള സ്പര്‍ദ ഇല്ലാതായതായി വ്യാഖ്യാനം ഉണ്ടായിരുന്നു.

മുമ്പ് ഇരു താരങ്ങളും തമ്മില്‍ അസ്വാരസ്യം നിലനിന്നിരുന്നതിനാല്‍ ഗംഭീറിനെ പരിശീലകനാക്കുന്നതിന് മുന്‍പ് കോഹ്ലിയോട് ചോദിച്ചില്ലെന്നാണ് ഇപ്പോള്‍ വിമര്‍ശനം ഉയരുന്നത്. തന്നെ അറിയിക്കാതെ ഇത്തരം നീക്കം നടത്തിയതില്‍ കോഹ്ലിക്ക് അതൃപ്തിയുണ്ടെന്നും വാര്‍ത്തകളുണ്ട്.

ട്വന്റി 20 ലോകകപ്പോടെ ഇന്ത്യയുടെ മുഖ്യപരിശീലക സ്ഥാനമൊഴിഞ്ഞ രാഹുല്‍ ദ്രാവിഡിന് പകരക്കാരനായി ഗംഭീര്‍ എത്തുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഇതിനിടയ്ക്ക് മറ്റു ചില പേരുകള്‍ കൂടി ബിസിസിഐ ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്തതോടെ മുഖ്യപരിശീലകന്റെ പ്രഖ്യാപനം വൈകുകയായിരുന്നു.

ഗൗതം ഗംഭീറിന്റെ ഉപദേശക മികവില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഐപിഎല്‍ കിരീടമുയര്‍ത്തിയതാണ് മുഖ്യപരിശീലക സ്ഥാനത്തേക്ക് താരത്തെ പരിഗണിക്കാന്‍ കാരണമായത്.

ജൂണ്‍ അവസാനവാരം മുഖ്യപരിശീലകന്റെ പേര് പ്രഖ്യാപിക്കുമെന്നാണ് മുമ്പു പറഞ്ഞിരുന്നതെങ്കിലും ഇത് ഏറെ വൈകുകയായിരുന്നു.

Related Articles

Back to top button