Cricket

പണിയ്ക്ക് മറുപണിയുമായി എസ്ആര്‍കെ !! ഗംഭീറിനു പകരക്കാരനായി ഇതിഹാസ താരത്തെ മെന്ററാക്കാന്‍ കൊല്‍ക്കത്ത മാനേജ്‌മെന്റ്

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ മെന്ററായിരുന്ന ഗൗതം ഗംഭീര്‍ ടീമിനെ ഐപിഎല്‍ ചാമ്പ്യന്മാരാക്കിയ ശേഷം സ്ഥാനമൊഴിയുകയും ഇന്ത്യന്‍ ദേശീയ ടീമിന്റെ പരിശീലകനായി ചുമതലയേറ്റിരിക്കുകയുമാണ്.

ഏറെ വാഗ്ദാനങ്ങള്‍ കൊല്‍ക്കത്ത മാനേജ്‌മെന്റ് ഗംഭീറിനു മുമ്പില്‍ വച്ചിരുന്നെങ്കിലും ദേശീയ ടീമിന്റെ പരിശീലകനാവുക എന്ന ആഗ്രഹത്തിലൂന്നി ഗംഭീര്‍ അതെല്ലാം നിരസിക്കുകയായിരുന്നു.

ഇപ്പോഴിതാ ഗംഭീറിനു പകരക്കാരനായി ഇന്ത്യന്‍ ടീമിന്റെ മുന്‍ മുഖ്യപരിശീലകന്‍ രാഹുല്‍ ദ്രാവിഡിനെ ടീം മാനേജ്‌മെന്റ് സമീപിച്ചതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്.

ഇന്ത്യയ്ക്ക് ട്വന്റി20 ലോകകപ്പ് കിരീടം നേടിത്തന്നതിനു പിന്നാലെയാണ് ദ്രാവിഡ് പരിശീലക സ്ഥാനം ഒഴിഞ്ഞത്. പകരം ഗംഭീറിനെ കോച്ചായി നിയമിക്കുകയും ചെയ്തു. ഗംഭീറിനു പകരം ദ്രാവിഡിനെ തന്നെ ടീമിലെത്തിക്കാനാണ് മാനേജ്‌മെന്റ് ശ്രമിക്കുന്നത്.

2024 ഐപിഎല്‍ സീസണിനു മുന്നോടിയായാണ് ഗൗതം ഗംഭീര്‍ കൊല്‍ക്കത്ത ടീമിന്റെ മെന്ററായി ചുമതയേല്‍ക്കുന്നത്. രണ്ടു സീസണുകളില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ ഉപദേശകനായിരുന്ന ശേഷമായിരുന്നു കൊല്‍ക്കത്തയിലേക്കുള്ള അദ്ദേഹത്തിന്റെ മടങ്ങിവരവ്.

ഗംഭീറിന്റെ തന്ത്രങ്ങളുടെ ബലത്തില്‍ കൊല്‍ക്കത്ത ഐപിഎല്‍ കിരീടം നേടുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ഇന്ത്യയുടെ കോച്ചാകാനുള്ള ഓഫര്‍ അദ്ദേഹത്തെ തേടിയെത്തുന്നത്.

കൊല്‍ക്കത്തയ്‌ക്കൊപ്പം പത്തു വര്‍ഷം തുടരുന്നതിനായി ഗംഭീറിന് ‘ബ്ലാങ്ക് ചെക്ക്’ വരെ ടീമുടമ ഷാറൂഖ് ഖാന്‍ നല്‍കിയെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ബിസിസിഐ ഓഫര്‍ സ്ഥാനം നിരസിക്കാതെ അദ്ദേഹം പരിശീലക സ്ഥാനം ഏറ്റെടുക്കുകയായിരുന്നു.

ദ്രാവിഡ് ഗംഭീറിന് ഒത്ത പകരക്കാരനാവുമെന്നാണ് കൊല്‍ക്കത്ത മാനേജ്‌മെന്റ് കരുതുന്നത്. ഇന്ത്യയ്ക്ക് ട്വന്റി20 ലോകകപ്പ് നേടിക്കൊടുത്ത ദ്രാവിഡ് ടീമിനെ ഏകദിന ലോകകപ്പിന്റെയും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെയും ഫൈനലില്‍ എത്തിക്കുകയും ചെയ്തിരുന്നു.

2025 സീസണിനു മുന്നോടിയായി രാഹുല്‍ ദ്രാവിഡിനെ ‘റാഞ്ചാന്‍’ നിരവധി ടീമുകള്‍ പദ്ധതിയിടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ മുന്‍പന്തിയില്‍ കൊല്‍ക്കത്ത തന്നെയാണ്. ഇതിനു മുന്‍പും ഐപിഎല്‍ ടീമുകളുടെ പരിശീലക, മെന്റര്‍ സ്ഥാനങ്ങളില്‍ ദ്രാവിഡ് പ്രവര്‍ത്തിച്ചിട്ടുണ്ട്.

രാജസ്ഥാന്‍ റോയല്‍സിന്റെ മെന്ററായും ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന്റെ പരിശീലകനായിട്ടുമാണ് ദ്രാവിഡ് പ്രവര്‍ത്തിച്ചിട്ടുള്ളത്. അണ്ടര്‍ 19, ഇന്ത്യ എ ടീമുകള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യയുടെ ജൂനിയര്‍ ടീമുകളുടെ പരിശീലകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

2021ല്‍ ഇന്ത്യന്‍ സീനിയര്‍ ടീമിന്റെ കോച്ചാകുന്നതിനു മുന്‍പ്, ബെംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയുടെ (എന്‍സിഎ) തലവനായും പ്രവര്‍ത്തിച്ചിരുന്നു.

അതേസമയം കൊല്‍ക്കത്തയുടെ ബാറ്റിംഗ് പരിശീലകന്‍ അഭിഷേക് നായരെ ദേശീയ ടീമില്‍ തനിക്കൊപ്പം കൂട്ടാന്‍ ഗംഭീര്‍ ചരടുവലി നടത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

Related Articles

Back to top button