Cricket

മാമനോട് ഒന്നും തോന്നല്ലേ മക്കളേ !! പാക്കിസ്ഥാന്‍ പുറത്തായതില്‍ നിരാശയുണ്ടെങ്കിലും ഇത് പറയാതിരിക്കാന്‍ വയ്യെന്ന് കമ്രാന്‍ അക്മല്‍

ട്വന്റി20 ലോകകപ്പിന്റെ ആദ്യ റൗണ്ടില്‍ തന്നെ പാക്കിസ്ഥാന്‍ പുറത്തായത് പാക് ആരാധകരെ ഒന്നടങ്കം നിരാശപ്പെടുത്തുകയാണ്.

അമേരിക്കയും അയര്‍ലന്‍ഡും തമ്മിലുള്ള മത്സരം മഴമൂലം ഉപേക്ഷിച്ചതാണ് അവര്‍ക്ക് വിനയായത്. മത്സരത്തില്‍ അയര്‍ലന്‍ഡ് ജയിക്കുകയായിരുന്നുവെങ്കില്‍ പാക്കിസ്ഥാന് സൂപ്പര്‍ എട്ട് സാധ്യതയുണ്ടായിരുന്നു.

ഈ അവസരത്തില്‍ പാക്കിസ്ഥാന്‍ ടീമിനെതിരേ തുറന്നടിച്ചിരിക്കുകയാണ് മുന്‍ താരം കമ്രാന്‍ അക്മല്‍. ‘ടീമിന് സൂപ്പര്‍ എട്ടില്‍ എത്താന്‍ കഴിയാത്തത് വളരെ നിരാശാജനകവും സങ്കടകരവുമാണ്. എന്നാല്‍ പാകിസ്ഥാന്‍ ടീം ശരാശരി ക്രിക്കറ്റിന് താഴെയാണ് കളിച്ചത് എന്നത് കയ്പേറിയ വസ്തുതയാണ്. ഇപ്പോള്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള സമയമായി’ കമ്രാന്‍ അക്മല്‍ എക്‌സില്‍ കുറിച്ചു.

കഴിഞ്ഞ ദിവസം നടക്കേണ്ടിയിരുന്ന യുഎസ്എ-അയര്‍ലന്‍ഡ് മത്സരം മഴ കാരണം ഒരു പന്ത് പോലും എറിയാതെ ഉപേക്ഷിച്ചതിനെത്തുടര്‍ന്ന് പോയിന്റ് പങ്കിടുകയും യുഎസ്എ സൂപ്പര്‍ എട്ടിലേക്ക് മുന്നേറുകയുമായിരുന്നു.

ആദ്യ മത്സരത്തില്‍ കാനഡയെ ഏഴ് വിക്കറ്റിന് തോല്‍പ്പിച്ച അമേരിക്ക പാക്കിസ്ഥാനെ സൂപ്പര്‍ ഓവറില്‍ അട്ടിമറിച്ചിരുന്നു. ഇന്ത്യയോട് പൊരുതി തോല്‍ക്കുകയും ചെയ്തു.

അയര്‍ലന്‍ഡിനെതിരായ മത്സരം ഉപേക്ഷിച്ചതോടെ അമേരിക്കയ്ക്ക് അഞ്ച് പോയിന്റാവുകയായിരുന്നു. അടുത്ത മത്സരം ജയിച്ചാലും ആദ്യ രണ്ട് മത്സരങ്ങള്‍ തോറ്റ പാകിസ്ഥാന് നാല് പോയിന്റേ ആകുകയുള്ളൂ. അയര്‍ലന്‍ഡിനെതിരേ തന്നെയാണ് പാക്കിസ്ഥാന്റെ അടുത്ത മത്സരം.

Related Articles

Back to top button