Cricket

ലോകകപ്പ് ടീമില്‍ വൈസ് ക്യാപ്റ്റന്‍ ആവേണ്ടിയിരുന്നത് ഹാര്‍ദിക്കല്ല!! കോഹ്‌ലിയ്ക്ക് പോലും പ്രത്യേക പരിഗണന കൊടുക്കേണ്ടതില്ലെന്ന് പത്താന്‍

ലോകകപ്പ് സ്‌ക്വാഡിനെ പ്രഖ്യാപിച്ചതോടെ പലവിധ ചര്‍ച്ചകളാണ് സജീവമായിരിക്കുന്നത്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ പ്ലേഓഫ് സ്വപ്‌നം കയ്യാലപ്പുറത്തെ തേങ്ങ പോലെ ആയിരിക്കുന്ന അവസരത്തിലും മുംബൈ ഇന്ത്യന്‍സ് നായകന്‍ ഹാര്‍ദിക് പാണ്ഡ്യയെ ലോകകപ്പ് ടീമിന്റെ വൈസ് ക്യാപ്റ്റനാക്കിയതിനെതിരേ രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പത്താന്‍.

ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് പലഘട്ടങ്ങളിലും ഹാര്‍ദിക്കിന് മാത്രം പ്രത്യേക പരിഗണന നല്‍കുന്നത് ടീം അഗങ്ങള്‍ക്കിടയില്‍ തെറ്റായ സന്ദേശം നല്‍കുമെന്നും പത്താന്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ പറഞ്ഞു.

ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാത്ത ഹാര്‍ദിക്കിന് ബിസിസിഐ എ ഗ്രേഡ് കരാര്‍ നല്‍കിയപ്പോഴാണ് ശ്രേയസ് അയ്യരെയും ഇഷാന്‍ കിഷനെയും കരാറില്‍ നിന്നൊഴിവാക്കിയത്.

പരിക്കും മറ്റ് പലകാരങ്ങളും കാരണം ഹാര്‍ദിക് ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാതിരിക്കുന്നത് ഇന്ത്യന്‍ ക്രിക്കറ്റിനോടുള്ള താരത്തിന്റെ പ്രതിബദ്ധതയെക്കുറിച്ച് തന്നെ സംശയം ഉയര്‍ത്തുന്ന കാര്യമാണ്.

എന്നിട്ടും ഹാര്‍ദിക്കിന് എ ഗ്രേഡ് കരാര്‍ നല്‍കുകയുും ലോകകപ്പ് ടീമിന്റെ വൈസ് ക്യാപ്റ്റനാക്കുകയും ചെയ്തുവെന്നത് പ്രത്യേക പരിഗണനയെന്ന വാദത്തിന് ശക്തി കൂട്ടാനേ ഉപകരിക്കൂ.

പരിചയസമ്പന്നരായാ രോഹിത്തായാലും കോലി ആയാലും ഇനി പുതുമുഖമായാലും ആര്‍ക്കും പ്രത്യേക പരിഗണന നല്‍കേണ്ട കാര്യമില്ല.

കാരണം, ക്രിക്കറ്റ് എന്നത് ടീം ഗെയിമാണ്. അവിടെ എല്ലാവരും തുല്യരാണ്. അല്ലാതെ ടെന്നീസ് പോലെയുള്ള മത്സരമല്ല. കഴിഞ്ഞ ടി20 ലോകകപ്പില്‍ ചില കളിക്കാര്‍ക്ക് ഇത്തരത്തില്‍ ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് പ്രത്യേക പരിഗണന നല്‍കിയിരുന്നുവെന്നത് എനിക്കറിയാം. അത് ഒരിക്കലും അംഗീകരിക്കാനാവില്ല. പത്താന്‍ പറയുന്നു.

മുമ്പ് ഇന്ത്യയുടെ ട്വന്റി20 ടീമിനെ നയിച്ചിരുന്നു എന്ന കാരണത്താലാവാം ഹാര്‍ദികിനെ ലോകകപ്പില്‍ വൈസ് ക്യാപ്റ്റനാക്കിയത്.

എന്നാല്‍ ഇതേ ഹാര്‍ദിക് നയിക്കുന്ന മുംബൈ ഇന്ത്യന്‍സ് ഐപിഎല്ലില്‍ തുടര്‍ തോല്‍വികളില്‍ വലയുകയാണ്. ഹാര്‍ദിക്കിന്റെ വ്യക്തിഗത പ്രകടനവും മോശമാണ്.

അതിനാല്‍ ഹാര്‍ദിക്കിന് പകരം സെലക്ടര്‍മാര്‍ക്ക് വേണമെങ്കില്‍ ജസ്പ്രീത് ബുമ്രയെ വൈസ് ക്യാപ്റ്റനാക്കാമായിരുന്നുവെന്നും ഇര്‍ഫാന്‍ പത്താന്‍ കൂട്ടിച്ചേര്‍ത്തു.

സീസണില്‍ മോശം പ്രകടനം തുടരുന്ന ഹാര്‍ദിക് ലഖ്‌നൗവിനെതിരായ കഴിഞ്ഞ കളിയില്‍ ഗോള്‍ഡന്‍ ഡക്കായിരുന്നു.

Related Articles

Back to top button