Cricket

ഇന്ത്യന്‍ ടീമിനെ കോഹ്ലിയും രോഹിതും സൂര്യകുമാറും ചേര്‍ന്ന് ദുര്‍ബലരാക്കുന്നു!! പഠാന്‍ പറയുന്നതിങ്ങനെ…

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, സൂര്യകുമാര്‍ യാദവ് തുടങ്ങിയവര്‍ ചേര്‍ന്ന് ഒരു തരത്തില്‍ ദുര്‍ബലരാക്കുന്നുവെന്ന് മുന്‍ താരം ഇര്‍ഫാന്‍ പഠാന്‍.

മുന്‍നിര ബാറ്റര്‍മാര്‍ ബോള്‍ ചെയ്യാത്തത് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സന്തുലിതാവസ്ഥയെ ബാധിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടുന്നത്.

ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് തുടങ്ങിയ ടീമുകളിലെ ആദ്യ ഏഴു ബാറ്റര്‍മാരില്‍ ബോള്‍ ചെയ്യുന്നവര്‍ കൂടുതലുണ്ടെന്നും രോഹിത്, കോഹ്‌ലി, സൂര്യകുമാര്‍ എന്നിവര്‍ ബോള്‍ ചെയ്യാത്തത് ഇന്ത്യന്‍ ടീമിനെ പ്രതികൂലമായി ബാധിക്കുന്നുവെന്നും പഠാന്‍ പറയുന്നു.

നിലവിലെ ടീമിനെ വച്ച് രണ്ട് സാധ്യതകളാണുള്ളതെന്ന് പഠാന്‍ പറയുന്നു. ഒരു സാധ്യതയനുസരിച്ച്, അക്ഷര്‍ പട്ടേല്‍ ഉള്‍പ്പെടെ ആറു ബോളര്‍മാരെ കളിപ്പിക്കാം. അതുവഴി ബാറ്റിംഗിന്റെ ആഴം കൂട്ടാം.

മറ്റൊരു സാധ്യത വച്ച്, നാലു മുന്‍നിര ബോളര്‍മാരെ മാത്രം കളിപ്പിക്കുക എന്നതാണ്. ഇവര്‍ക്കൊപ്പം ശിവം ദുബെ, ഹാര്‍ദിക് പാണ്ഡ്യ എന്നീ ഓള്‍റൗണ്ടര്‍മാരുടെ ബൗളിംഗ് മികവിനെക്കൂടി ആശ്രയിക്കുക. പഠാന്‍ വ്യക്തമാക്കുന്നു.

നെറ്റ്‌സില്‍ ബോള്‍ ചെയ്യുന്നതും എന്നാല്‍ അതേസമയം മത്സരങ്ങളില്‍ ബോള്‍ ചെയ്തിട്ടില്ലാത്തവരുമായ താരങ്ങളെ ഉപയോഗിക്കാമെന്നും മുന്‍ ഓള്‍റൗണ്ടര്‍ പറയുന്നു.

യശസ്വി ജയ്‌സ്വാള്‍ അത്തരമൊരു താരമാണെന്ന് ചൂണ്ടിക്കാട്ടിയ പഠാന്‍ ശിവം ദുബെയെക്കൊണ്ടും ഒന്നോ രണ്ടോ ഓവര്‍ എറിയിക്കാമെന്നും പറയുന്നു.

അതേസമയം ഹാര്‍ദിക് പാണ്ഡ്യയ്ക്ക് മൂന്നോ നാലോ ഓവര്‍ എറിയാന്‍ സാധിക്കുമെങ്കില്‍ പ്രശ്‌നം ഏറെക്കുറെ പരിഹരിച്ചു എന്നു പറയാമെന്നും പഠാന്‍ പറയുന്നു.

എന്നാല്‍ ഇന്ത്യയുടെ പ്രധാന ബാറ്റര്‍മാരില്‍ മൂന്നു പേരായ രോഹിത് ശര്‍മ, വിരാട് കോലി, സൂര്യകുമാര്‍ യാദവ് എന്നിവര്‍ ബോള്‍ ചെയ്യാത്തത് ടീമിനെ ദുര്‍ബലപ്പെടുത്തുന്നുവെന്നാണ് പഠാന്റെ അഭിപ്രായം.ഇവരില്‍ ഒരാളെങ്കിലും ബോള്‍ ചെയ്തിരുന്നെങ്കില്‍ അത് ടീമിനു വലിയ മുന്‍തൂക്കം നല്‍കുമായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

”ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് തുടങ്ങിയ ടീമുകളെ നോക്കൂ. ആദ്യത്തെ ഏഴു താരങ്ങളില്‍ ഇവര്‍ക്കെല്ലാം ഒട്ടേറെ ഓള്‍റൗണ്ടര്‍മാരുണ്ട്. ഇംഗ്ലണ്ട് ടീമില്‍ മൊയീന്‍ അലി, ലിയാം ലിവിംഗ്സ്റ്റണ്‍, വില്‍ ജാക്‌സ് തുടങ്ങിയവരുണ്ട്.

ബോള്‍ ചെയ്യാന്‍ കൂടുതല്‍ താരങ്ങളുണ്ടായിരിക്കുക എന്നത് എപ്പോഴും ഗുണകരമാണ്. അത്തരത്തില്‍ നോക്കിയാല്‍ നമ്മുടെ ടീം ദുര്‍ബലര്‍ തന്നെയാണ്.” പഠാന്‍ വ്യക്തമാക്കി.

ഐപിഎല്ലിന്റെ തുടക്ക സീസണുകളില്‍ പതിവായി ബൗള്‍ ചെയ്തിരുന്ന താരമാണ് രോഹിത് ശര്‍മ. ഡെക്കാന്‍ ചാര്‍ജേഴ്‌സിനായി കളിക്കുമ്പോള്‍ 2009 സീസണില്‍ മുംബൈ ഇന്ത്യന്‍സിനെതിരേ ഹാട്രിക് സ്വന്തമാക്കാന്‍ വരെ താരത്തിനു കഴിഞ്ഞിട്ടുണ്ട്.

എന്നാല്‍ പിന്നീട് രോഹിത് ബൗളിംഗില്‍ നിന്ന് പിന്‍വാങ്ങുകയായിരുന്നു. ഇവര്‍ മൂവരും ബൗള്‍ ചെയ്യാത്തതു മൂലം ഇന്ത്യയ്ക്ക് പലപ്പോഴും അഞ്ചു ബൗളര്‍മാരെ മാത്രം ഉപയോഗിച്ച് കളിക്കേണ്ട സാഹചര്യവും ഉണ്ടായിട്ടുണ്ട്.

Related Articles

Back to top button