Cricket

ധോണിയെ ഒരു കാരണവശാലും ഇനി ചെന്നൈ നിലനിര്‍ത്തരുത്!! തുറന്നടിച്ച് ഇര്‍ഫാന്‍ പഠാന്‍

ഇതിഹാസ താരവും മുന്‍ നായകനുമായ എംഎസ് ധോണിയെ ഒരു കാരണവശാലും ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഇനിയും നിലനിര്‍ത്തരുതെന്ന് മുന്‍ താരം ഇര്‍ഫാന്‍ പഠാന്‍.

റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിനെതിരായ അവസാന മത്സരത്തിലെ പരാജയത്തോടെ ഐപിഎല്ലില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിംഗ്സ് ഈ സീസണില്‍ പ്ലേ ഓഫ് കാണാതെ പുറത്തായിരുന്നു. ഈ സാഹചര്യത്തിലാണ് ഇര്‍ഫാന്റെ നിര്‍ദ്ദേശം.

‘അടുത്ത സീസണില്‍ എം എസ് ധോണിയെ നിലനിര്‍ത്തണമെങ്കില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന് വലിയ വില കൊടുക്കേണ്ടി വരും. ദീര്‍ഘകാലത്തേക്കാണ് സിഎസ്‌കെ ചിന്തിക്കുന്നതെങ്കില്‍ അദ്ദേഹത്തെ നിലനിര്‍ത്തേണ്ടതില്ലെന്നാണ് എന്റെ അഭിപ്രായം’, ഇര്‍ഫാന്‍ പഠാന്‍ പറഞ്ഞു.

‘ഈ സീസണില്‍ ധോണി വളരെ കുറച്ചു പന്തുകള്‍ മാത്രമാണ് നേരിട്ടത്. ഇതുപോലെ ഇനിയുള്ള സീസണിലും മൂന്നോ നാലോ പന്തുകള്‍ മാത്രമാണ് നേരിടാന്‍ ആഗ്രഹിക്കുന്നെങ്കില്‍ ധോണിയെ നിലനിര്‍ത്താന്‍ സിഎസ്‌കെ തയ്യാറാവരുത്.

മൂന്നോ നാലോ ഓവറെങ്കിലും കളിക്കാന്‍ ധോണി തയ്യാറാകണം. ആരാധകര്‍ക്ക് വേണ്ടിയാണ് താന്‍ കളിക്കുന്നതെന്ന് ധോണി പറഞ്ഞിരുന്നു. എന്തായാലും അദ്ദേഹം അതുതന്നെ ചെയ്തു’, ഇര്‍ഫാന്‍ വ്യക്തമാക്കി.

പരിക്ക് അലട്ടുന്നുണ്ടെങ്കിലും സീസണില്‍ ചെന്നൈയ്ക്കായി മികച്ച പ്രകടനമാണ് ധോണി പുറത്തെടുത്തത്. സീസണിലെ 14 മത്സരങ്ങളില്‍ നിന്ന് 220.55 സ്ട്രൈക്ക് റേറ്റില്‍ 161 റണ്‍സാണ് 42കാരന്‍ ധോണി അടിച്ചുകൂട്ടിയത്.

റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരായ അവസാന മത്സരത്തില്‍ 13 പന്തില്‍ നിന്ന് 25 റണ്‍സ് അടിച്ചെങ്കിലും ടീമിനെ വിജയിപ്പിക്കാന്‍ താരത്തിനായില്ല.

അവസാന ഓവറിലെ ആദ്യ പന്തില്‍ സ്റ്റേഡിയത്തിനു പുറത്തേക്ക് സിക്‌സര്‍ പറത്തിയ ധോണി രണ്ടാമത്തെ പന്തില്‍ പുറത്താവുകയായിരുന്നു. മത്സരം 27 റണ്‍സിന് തോറ്റ ചെന്നൈ പ്ലേ ഓഫ് കാണാതെ പുറത്താവുകയും ചെയ്തു. ഐപിഎല്‍ ചരിത്രത്തില്‍ മൂന്നാമത്തെ തവണ മാത്രമാണ് ചെന്നൈ പ്ലേഓഫിലെത്താതെ പുറത്താവുന്നത്.

Related Articles

Back to top button