Cricket

നീ എന്നെ പഠിപ്പിക്കാന്‍ വരേണ്ട !! രോഹിത് ശര്‍മയുടെ പ്രതികരണത്തിന് മറുപടിയുമായി ഇന്‍സമാം

ഇന്ത്യന്‍ താരങ്ങള്‍ പന്തില്‍ കൃത്രിമം കാട്ടിയെന്ന് ആരോപണത്തിനെതിരേ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ കൃത്യമായ മറുപടി പറഞ്ഞിരുന്നു.

എന്നാല്‍ ഇപ്പോള്‍ രോഹിതിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് പാകിസ്ഥാന്‍ മുന്‍ ക്യാപ്റ്റന്‍ ഇന്‍സമാം ഉള്‍ ഹഖ്.

ഓസ്‌ട്രേലിയയ്‌ക്കെതിരെ റിവേഴ്‌സ് സ്വിംഗ് നേടുന്നതിനായി ടീം ഇന്ത്യ പന്തില്‍ കൃത്രിമം ചെയ്യുന്നതായായിരുന്നു ഇന്‍സമാമിന്റെ ആരോപണം.

15 ഓവര്‍ പഴക്കമുള്ള പന്ത് കൊണ്ട് റിവേഴ്സ് സ്വിംഗ് നേടാനാകില്ലെന്നാണ് ഇന്‍സമാം പറഞ്ഞത്. ഓസീസിനെതിരേ മൂന്ന് വിക്കറ്റ് വീഴ്ത്തിയ അര്‍ഷ്ദീപ് സിംഗിന്റെ ബോളിംഗിനെയാണ് അദ്ദേഹം സംശയത്തിന്റെ നിഴലിലാക്കിയത്.

”15 ഓവര്‍ പഴയ പന്തില്‍ റിസര്‍വ് സ്വിംഗ് നേടാനാവില്ല, പക്ഷേ അര്‍ഷ്ദീപ് സിംഗിന് അത് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. ഇന്ത്യന്‍ കളിക്കാര്‍ പന്തില്‍ ഗുരുതരമായ ചില ജോലികള്‍ ചെയ്തു. അമ്പയര്‍മാര്‍ കണ്ണുകള്‍ തുറക്കണം”പാകിസ്ഥാനിലെ ഒരു ടിവി ചാനലില്‍ അദ്ദേഹം പറഞ്ഞു.

ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ സെമി ഫൈനലിന്റെ തലേന്ന് ഇന്‍സമാമിന്റെ ആരോപണത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരിലൊരാള്‍ രോഹിതിനോട് ചോദിച്ചിരുന്നു. എന്നാല്‍ അദ്ദേഹം ഇന്‍സമാമിന്റെ ആരോപണങ്ങളെ പാടെ തള്ളുകയായിരുന്നു.


‘ചൂടുള്ള സാഹചര്യങ്ങളും വരണ്ട പിച്ചുകളും ബോളര്‍മാരെ റിവേഴ്സ് സ്വിംഗ് നേടാന്‍ സഹായിക്കുന്നു. ഞങ്ങള്‍ മാത്രമല്ല, എല്ലാ ടീമുകളും അത് നേടിയിട്ടുണ്ട്. മനസ്സ് തുറന്ന് നില്‍ക്കേണ്ടത് പ്രധാനമാണ്, ”രോഹിത് ശര്‍മ പറഞ്ഞു.

ഇപ്പോള്‍ രോഹിതിന്റെ ഈ പ്രതികരണത്തിനാണ് ഇന്‍സമാം മറുപടിയുമായെത്തിയിരിക്കുന്നത്.”ടീം ഇന്ത്യ എന്തെങ്കിലും കൃത്രിമം ചെയ്യുകയാണെന്ന് ഞാന്‍ പറഞ്ഞില്ല. അമ്പയര്‍മാരോട് കണ്ണ് തുറന്നിരിക്കാന്‍ ഞാന്‍ ആവശ്യപ്പെട്ടു.

അവരും മനസ്സ് തുറന്ന് നില്‍ക്കണമെന്ന് എനിക്ക് തോന്നുന്നു. റിവേഴ്സ് സ്വിംഗിനെക്കുറിച്ച് രോഹിത് ശര്‍മ്മ ഞങ്ങളെ പഠിപ്പിക്കേണ്ടതില്ല. ഞാന്‍ പറഞ്ഞത് ശരിയാണെന്ന് അദ്ദേഹം സമ്മതിച്ചിരിക്കുകയാണ്”ഇന്‍സമാം പറയുന്നു. ഇന്‍സമാമിന്റെ പ്രസ്താവനയെത്തുടര്‍ന്ന് അദ്ദേഹത്തിനെതിരേ ട്രോളുകളുടെ ബഹളമാണ്.

Related Articles

Back to top button