Cricket

യോ-യോ ടെസ്റ്റ് ഗോ ബാക്ക് !! ലോകകപ്പ് ജയിക്കാന്‍ ഇന്ത്യയെ സഹായിച്ചത് മെഡിക്കല്‍ ടീമിന്റെ പുത്തന്‍ അടവുകള്‍

ട്വന്റി20 ലോകകപ്പ് ക്യാമ്പെയ്‌നിടെ ഇന്ത്യന്‍ ടീമിലെ ഒരാള്‍ക്കു പോലും പരിക്ക് മൂലം പിന്മാറേണ്ടി വന്നില്ല എന്നത് ശ്രദ്ധേയമാണ്. ഇന്ത്യന്‍ ടീമിന്റെ പുതിയ ഫിറ്റ്‌നസ് സമ്പ്രദായമാണ് ഇതിനു സഹായകമായതെന്നാണ് വിലയിരുത്തല്‍.

ദേശീയ ക്രിക്കറ്റ് അക്കാദമി(എന്‍സിഎ) കഴിഞ്ഞ രണ്ട് വര്‍ഷമായി കേന്ദ്ര കരാറുള്ള ക്രിക്കറ്റ് താരങ്ങളുടെ ”സെലക്ഷന്‍ മാനദണ്ഡം” എന്ന നിലയില്‍ ഫിറ്റ്‌നസ് ടെസ്റ്റുകള്‍ ഒഴിവാക്കിയതായുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.

പകരം, ”ഇഞ്ചുറി പ്രിവന്റീവ് ടെസ്റ്റുകള്‍” എന്ന മാനദണ്ഡം ആണ് ഇപ്പോള്‍ ടീമില്‍ നടപ്പാക്കുന്നത്. രവി ശാസ്ത്രി-വിരാട് കോഹ്ലി കാലഘട്ടത്തിലാണ് പ്രധാന ഫിറ്റ്‌നസ് മാനദണ്ഡമായി യോ-യോ ടെസ്റ്റ് മാറിയത്.

ഇപ്പോള്‍ എന്‍സിഎയില്‍ നിന്നും പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം യോ-യോ ടെസ്റ്റും മറ്റ് അത്തരം പ്രോഗ്രാമുകളും അടങ്ങുന്ന ദേശീയ ഫിറ്റ്‌നസ് പരിശീലന മാനദണ്ഡം ഓരോ മൂന്ന്-നാല് മാസങ്ങള്‍ക്കിടയില്‍ ചെയ്യേണ്ടതാണ്.

പെര്‍ഫോമന്‍സ് ടെസ്റ്റിംഗ് ബാറ്ററി(ഓരോ ആറാഴ്ച കൂടുമ്പോഴും) പ്രിവന്‍ഷന്‍ ടെസ്റ്റിംഗ് ബാറ്ററി (ഓരോ രണ്ടാഴ്ച കൂടുമ്പോഴും) ചെയ്യണം. എന്നാല്‍ ഇവയെ ”ഫിറ്റ്നസ് അളവുകള്‍” ആയി മാത്രമേ കാണുന്നുള്ളൂ, പഴയതു പോലെ ”സെലക്ഷന്‍ മാനദണ്ഡം” അല്ലെന്നു സാരം.

”ഒരു കളിക്കാരന്‍ കേന്ദ്ര കരാറില്‍ ഏര്‍പ്പെട്ടുകഴിഞ്ഞാല്‍, അവന്‍ ആവശ്യമുള്ള ഫിറ്റ്നസില്‍ എത്തിയിരിക്കണം എന്നതാണ് ആശയം,” ബിസിസിഐ വൃത്തങ്ങള്‍ പറയുന്നു.

‘ കരാറിലെ കളിക്കാര്‍ NFTC ടെസ്റ്റുകള്‍ക്ക് വിധേയരാകുന്നത് യുക്തിരഹിതമാണ്. പരിക്കുകള്‍ ഉണ്ടാകുന്നതും തടയാനും പ്രകടനങ്ങള്‍ വര്‍ധിപ്പിക്കാനുമുള്ള കാര്യങ്ങള്‍ക്ക് ആണ് പ്രാധാന്യം നല്‍കുന്നത്.

പരിക്ക് തടയുന്നതിനുള്ള പരിശോധനകളില്‍ സ്‌ക്വാറ്റുകള്‍, വാക്കിംഗ് ലുങ്കുകള്‍, മെഡിസിന്‍ ബോള്‍ ത്രോകള്‍ എന്നിവ പോലുള്ള ലളിതമായ വ്യായാമങ്ങള്‍ ഉള്‍പ്പെടുന്നു.

കഴിഞ്ഞ രണ്ട് ഐസിസി ടൂര്‍ണമെന്റുകളില്‍ ഇന്ത്യയെ പരിക്ക് കാര്യമായി അലട്ടിയിരുന്നു. 2022 ട്വന്റി20 ലോകകപ്പില്‍ ജസ്പ്രീത് ബുംറയും 2023 ലോകകപ്പിന്റെ മധ്യത്തില്‍ ഹാര്‍ദിക് പാണ്ഡ്യയും പരിക്ക് മൂലം വലഞ്ഞിരുന്നു.

എന്നാല്‍ പുതിയ രീതി പരീക്ഷിച്ചതിനാല്‍ ഇത്തവണത്തെ ട്വന്റി20 ലോകകപ്പില്‍ ഇന്ത്യന്‍ താരങ്ങള്‍ക്കാര്‍ക്കും പരിക്കേറ്റില്ല.
പുതിയ പരീക്ഷണ രീതികള്‍ ഇന്ത്യക്ക് ഗുണം ചെയ്തു എന്നതിന് ഇതില്‍പരം ഉദാഹരണം വേണ്ടതില്ല.

Related Articles

Back to top button