Cricket

സൂപ്പര്‍ എട്ടിനൊരുങ്ങുന്ന അഫ്ഗാന്‍ ടീമിന് കനത്ത തിരിച്ചടി !! പരിക്കേറ്റ സൂപ്പര്‍താരം ലോകകപ്പില്‍ നിന്ന് പുറത്ത്

ട്വന്റി20 ലോകകപ്പിലെ സൂപ്പര്‍ എട്ട് മത്സരങ്ങള്‍ക്കൊരുങ്ങുന്ന അഫ്ഗാനിസ്ഥാന്‍ ടീമിന് കനത്ത തിരിച്ചടി. കൈവിരലിന് പരിക്കേറ്റ സ്റ്റാര്‍ സ്പിന്നര്‍ മുജീബ് ഉര്‍ റഹ്‌മാന്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായിരിക്കുകയാണ്.

ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു മത്സരത്തിലെ ഇറങ്ങിയുള്ളൂവെങ്കിലും 46 രാജ്യാന്തര ട്വന്റി 20 മത്സരങ്ങളുടെ പരിചയം താരത്തിനുണ്ട്. 6.35 ഇക്കോണമിയില്‍ 59 വിക്കറ്റുകളാണ് യുവതാരം ഇതുവരെ വീഴ്ത്തിയിട്ടുള്ളത്.

വാലറ്റത്ത് മികച്ച രീതിയില്‍ ബാറ്റ് ചെയ്യാനും കഴിവുള്ള മുജീബിന്റെ അഭാവം അഫ്ഗാന് വലിയ തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്.

മുജീബിന് പകരം ഇടംകൈയന്‍ ഓപ്പണിംഗ് ബാറ്റര്‍ ഹസ്രത്തുള്ള സസായിയെയാണ് സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ട്വന്റി20യില്‍ മികച്ച റെക്കോഡുള്ള താരമാണ് സസായി.

ഈ ലോകകപ്പില്‍ സി ഗ്രൂപ്പില്‍ കളിച്ച മൂന്ന് മത്സരങ്ങളും ജയിച്ച് പോയിന്റ് പട്ടികയില്‍ ഒന്നാമതാണ് അഫ്ഗാനിസ്ഥാന്‍.

ഉഗാണ്ടയെ 125 റണ്‍സ് തോല്‍പിച്ച് ലോകകപ്പ് പ്രയാണം തുടങ്ങിയ അഫ്ഗാന്‍ പിന്നാലെ ന്യൂസിലന്‍ഡിനെ 84 റണ്‍സിന് അട്ടിമറിച്ച് ഞെട്ടിച്ചിരുന്നു. മൂന്നാം മത്സരത്തില്‍ പാപുവ ന്യൂ ഗിനിയയെ 7 വിക്കറ്റിനും അഫ്ഗാന്‍ പരാജയപ്പെടുത്തി.

ജൂണ്‍ 17ന് നടക്കുന്ന അവസാന ഗ്രൂപ്പ് മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസാണ് അഫ്ഗാനിസ്ഥാന്റെ എതിരാളികള്‍.

പോയിന്റ് പട്ടികയില്‍ രണ്ടാമത് നില്‍ക്കുന്ന വിന്‍ഡീസിനും കളിച്ച മൂന്ന് മത്സരങ്ങളും ജയിച്ച് ആറ് പോയിന്റുണ്ട്. ഇതിനാല്‍ വെസ്റ്റ് ഇന്‍ഡീസ്-അഫ്ഗാന്‍ മത്സരം ഗ്രൂപ്പ് സിയിലെ ജേതാക്കളെ നിശ്ചയിക്കും.

നിലവില്‍ നെറ്റ് റണ്‍റേറ്റിന്റെ ആനുകൂല്യത്തിലാണ് അഫ്ഗാന്‍ തലപ്പത്ത് നില്‍ക്കുന്നത്. എന്നാല്‍ അഫ്ഗാന്‍ ഗ്രൂപ്പ് ചാമ്പ്യന്മാരായാലും മത്സരക്രമത്തില്‍ വ്യത്യാസം വരില്ല. സീഡിംഗ് സിസ്റ്റമാണ് ഇത്തവണ ടീമുകളെ തിരഞ്ഞെടുക്കുന്നതിന് ആധാരമായിരിക്കുന്നത്.

Related Articles

Back to top button