Cricket

16-ാം വയസില്‍ കാനഡയ്ക്കായി ലോകകപ്പില്‍ അരങ്ങേറി, 30-ാം അമേരിക്കയ്ക്കു വേണ്ടിയും !! ചരിത്രം സൃഷ്ടിച്ച് ഇന്ത്യന്‍ വംശജന്‍

ഈ ട്വന്റി ലോകകപ്പില്‍ അദ്ഭുത കുതിപ്പ് നടത്തുന്ന ടീമുകളിലൊന്നാണ് അമേരിക്ക. കളിച്ച രണ്ടു മത്സരങ്ങളും ജയിച്ച അവര്‍ ഗ്രൂപ്പ് എയില്‍ ഒന്നാമതാണ്.

പാക്കിസ്ഥാനെതിരേ നടത്തിയ അട്ടിമറി വിജയം രാജ്യത്തിന്റെ ക്രിക്കറ്റ് ചരിത്രത്തില്‍ തന്നെ തിളക്കമുള്ള ഒരു ഏടായി മാറിയിരിക്കുകയാണ്.

അമേരിക്കയുടെ ഈ അപ്രതീക്ഷിത മികവില്‍ പ്രധാന പങ്ക് വഹിച്ച താരമാണ് ഇന്ത്യന്‍ വംശജനായ നിതീഷ് കുമാര്‍. ട്വന്റി20 ലോകകപ്പ് ചരിത്രത്തില്‍ രണ്ട് രാജ്യത്തിന് വേണ്ടി കളിക്കുന്ന അപൂര്‍വം താരങ്ങളിലൊരാള്‍ കൂടിയാണ് നിതീഷ്.

പതിനാറാം വയസ്സിലാണ് നിതീഷ് ആദ്യമായി ലോകകപ്പ് കളിക്കുന്നത്. 2011ലെ ഏകദിന ലോകകപ്പില്‍ ആയിരുന്നു അത്. ലോകകപ്പ് കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരന്‍ എന്ന റെക്കോഡ് ഇപ്പോഴും നിതീഷ് കുമാറിന്റെ പേരിലാണ്.

ഏറ്റവും കുറഞ്ഞ പ്രായത്തില്‍ ലോകകപ്പ് കളിക്കുന്ന ആളായതിനാല്‍ ‘ തെണ്ടുല്‍ക്കര്‍’ എന്ന ഒരു ചെല്ലപ്പേരും താരത്തിനുണ്ട്. ഇപ്പോഴിതാ തന്റെ 30-ാം വയസില്‍ അമേരിക്കയ്ക്കു വേണ്ടിയും നിതീഷ് പാഡണിഞ്ഞിരിക്കുകയാണ്.

2009 മുതല്‍ 2013 വരെ കാനഡയില്‍ നിതീഷ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. 2015 മുതല്‍ 2017 വരെ യുകെയില്‍ എംസിസി യൂണിവേഴ്സിറ്റിക്ക് വേണ്ടിയും കളിച്ചു. കാനഡയ്ക്ക് വേണ്ടി 2010ലായിരുന്നു താരത്തിന്റെ അന്താരാഷ്ട്ര ക്രിക്കറ്റിലെ അരങ്ങേറ്റം.

16 ഏകദിനങ്ങളും 18 ടി20കളും കാനഡയ്ക്കായി കളിച്ചു. 2019ലാണ് കനേഡിയന്‍ ടീമിനായി അവസാനമായി പാഡണിഞ്ഞത്.

2024 ഏപ്രിലില്‍ അമേരിക്കയ്ക്ക് വേണ്ടി നിതീഷ് ആദ്യ ലോകകപ്പ് മത്സരത്തിനിറങ്ങിയപ്പോള്‍ തന്റെ മുന്‍ ടീമായ കാനഡയായിരുന്നു എതിരാളികള്‍ എന്നത് കൗതുകമായി.

മത്സരത്തില്‍ 64 റണ്‍സ് നേടിയ നിതീഷ് പ്ലെയര്‍ ഓഫ് ദ മാച്ച് പുരസ്‌കാരവും സ്വന്തമാക്കി. വെസ്റ്റിന്‍ഡീസിലെ പ്രാദേശിക ലിസ്റ്റ് എ ക്രിക്കറ്റിലും താരം കളിച്ചിട്ടുണ്ട്. 2016ലെ സിപിഎല്ലില്‍ സെന്റ് ലൂസിയ സൗക്ക്സിന് വേണ്ടിയും കളിച്ചു.

തന്റെ മാതാപിതാക്കളുടെ നാടായ ഇന്ത്യയ്‌ക്കെതിരേയാണ് നിതീഷിന്റെയും അമേരിക്കയുടെയും അടുത്ത മത്സരം. ജൂണ്‍ 12ന് നാസോ കൗണ്ടി ക്രിക്കറ്റ് സ്‌റ്റേഡിയത്തിലാണ് മത്സരം

Related Articles

Back to top button