Cricket

കളി മാറ്റിമറിച്ചത് രോഹിതിന്റെ ഒരൊറ്റ ബ്രില്യന്‍സ് നീക്കം; പാക് വീഴ്ചയുടെ തുടക്കം ഇവിടെനിന്ന്

ആവേശം അവസാന പന്തുവരെ നീണ്ട മല്‍സരത്തിനൊടുല്‍ ഇന്ത്യ പാക്കിസ്ഥാനെ 6 റണ്‍സിന് വീഴ്ത്തിയപ്പോള്‍ നിര്‍ണായകമായത് ബൗളര്‍മാരുടെ പ്രകടനം. ബാറ്റിംഗ് ഫ്‌ളോപ്പ് കൊണ്ട് പാക്കിസ്ഥാന്‍ മുന്‍തൂക്കം നേടിയെടുത്ത മല്‍സരമാണ് ബൗളര്‍മാരും രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയും തിരിച്ചുപിടിച്ചത്.

ബൗളര്‍മാരെ പോലെ തന്നെ പ്രശംസയര്‍ഹിക്കുന്ന നീക്കങ്ങളാണ് നായകന്‍ രോഹിത് പുറത്തെടുത്തത്. ആവശ്യമായ സമയങ്ങളില്‍ ബൗളര്‍മാരെ മാറിമാറി കൃത്യമായി പരീക്ഷിച്ച രോഹിതിന് പിഴച്ചില്ല. ഇന്ത്യയുടെ കൈയിലേക്ക് കളി എത്തിച്ചത് അത്തരത്തിലൊരു നീക്കമാണ്.

36 പന്തില്‍ 7 വിക്കറ്റ് ബാക്കിനില്‍ക്കേ വെറും 40 റണ്‍സ് ജയത്തിലേക്കുള്ള പാക്കിസ്ഥാന് മുന്നിലേക്ക് ആദ്യം ജസ്പ്രീത് ബുംറയെ ഇറക്കുന്നു രോഹിത്. ആദ്യ പന്തില്‍ തന്നെ ഇന്ത്യയ്ക്ക് തുടക്കം മുതല്‍ തലവേദന ആയിരുന്ന മുഹമ്മദ് റിസ്വാനെ തിരിച്ചയച്ചു ബുംറ. 44 പന്ത് നേരിട്ട് 31 റണ്‍സ് മാത്രമാണ് നേടിയതെങ്കിലും ഇത്രയും ചെറിയ ലക്ഷ്യം പിന്തുടരുമ്പോള്‍ റിസ്വാന്റെ ബാറ്റിംഗ് ഇന്ത്യയ്ക്ക് വലിയ വെല്ലുവിളിയായിരുന്നു.

ഒരുവശത്ത് വിക്കറ്റ് വീഴാതെ നിന്ന റിസ്വാനെ പുറത്താക്കിയതാണ് മല്‍സരത്തിലെ ആദ്യത്തെ ടേണിംഗ് പോയിന്റ്. ഇന്ത്യയ്ക്ക് ജയിക്കാമെന്ന തോന്നല്‍ ഉണ്ടാക്കിയത് വെറും മൂന്ന് റണ്‍സ് വിട്ടുകൊടുത്ത ഈ ഓവറായിരുന്നു. തൊട്ടടുത്ത ഓവറില്‍ ഏവരെയും ഞെട്ടിച്ച് അക്‌സര്‍ പട്ടേലിലേക്ക് രോഹിത് പന്തുനീട്ടി.

ഈ നീക്കമാണ് മല്‍സരത്തിലെ പ്രധാന വഴിത്തിരിവെന്ന് പറയാം. വെറും 2 റണ്‍സ് മാത്രമാണ് അക്‌സര്‍ ഈ ഓവറില്‍ കൊടുത്തത്. പ്രധാന ബൗളര്‍മാരുടെ ഓവറുകള്‍ അവസാനത്തേക്ക് ബാക്കിവയ്ക്കാന്‍ ഇതുവഴി രോഹിതിന് സാധിച്ചു. അക്‌സറിന്റെ ഓവറില്‍ കൂടുതല്‍ റണ്‍സ് പേയിരുന്നെങ്കില്‍ പാക്കിസ്ഥാന് ജയത്തിലേക്ക് അത് ഉപകരിച്ചേനെ.

24 പന്തില്‍ 35 റണ്‍സെന്ന അവസ്ഥയിലേക്ക് കളിയെ മാറ്റിയതും അക്‌സറിന്റെ ഓവറാണ്. മുഹമ്മദ് സിറാജും അര്‍ഷദീപ് സിംഗും പിന്നെ ജസ്പ്രീത് ബുംറയും ചേര്‍ന്ന് അവസാന മൂന്നോവറുകളില്‍ പാക്കിസ്ഥാനെ എറിഞ്ഞൊതുക്കിയതോടെ ന്യൂയോര്‍ക്കില്‍ ഇന്ത്യ ചിരിനിറഞ്ഞു.

ബാറ്റിംഗില്‍ അക്‌സര്‍ പട്ടേലിനെ നേരത്തെയിറക്കിയ തന്ത്രവും ഒരുകണക്കിന് ഉപകാരം ചെയ്തു. യുഎസ്എയ്‌ക്കെതിരായ മല്‍സരത്തില്‍ ഇടംകൈയന്‍മാര്‍ക്കെതിരേ പാക് പേസര്‍മാരുടെ മോശം ബൗളിംഗ് ആയിരിക്കാം ഇത്തരത്തിലൊരു നീക്കത്തിന് ഇന്ത്യന്‍ കോച്ച് രോഹിത് ശര്‍മയെ പ്രേരിപ്പിച്ചത്.

എന്തായാലും തുടക്കത്തില്‍ പാക് പേസര്‍മാരുടെ മുന്നില്‍ ഇന്ത്യയുടെ മധ്യനിര തകരാതിരിക്കാന്‍ ഈ നീക്കം ഉപകരിച്ചു. എങ്കിലും പെട്ടെന്നൊരു തകര്‍ച്ച വന്നപ്പോള്‍ കൂട്ടപ്പാലായനം പോലെ ബാറ്റര്‍മാര്‍ തിരികെ നടന്നത് അടുത്ത മല്‍സരങ്ങള്‍ക്കു മുമ്പ് ഇന്ത്യ തിരുത്തേണ്ടിവരും.

Related Articles

Back to top button