Cricket

എടാ മോനേ!! വിമര്‍ശകരുടെ വായടപ്പിക്കുന്ന ഓള്‍റൗണ്ട് പ്രകടനവുമായി ഹാര്‍ദിക് പാണ്ഡ്യ; ഇന്ത്യയ്ക്ക് വന്‍ വിജയം

ബംഗ്ലാദേശിനെതിരായ സന്നാഹമത്സരത്തില്‍ ഉജ്ജ്വല വിജയം നേടി ലോകകപ്പ് പ്രതീക്ഷകള്‍ സജീവമാക്കി ഇന്ത്യ. 62 റണ്‍സിനാണ് ഇന്ത്യ ബംഗ്ലാദേശിനെ തകര്‍ത്തെറിഞ്ഞത്.

നാസോ കൗണ്ടി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ടോസ് നേടി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.

നിശ്ചിത ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സാണ്് ഇന്ത്യ നേടിയത്. ബംഗ്ലാദേശിന്റെ മറുപടി ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 120ല്‍ ഒതുങ്ങിയതോടെ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ വിജയം സ്വന്തമായി.

രോഹിത് ശര്‍മയ്‌ക്കൊപ്പം മലയാളി താരം സഞ്ജു സാസണാണ് ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്തത്. എന്നാല്‍ സഞ്ജുവിന് അവസരം മുതലാക്കാനായില്ല.

രണ്ടാം ഓവറില്‍ തന്നെ സഞ്ജുവിനെ ഷൊറിഫുള്‍ ഇസ്ലാം വിക്കറ്റിന് മുന്നില്‍ കുടുങ്ങി. ഇക്കാര്യത്തില്‍ അംപയറുടെ തീരുമാനവും നിര്‍ണായകമായി.

ബോള്‍ ലെഗ് സ്റ്റംപിന് പുറത്തേക്ക് പോകുന്നതായിട്ടാണ് വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാകുന്നത്. സന്നാഹ മത്സരങ്ങള്‍ക്ക് റിവ്യൂ സംവിധാനം ഏര്‍പ്പെടുത്തിയിട്ടില്ലാത്തതും സഞ്ജുവിന് തിരിച്ചടിയായി.

പിന്നാലെയെത്തിയ റിഷഭ് പന്ത് മികച്ച ബാറ്റിംഗാണ് കാഴ്ചവച്ചത്. 32 പന്തില്‍ 53 റണ്‍സ് എടുത്ത റിഷഭ് പന്ത് റിട്ടയേര്‍ഡ് ഔട്ടായി. ഇതിനിടയ്ക്ക് രോഹിത് ശര്‍മ(23) പുറത്തായെങ്കിലും പിന്നീട് വന്ന സൂര്യകുമാര്‍ യാദവ് 18 പന്തില്‍ 31 റണ്‍സുമായി മികച്ച പ്രകടനം പുറത്തെടുത്തു.

പിന്നീട് വന്ന ശിവം ദുബെയ്ക്ക് 16 പന്തില്‍ 14 റണ്‍സ് മാത്രമെടുക്കാനേ കഴിഞ്ഞുള്ളൂ. എന്നാല്‍ അവസാന ഓവറുകളില്‍ വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്ത ഹാര്‍ദിക് പാണ്ഡ്യ(23 പന്തില്‍ 40) ഇന്ത്യയുടെ സ്‌കോര്‍ 182ല്‍ എത്തിക്കുകയായിരുന്നു. രവീന്ദ്ര ജഡേജ നാലു റണ്‍സുമായി പുറത്താവാതെ നിന്നു.

മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിന് പത്തു റണ്‍സ് എടുക്കുന്നതിനിടയില്‍ മൂന്നു വിക്കറ്റ് നഷ്ടമായി. 41 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ അഞ്ചാമത്തെ വിക്കറ്റും വീണു.

40 റണ്‍സെടുത്ത വെറ്ററന്‍ താരം മഹമ്മദുള്ളയാണ് അവരുടെ ടോപ് സ്‌കോറര്‍. ഷക്കീബ് അല്‍ ഹസന്‍(28), തന്‍സിദ് ഹസന്‍(17), തൗഹിദ് ഹൃദോയ്(13) എന്നിവരാണ് മഹമ്മദുള്ളയെ കൂടാതെ രണ്ടക്കം കണ്ടവര്‍.

ഇന്ത്യക്ക് വേണ്ടി ശിവം ദുബെ, അര്‍ഷ്ദീപ് സിംഗ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതവും നേടി.

ജൂണ്‍ അഞ്ചിനാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഇതേ സ്‌റ്റേഡിയത്തില്‍ അയര്‍ലന്‍ഡാണ് എതിരാളി.

ജൂണ്‍ ഒമ്പതിനാണ് ഏവരും കാത്തിരിക്കുന്ന ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടം. 12ന് അമേരിക്കയെയും 15ന് കാനഡയെയും ടീം ഇന്ത്യ നേരിടും.

Related Articles

Back to top button