Cricket

പതിനേഴു വര്‍ഷം പഴക്കമുള്ള സ്വന്തം റെക്കോഡ് തകര്‍ത്ത് ഇന്ത്യ !! ഇത് പുതിയ ചരിത്രം

ട്വന്റി20 ലോകകപ്പില്‍ സൂപ്പര്‍ എട്ടില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ബംഗ്ലാദേശിനെതിരേ ഇന്ത്യ 50 റണ്‍സിന്റെ വിജയം നേടിയിരുന്നു.

സര്‍ വിവിയന്‍ റിച്ചാര്‍ഡ്സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ബംഗ്ലാദേശ് ഇന്ത്യയെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സ് നേടിയപ്പോള്‍ ബംഗ്ലാദേശിന്റെ മറുപടി എട്ട് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.

27 പന്തില്‍ പുറത്താവാതെ 50 റണ്‍സ് നേടിയ ഹര്‍ദിക് പാണ്ഡ്യയുടെ ഇന്നിങ്സിന്റെ കരുത്തിലാണ് ഇന്ത്യ മികച്ച ടോട്ടലിലേക്ക് മുന്നേറിയത്. നാല് ഫോറുകളും മൂന്ന് സിക്സുമാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്.

വിരാട് കോഹ്ലി 28 പന്തില്‍ 37 റണ്‍സും റിഷബ് പന്ത് 24 പന്തില്‍ 36 റണ്‍സും ശിവം ദുബെ 24 പന്തില്‍ 34 റണ്‍സും നേടി നിര്‍ണായകമായി.

മത്സരത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ 13 സിക്സുകള്‍ ആണ് പറത്തിയത്. നായകന്‍ രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ് എന്നിവര്‍ ഓരോ സിക്‌സറുകള്‍ വീതം നേടിയപ്പോള്‍ റിഷഭ് പന്ത് രണ്ടു സിക്‌സ് നേടി.

കോഹ്ലി, ദുബെ, ഹര്‍ദിക് എന്നിവര്‍ മൂന്ന് സിക്സുകള്‍ വീതവും നേടി. ഇതോടൊപ്പം ഇന്ത്യ ഏറ്റവുമധികം സിക്‌സുകള്‍ നേടുന്ന ട്വന്റി20 ലോകകപ്പ് മത്സരം എന്ന ബഹുമതിയും ഈ മത്സരത്തിനു സ്വന്തമായി.

2007ല്‍ ഇംഗ്ലണ്ടിനെതിരെ നേടിയ 11 സിക്സുകളുടെ റെക്കോഡാണ് ഇന്ത്യ ബംഗ്ലാദേശിനെതിരേ പുതുക്കിയത്.

അതേസമയം മൂന്നു വിക്കറ്റെടുത്ത കുല്‍ദീപ് യാദവിന്റെയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ ജസ്പ്രീത് ബുംറയുടെയും അര്‍ഷ്ദീപ് സിംഗിന്റെയും ബൗളിംഗിന്റെ പിന്‍ബലത്തിലാണ് ഇന്ത്യ ബംഗ്ലാദേശിനെ എറിഞ്ഞിട്ടത്.

32 പന്തില്‍ 40 റണ്‍സ് നേടിയ ക്യാപ്റ്റന്‍ നജുമുല്‍ ഹുസൈന്‍ ഷാന്റോയാണ് ബംഗ്ലാദേശ് നിരയിലെ ടോപ് സ്‌കോറര്‍.

നാളെ സൂപ്പര്‍ 8ലെ അവസാന മത്സരത്തില്‍ ഓസ്ട്രേലിയയാണ് രോഹിത് ശര്‍മയും സംഘവും നേരിടുക. മറുഭാഗത്ത് ജൂണ്‍ 25 നടത്തുന്ന മത്സരത്തില്‍ അഫ്ഗാനിസ്ഥാനാണ് ബംഗ്ലാദേശിന്റെ എതിരാളികള്‍.

ഇന്ന് അഫ്ഗാനിസ്ഥാനോട് തോറ്റതോടെ ഓസ്‌ട്രേലിയയുടെ സെമിഫൈനല്‍ പ്രതീക്ഷകള്‍ക്ക് വലിയ തിരിച്ചടിയേറ്റിരിക്കുകയാണ് നാളത്തെ മത്സരത്തില്‍ ഇന്ത്യയോടു ജയിച്ചാല്‍ മാത്രമേ അവര്‍ക്ക് സെമി ഉറപ്പിക്കാനാവൂ.

ബംഗ്ലാദേശുമായുള്ള മത്സരം വിജയിക്കുകയും ഇന്ത്യ ഓസ്‌ട്രേലിയയെ തോല്‍പ്പിക്കുകയും ചെയ്താല്‍ അഫ്ഗാനിസ്ഥാനും സെമിയില്‍ കടക്കാം.

ഇന്ത്യ ജയിക്കുകയും അഫ്ഗാനിസ്ഥാനെതിരേ പടുകൂറ്റന്‍ വിജയം നേടുകയും ചെയ്താല്‍ ബംഗ്ലാദേശിനും സാധ്യതയുണ്ട്.

അതേ സമയം ഇന്ത്യ ഓസ്‌ട്രേലിയയോട് വലിയ തോല്‍വി ഏറ്റുവാങ്ങുകയും അഫ്ഗാന്‍ ബംഗ്ലാദേശിനെതിരേ വിജയിക്കുകയും ചെയ്താല്‍ ഇന്ത്യ പുറത്താവുമെന്ന സ്ഥിതിയുമുണ്ട്.

Related Articles

Back to top button